---
title: "#Andalurkav  | അണ്ടലൂർക്കാവ് ഉത്സവം നാളെ തുടങ്ങും "
english_title: "Andalurkav festival starts tomorrow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/184191/andalurkav-festival-starts-tomorrow"
published_at: "2024-02-13T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cb3a7ccd9ca_IMG-20240213-WA0037.jpg"
keywords: []
---

# #Andalurkav  | അണ്ടലൂർക്കാവ് ഉത്സവം നാളെ തുടങ്ങും 

> **Lead Summary:** ** ധർമടം: **അണ്ടലൂർക്കാവിൽ ഉത്സവം ബുധനാഴ്ച തുടങ്ങും. രാവിലെ നടക്കുന്ന തേങ്ങതാക്കൽ ചടങ്ങോടെ ഉത്സവത്തിന് തുടക്കമാകും. ഉത്സവത്തെ വരവേൽക്കാൻ ധർമടം ഗ്രാമവും പരിസര പ്രദേശങ്ങളും ഒരുങ്ങി.

## Article Content

** ധർമടം: **അണ്ടലൂർക്കാവിൽ ഉത്സവം ബുധനാഴ്ച തുടങ്ങും. രാവിലെ നടക്കുന്ന തേങ്ങതാക്കൽ ചടങ്ങോടെ ഉത്സവത്തിന് തുടക്കമാകും. ഉത്സവത്തെ വരവേൽക്കാൻ ധർമടം ഗ്രാമവും പരിസര പ്രദേശങ്ങളും ഒരുങ്ങി.

15-ന് ഉച്ചക്ക് 12-ന് വെള്ളൂരില്ലത്ത് ആചാര്യ തന്ത്രിയുടെ തന്ത്രികർമം, നാലിന് കലശപൂജ. രാത്രി എട്ടിന് പാണ്ട്യഞ്ചേരി പടിക്കൽ പോകലും മൂത്തകൂർ പെരുവണ്ണാനെ കൂട്ടിക്കൊണ്ടുവരലും. തുടർന്ന് ചക്ക കൊത്തൽ, തിരുവായുധം കടയൽ, ചക്ക എഴുന്നള്ളത്ത്, ചക്ക നിവേദ്യം എന്നിവ നടക്കും.

16-ന് രാവിലെ ഒൻപതിന് കൊടിയേറ്റം. രാത്രി 11-ന് മേലൂർ മണലിൽ നിന്ന് കുടവരവ്. പ്രധാന ആരാധന മൂർത്തിയായ ദൈവത്താറിന്റെ എഴുന്നള്ളത്തിന് ഉപയോഗിക്കുന്ന ഓലക്കുട ക്ഷേത്ര പരിസരത്ത് എത്തുന്നതോടെ മേലൂർ ദേശവാസികളുടെ വകയായി കരിമരുന്ന് പ്രയോഗം നടക്കും.

17-ന് പുലർച്ചെ അഞ്ച് മുതൽ വിവിധ തെയ്യങ്ങൾ. അതിരാളവും മക്കളും (സീതയും ലവകുശൻമാരും), ഇളങ്കരുവൻ, പൂതാടി, നാഗകണ്ഠൻ, നാഗ ഭഗവതി, മലക്കാരി, പൊൻമകൻ, പുതുചേകോൻ, വേട്ടക്കൊരുമകൻ, ബപ്പൂരൻ തുടങ്ങിയ തെയ്യങ്ങൾ കെട്ടിയാടും. ഉച്ചയ്ക്ക് 12-ന് ക്ഷേത്ര മുറ്റത്ത് ബാലി-സുഗ്രീവ യുദ്ധം. വൈകിട്ട് മെയ്യാലുകൂടൽ. തുടർന്ന് സൂര്യാസ്തമയത്തോട് കൂടി പ്രധാന ആരാധനാ മൂർത്തിയായ ദൈവത്താറും (ശ്രീരാമൻ), സഹചാരികളായ അങ്കക്കാരനും (ലക്ഷ്മണൻ), ബപ്പൂരനും (ഹനുമാൻ) തിരുമുടി അണിയും.

രാത്രി താഴെക്കാവിലേക്ക് എഴുന്നള്ളത്ത് നടക്കും. താഴെക്കാവിൽ രാമായണത്തിലെ വിവിധ സന്ദർഭങ്ങളെ ആസ്പദമാക്കിയുള്ള തെയ്യാട്ടം നടക്കും. 20 വരെ തെയ്യാട്ടങ്ങൾ ആവർത്തിക്കും. 21-ന് പുലർച്ചെ തിരുവാഭരണം അറയിൽ സൂക്ഷിക്കുന്ന ചടങ്ങോടെ ഉത്സവം സമാപിക്കും. പ്രധാന ഉത്സവദിനങ്ങളിൽ ധർമടം, പാലയാട്, അണ്ടലൂർ ദേശക്കാരുടെയും ക്ഷേത്ര കമ്മിറ്റിയുടെയും വക കരിമരുന്ന് പ്രയോഗം നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/184191/andalurkav-festival-starts-tomorrow)