---
title: "വെളിച്ചക്കുറവ്: ആനയെ ഇന്നു മയക്കുവെടി വയ്ക്കില്ല"
english_title: "Elephant "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/183480/elephant"
published_at: "2024-02-10T18:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c779c7508ef_n5820462641707571554290945bccc0a01058732b2d1da8a7caa3a06603c8312b0dee566456b45cd2acd820.jpg"
keywords: []
---

# വെളിച്ചക്കുറവ്: ആനയെ ഇന്നു മയക്കുവെടി വയ്ക്കില്ല

> **Lead Summary:** **മാനന്തവാടി: **വയനാട് മാനന്തവാടിയില്‍ അജീഷ് എന്ന യുവാവിനെ കൊലപ്പെടുത്തി‌യ ബേലൂര്‍ മാഗ്ന‌യെ ഇന്നു മയക്കുവെടി വയ്ക്കില്ല. വെളിച്ചക്കുറവ് മൂലം ആനയെ ഇന്നു മയക്കുവെടി വയ്ക്കില്ലെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. ആനയെ പിടിക്കാനുള്ള ദൗത്യത്തിനായി വിക്രം, ഭരത്, സൂര്യ, സുരേന്ദ്രൻ എന്നീ കുങ്കിയാനകളെ എത്തിക്കും. ഭരതും സൂര്യയും കുടുവാ ദ്വീപിലെത്തി. 

## Article Content

**മാനന്തവാടി: **വയനാട് മാനന്തവാടിയില്‍ അജീഷ് എന്ന യുവാവിനെ കൊലപ്പെടുത്തി‌യ ബേലൂര്‍ മാഗ്ന‌യെ ഇന്നു മയക്കുവെടി വയ്ക്കില്ല. വെളിച്ചക്കുറവ് മൂലം ആനയെ ഇന്നു മയക്കുവെടി വയ്ക്കില്ലെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. ആനയെ പിടിക്കാനുള്ള ദൗത്യത്തിനായി വിക്രം, ഭരത്, സൂര്യ, സുരേന്ദ്രൻ എന്നീ കുങ്കിയാനകളെ എത്തിക്കും. ഭരതും സൂര്യയും കുടുവാ ദ്വീപിലെത്തി. 

ചാലിഗദ്ദയില്‍നിന്നു റേഡിയോ കോളർ സിഗ്നല്‍ കിട്ടിത്തുടങ്ങിയെന്നും വനംവകുപ്പിന്‍റെ ആന്‍റിനയുടെ 150 മീറ്റർ പരിധിയില്‍ ആനയുണ്ടെന്നും യുവാവിനെ ആക്രമിച്ച സ്ഥലത്തിനു സമീപമാണ് ആന നിലവിലുള്ളതെന്നും വനം വകുപ്പ് അധികൃതർ പറഞ്ഞു. ആനയെ നിരീക്ഷിക്കാനായി സ്ഥലത്ത് കൂടുതല്‍ വനവകുപ്പ് ജീവനക്കാരെയും നിയോഗിച്ചു.

കര്‍ണാടകയില്‍നിന്ന് പിടികൂടി വനത്തില്‍ വിട്ട മോഴയാനയാണ് രാവിലെ മാനന്തവാടിയില്‍ എത്തിയത്. ഹാസന്‍ ഫോറസ്റ്റ് ഡിവിഷനിലെ ബേലൂരില്‍ സ്ഥിരമായി വിളകള്‍ നശിപ്പിക്കുകയും ജനവാസമേഖലകളില്‍ ആക്രമണം നടത്തുകയും ചെയ്തതോടെ 2023 ഒക്‌ടോബര്‍ 30നാണ് കര്‍ണാടക വനംവകുപ്പ് ബേലൂര്‍ മാഗ്നയെ മയക്കുവെടിവച്ച്‌ പിടികൂടിയത്.

തുടർന്ന് റേഡിയോ കോളര്‍ ഘടിപ്പിച്ച ശേഷം കേരള അതിര്‍ത്തിക്കു സമീപത്തുള്ള മൂലഹള്ളി വനമേഖലയില്‍ തുറന്നുവിടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/183480/elephant)