---
title: "#kurumathoor | വീടിനൊപ്പം ഉപജീവനം ഉറപ്പാക്കുക ലൈഫിന്റെ ലക്ഷ്യം; മന്ത്രി വി ശിവന്‍കുട്ടി"
english_title: "kurumathoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/183441/kurumathoor"
published_at: "2024-02-10T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c748b60762d_Screenshot_2024-02-10_152742.png"
keywords: []
---

# #kurumathoor | വീടിനൊപ്പം ഉപജീവനം ഉറപ്പാക്കുക ലൈഫിന്റെ ലക്ഷ്യം; മന്ത്രി വി ശിവന്‍കുട്ടി

> **Lead Summary:** **കുറുമാത്തൂര്‍: ** വീട് പണിത് നല്‍കുക മാത്രമല്ല ഗുണഭോക്താക്കള്‍ക്ക് സ്വന്തമായി ഉപജീവനം കണ്ടെത്തുന്നതും സാമൂഹിക ക്ഷേമ പദ്ധതികളുടെ പ്രയോജനം ലഭ്യമാക്കുന്നതും കൂടി ലക്ഷ്യമാക്കുന്നതാണ് ലൈഫ് മിഷന്‍ 'പദ്ധതിയെന്ന് പൊതു വിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 125 കുടുംബങ്ങള്‍ക്ക് നിര്‍മിച്ചു നല്‍കിയ വീടുകളുടെ താക്കോല്‍ കൈമാറ്റം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**കുറുമാത്തൂര്‍: ** വീട് പണിത് നല്‍കുക മാത്രമല്ല ഗുണഭോക്താക്കള്‍ക്ക് സ്വന്തമായി ഉപജീവനം കണ്ടെത്തുന്നതും സാമൂഹിക ക്ഷേമ പദ്ധതികളുടെ പ്രയോജനം ലഭ്യമാക്കുന്നതും കൂടി ലക്ഷ്യമാക്കുന്നതാണ് ലൈഫ് മിഷന്‍ 'പദ്ധതിയെന്ന് പൊതു വിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 125 കുടുംബങ്ങള്‍ക്ക് നിര്‍മിച്ചു നല്‍കിയ വീടുകളുടെ താക്കോല്‍ കൈമാറ്റം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2025 മാര്‍ച്ചോടെ സംസ്ഥാനത്ത് അഞ്ച് ലക്ഷം വീടുകള്‍ നിര്‍മ്മിച്ചു നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ലൈഫ് പദ്ധതിയിലൂടെ ഇതുവരെ 3,45,473 വീടുകള്‍ നിര്‍മ്മിച്ചു നല്‍കി. അഞ്ച് ലക്ഷം വീടുകളുടെ പൂര്‍ത്തീകരണത്തിനായി ഈ വര്‍ഷത്തെ ബജറ്റില്‍ 1132 കോടി രൂപയാണ് നീക്കിവെച്ചത്. വീടില്ലാത്തവന് സുരക്ഷിതമായ വീട് ഒരുക്കുന്നതിന് സര്‍ക്കാര്‍ എത്രത്തോളം പ്രാധാന്യം നല്‍കുന്നു എന്നത് ഇതിലൂടെ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്തില്‍ 244 പേരാണ് ലൈഫ് പട്ടികയില്‍ ഉള്‍പ്പെട്ടത്. ഇതില്‍ കരാര്‍ ഒപ്പിട്ട 184 പേരില്‍ നിന്നും 125 പേര്‍ക്കാണ് ഇപ്പോള്‍ വീട് നിര്‍മിച്ചു നല്‍കിയത്. ബാക്കി 59 വീടുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. ത്രിതല പഞ്ചായത്തുകളുടെ 1.72 കോടി രൂപ, സംസ്ഥാന സര്‍ക്കാരിന്റെ 1.70 കോടി രൂപ, ഹഡ്‌കോ വായ്പ വഴി 2.45 കോടി രൂപയടക്കം 5.93 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്തില്‍ ഇതുവരെ ലൈഫിന്റെ വിവിധ ഘട്ടങ്ങളിലായി 270 വീടുകളാണ് പൂര്‍ത്തിയാക്കിയത്. പനക്കാട് ഗവ. എല്‍ പി സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണന്‍, ലൈഫ് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം പി വിനോദ് കുമാര്‍, തളിപ്പറമ്പ് എഇഒ കെ മനോജ് എന്നിവര്‍ മുഖ്യാതിഥികളായി.

പൊതുമരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സി സവിത, കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് വിഇഒ പി കെ ചിത്ര എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കോണ്‍ട്രാക്ടര്‍ കെ സിദ്ധീഖ്, വിഇഒ എന്നിവര്‍ക്കുള്ള ഉപഹാരം ചടങ്ങില്‍ മന്ത്രി നല്‍കി. കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി എം സീന, വൈസ് പ്രസിഡണ്ട്, പാച്ചേനി രാജീവന്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. കെ കെ രത്നകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി പി ഷനോജ് മാസ്റ്റര്‍, സി എം സവിത, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ടി മോഹനന്‍, ടി പി പ്രസന്ന ടീച്ചര്‍, പി ലക്ഷ്മണന്‍, സി അനിത, അംഗം പി പി കാഞ്ചന, കുടുംബശ്രീ സി ഡി എസ് ചെയര്‍പേഴ്സണ്‍ എന്‍ റീജ, മുന്‍ പ്രസിഡണ്ട് ഐ വി നാരായണന്‍, സെക്രട്ടറി കെ വിനോദ് കുമാര്‍, പനക്കാട് ഗവ എല്‍ പി സ്‌കൂള്‍ പ്രധാനാധ്യാപിക എം ആശലത, പിടിഎ പ്രസിഡണ്ട് സി സന്തോഷ്, കെ കൃഷ്ണന്‍, പി കെ സരസ്വതി, എ ബാലകൃഷ്ണന്‍, കെ ഷൗക്കത്തലി, എ പി നാരായണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/183441/kurumathoor)