---
title: "#Kannur |  'അസമയമെന്ന സമയമില്ല': കണ്ണൂരിൽ മിഡ്നൈറ് യൂണിറ്റി റൺ "
english_title: "Midnight Unity Run in Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/182038/midnight-unity-run-in-kannur"
published_at: "2024-02-04T13:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bf483776ac2_IMG-20240204-WA0011.jpg"
keywords: []
---

# #Kannur |  'അസമയമെന്ന സമയമില്ല': കണ്ണൂരിൽ മിഡ്നൈറ് യൂണിറ്റി റൺ 

> **Lead Summary:** **കണ്ണൂർ: **അസമയമെന്ന സമയമില്ലെന്ന പ്രഖ്യാപനവും ഐക്യത്തിനായുള്ള സന്ദേശവും ഉയർത്തിപ്പിടിച്ച് കണ്ണൂരിൽ മിഡ്നൈറ്റ് റൺ സംഘടിപ്പിച്ചു. ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും കേന്ദ്ര ടൂറിസം മന്ത്രാലയം കൊച്ചി ഓഫീസിന്റെയും സഹകരത്തോടെയാണ് മിഡ്നൈറ് യൂണിറ്റി റണ്ണിന്റെ നാലാം എഡിഷന്‍ നടത്തിയത്. 

## Article Content

**കണ്ണൂർ: **അസമയമെന്ന സമയമില്ലെന്ന പ്രഖ്യാപനവും ഐക്യത്തിനായുള്ള സന്ദേശവും ഉയർത്തിപ്പിടിച്ച് കണ്ണൂരിൽ മിഡ്നൈറ്റ് റൺ സംഘടിപ്പിച്ചു. ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും കേന്ദ്ര ടൂറിസം മന്ത്രാലയം കൊച്ചി ഓഫീസിന്റെയും സഹകരത്തോടെയാണ് മിഡ്നൈറ് യൂണിറ്റി റണ്ണിന്റെ നാലാം എഡിഷന്‍ നടത്തിയത്. 

ലോക സര്‍വ മത സൗഹാര്‍ദ്ദ വാരാഘോഷത്തോടനുബന്ധിച്ചായിരുന്നു ഏഴ് കിലോമീറ്റര്‍ ഓട്ടം. കലക്ടറേറ്റിൽ നിന്ന് ആരംഭിച്ച റൺ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഫ്ലാഗ് ഓഫ് ചെയ്തു. കെ.വി. സുമേഷ് എം.എൽ.എ, മേയർ മുസ്ലിഹ് മഠത്തിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ, ജില്ലാ കലക്ടർ അരുൺ.കെ.വിജയൻ, അസി. കലക്ടർ അനൂപ് ഗാർഗ്, സബ് കലക്ടർ സന്ദീപ് കുമാർ, സിറ്റി പൊലീസ് കമ്മിഷണർ അജിത് കുമാർ, റൂറൽ എസ്.പി എം. ഹേമലത, ഡി.എഫ്.ഒ കാർത്തിക്, ആർജെ സൂരജ് എന്നിവർ പങ്കെടുത്തു.

അഞ്ച് പേരടങ്ങുന്ന ഏഴ് വിഭാഗങ്ങളിലായാണ് മത്സരം. വനിതാ ടീം, പുരുഷ ടീം, വനിതാ-പുരുഷ ടീം, യൂണിഫോം സര്‍വീസ് ടീം, സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികളുടെ ടീം, മുതിര്‍ന്ന പൗരന്‍മാരുടെ ടീം, സര്‍ക്കാര്‍ ജീവനക്കാരുടെ ടീം എന്നിങ്ങനെയാണ് മത്സരം. മത്സരത്തില്‍ പങ്കാളികളായ എല്ലാവര്‍ക്കും ജെഴ്‌സി, റിസ്റ്റ് ബാന്റ് എന്നിവ സംഘാടക സമിതി നല്‍കി. മെഡല്‍, സര്‍ട്ടിഫിക്കറ്റ്, യൂനിറ്റി റണ്‍ പോസ്റ്റ് കാര്‍ഡ് എന്നിവയും എല്ലാവര്‍ക്കും സമ്മാനിച്ചു. 

രാത്രി 9.30ന് കണ്ണൂര്‍ എസ്എന്‍ കോളേജ് ടീമിന്റെ ബാന്റ് വാദ്യത്തോടെയാണ് പരിപാടി ആരംഭിച്ചത്. കലക്ടറേറ്റില്‍ നിന്ന് തുടങ്ങി താവക്കര, ഫോര്‍ട്ട് റോഡ്, പ്രഭാത് ജംഗ്ഷന്‍, സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ റോഡ്, പയ്യാമ്പലം ഗസ്റ്റ് ഹൗസ്, പാത്ത് വേ, ശ്രീ നാരായണ പാര്‍ക്ക്, മുനീശ്വരന്‍ കോവില്‍, പഴയ ബസ്റ്റാന്റ്, ടൗണ്‍ സ്‌ക്വയര്‍, താലൂക്ക് ഓഫീസ് വഴി കലക്ടറേറ്റിൽ റൺ സമാപിച്ചു. വിജയികൾക്ക് ചിരട്ട കൊണ്ട് നിർമിച്ച പരിസ്ഥിതി സൗഹൃദ മെഡലുകളാണ് സമ്മാനിച്ചത്. 

ഓരോ കിലോ മീറ്ററുകളിലും ഫിനിഷിങ് പോയിന്റുകളിൽ വിവിധ കോളേജുകളുടെ നേതൃത്വത്തിൽ അലങ്കരിച്ചിരിന്നു. ഇതിൽ ചാലയിലെ ചിന്മയ വനിത കോളജിന് ഒന്നാംസ്ഥാനം ലഭിച്ചു. ഗസ്റ്റ് ഹൗസ്, പഴയ ബസ് സ്റ്റാന്റ് എന്നിവിടങ്ങളിൽ സെൽഫി പോയിന്റുകളും ക്രമീകരിച്ചിരുന്നു. ഏഴ് കാറ്റഗറികളിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയവർക്ക് 10000, 5000, 2500 രൂപ വീതവും, പ്രോത്സാഹനമായി 500 രൂപ വീതം അഞ്ചു ടീമുകൾക്കും വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/182038/midnight-unity-run-in-kannur)