---
title: "കൂൺകൃഷിയിലൂടെ പഠനത്തിനുള്ള വരുമാനം കണ്ടെത്തുകയാണ് യദു കൃഷ്ണനും, സി.അശ്വനിയും നീതുവും "
english_title: " mushroom cultivation"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/18405/mushroom-cultivation"
published_at: "2021-12-30T14:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cd7774aa2e9_Screenshot_2021-12-30-14-40-03-67_7352322957d4404136654ef4adb64504.jpg"
keywords: []
---

# കൂൺകൃഷിയിലൂടെ പഠനത്തിനുള്ള വരുമാനം കണ്ടെത്തുകയാണ് യദു കൃഷ്ണനും, സി.അശ്വനിയും നീതുവും 

> **Lead Summary:** **കൂൺകൃഷിയിലൂടെ പഠനത്തിനുള്ള വരുമാനം കണ്ടെത്തുകയാണ് മാങ്ങാട്ടിടം കണ്ടേരിയിലെ യദു കൃഷ്ണനും, സി.അശ്വനിയും. അയൽവാസിയായ നീതുവുമായിച്ചേർന്നാണ് മൂവരും കൂൺകൃഷിയിൽ വിജയഗാഥ രചിക്കുന്നത്.**

## Article Content

**കൂൺകൃഷിയിലൂടെ പഠനത്തിനുള്ള വരുമാനം കണ്ടെത്തുകയാണ് മാങ്ങാട്ടിടം കണ്ടേരിയിലെ യദു കൃഷ്ണനും, സി.അശ്വനിയും. അയൽവാസിയായ നീതുവുമായിച്ചേർന്നാണ് മൂവരും കൂൺകൃഷിയിൽ വിജയഗാഥ രചിക്കുന്നത്.**

കൂത്തുപറമ്പ് ഗവ:ഹയർ സെക്കൻ്ററി സ്ക്കൂളിൽ പ്ലസ്ടു വിദ്യാർത്ഥിയായ യദുകൃഷ്ണയും, ബന്ധുവും കമ്പ്യൂട്ടർ വിദ്യാർത്ഥിനിയുമായ സി.അശ്വനിയും പoന ചിലവ് കണ്ടെത്തുന്നതിന് വേണ്ടിയാണ് കൂൺകൃഷിക്കിറങ്ങിയത്. അയൽവാസിയായ നീതുവും കൂടി കൃഷിക്കിറങ്ങിയതോടെ നൂറ് മേനി വിളവാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. മാങ്ങാട്ടിടം കൂൺ ഗ്രാമമായി പ്രഖ്യാപിക്കുന്നതിൻ്റെ ഭാഗമായാണ് മൂന്ന് പേർക്കും പരിശീലനം ലഭിച്ചത്. തുടർന്ന് കണ്ടേരിയിലെ പഴയ തറവാട് വീട്ടിൽ കൂൺകൃഷി ആരംഭിക്കുകയായിരുന്നു. നല്ല വിളവാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നാണ് മൂവരും പറയുന്നത്. സാധാരണ നിലയിൽ വിളവെടുപ്പിന് 15 ദിവസം വരെയാണ് വേണ്ടി വരിക. എന്നാൽ മികച്ച പരിചരണത്തിലൂടെ 9 ദിവസം കൊണ്ട് തന്നെ വിളവെടുക്കാൻ സാധിക്കുന്നുണ്ടെന്നാണ് ഇവർ പറയുന്നത്. ദിവസേന അരക്കിലോവിനും ഒരു കിലോവിനും ഇടയിലാണ് കൂൺ ലഭിക്കുന്നത്. നിലവിൽ 500 രൂപ വരെയാണ് കിലോവിന് വില. ഉപഭോക്താക്കളേറെയും പ്രദേശവാസികൾ തന്നെയാണ്. അധികമായി വരുന്നത് കൃഷിഭവനോടനുബന്ധിച്ചുള്ള വിൽപ്പന സ്റ്റാളിലും നൽകും.

മാങ്ങാട്ടിടം കൃഷിഭവനിലൂടെയാണ് ആവശ്യമായ വിത്തും പരിചരണവും ലഭിച്ചു കൊണ്ടിരിക്കുന്നത്. കൂൺകൃഷിയുടെ വിളവെടുപ്പ് കഴിഞ്ഞ ദിവസം നടന്നു. കൂത്തുപറമ്പ് ബ്ളോക്ക് പഞ്ചായത്ത് അംഗം പി.കെ.ബഷീർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്റ്റാൻ്റിങ്ങ് കമ്മറ്റി അംഗം എ ഷീന അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ എം സൗമ്യ പദ്ധതി വിശദീകരിച്ചു. കൃഷി അസിസ്റ്റൻ്റ് ആർ.സന്തോഷ് കുമാർ, സി. മിനി, ശ്രീഷ്മ തുടങ്ങിയവർ സംബന്ധിച്ചു. കൂണിന് ആവശ്യക്കാർ കൂടി വരുന്ന സാഹചര്യത്തിൽ കൃഷി വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് മൂവർ സംഘം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/18405/mushroom-cultivation)