---
title: "#cherupuzha | കാത്തിരിപ്പിന് വിരാമം; കോഴിച്ചാൽ ഐ.എച്ച്.ഡി.പി കോളനിക്കാർക്ക് പുതിയ പാലം "
english_title: "New bridge for Kozhichal IHDP colonists"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/184400/new-bridge-for-kozhichal-ihdp-colonists"
published_at: "2024-02-14T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cc61ab02b5e_WhatsApp_Image_2024-02-14_at_11.54.29_AM.jpeg"
keywords: []
---

# #cherupuzha | കാത്തിരിപ്പിന് വിരാമം; കോഴിച്ചാൽ ഐ.എച്ച്.ഡി.പി കോളനിക്കാർക്ക് പുതിയ പാലം 

> **Lead Summary:** **കണ്ണൂർ:** ചെറുപുഴ പഞ്ചായത്തിലെ കോഴിച്ചാൽ ഐ.എച്ച്.ഡി.പി കോളനിക്കാർക്ക് പുതിയ പാലം എത്തുന്നു. തേജസ്വിനിപ്പുഴയുടെ കോഴിച്ചാൽ ഭാഗത്ത് പാലം പണിതാണ് കോളനിയിലേക്ക് ഗതാഗത സൗകര്യം ഒരുക്കുന്നത്. അഞ്ച് കോടി രൂപ ചിലവിലാണ് പാലം നിർമ്മാണം. ഇതിൻ്റെ നിർമാണ ഉദ്ഘാടനം 20ന് 4 മണിക്ക് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവ്വഹിക്കും.

## Article Content

**കണ്ണൂർ:** ചെറുപുഴ പഞ്ചായത്തിലെ കോഴിച്ചാൽ ഐ.എച്ച്.ഡി.പി കോളനിക്കാർക്ക് പുതിയ പാലം എത്തുന്നു. തേജസ്വിനിപ്പുഴയുടെ കോഴിച്ചാൽ ഭാഗത്ത് പാലം പണിതാണ് കോളനിയിലേക്ക് ഗതാഗത സൗകര്യം ഒരുക്കുന്നത്. അഞ്ച് കോടി രൂപ ചിലവിലാണ് പാലം നിർമ്മാണം. ഇതിൻ്റെ നിർമാണ ഉദ്ഘാടനം 20ന് 4 മണിക്ക് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവ്വഹിക്കും.

ഇപ്പോൾ നടപ്പാലത്തിലൂടെയാണ് പ്രദേശവാസികൾ യാത്ര ചെയ്യുന്നത്. എന്നാൽ മഴക്കാലമായാൽ പുഴയിൽ വൻതോതിൽ ജലനിരപ്പ് ഉയരും. ഇതോടെ പ്രായമായവർക്കും കുട്ടികൾക്കും പുറത്തുപോകാൻ പറ്റാത്ത സ്ഥിതിയാണ്. രോഗികളെ കസേരയിൽ ചുമന്നു പുഴ കടത്തി വേണം ആശുപത്രിയിൽ എത്തിക്കാൻ. ഇക്കാര്യം കോളനി നിവാസികൾ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്നാണ് പുതിയ പാലം അനുവദിച്ചത്.

കഴിഞ്ഞ തവണ ഉണ്ടായ പ്രളയത്തിൽ കോഴിച്ചാൽ ഐ.എച്ച്.ഡി.പി കോളനിയിലെ ആറ് കുടുംബങ്ങൾ പുഴയുടെ തുരുത്തിൽ കുടുങ്ങിയിരുന്നു. ഇവരെ പെരിങ്ങോത്ത് നിന്നെത്തിയ അഗ്നിശമന സേനയാണ് രക്ഷപ്പെടുത്തിയത്. രക്ഷാപ്രവർത്തനം നടത്താനുള്ള സാമഗ്രികൾ സേനാംഗങ്ങൾ ചുമന്നാണ് പുഴ കടത്തിയത്. ഇതുമൂലം രക്ഷാപ്രവർത്തനത്തിനു ഏറെ കാലതാമസമുണ്ടായി. ഈ പ്രശനങ്ങൾക്ക് എല്ലാ പരിഹാരമായെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് കെ.എഫ്. അലക്സാണ്ടർ പറഞ്ഞു.

അങ്കണവാടി, സാംസ്കാരിക നിലയം എന്നിവ കോളനിയിൽ പ്രവർത്തിക്കുന്നുണ്ട്. കോളനിയിലെ താമസക്കാർക്ക് പഞ്ചായത്ത് വീട് അനുവദിച്ചിരുന്നു. എന്നാൽ നിർമാണ സാമഗ്രികൾ എത്തിക്കാനുള്ള ബുദ്ധിമുട്ടുമൂലം പലരും വീടുകൾ ഉപേക്ഷിക്കുകയായിരുന്നു. ഒരു വശത്ത് കലിതുള്ളി ഒഴുകുന്ന തേജസ്വിനിപ്പുഴയും മറുഭാഗത്ത് കാട്ടാനകൾ ഉൾപ്പെടെയുളള വന്യമ്യഗങ്ങളുടെ വിഹാരകേന്ദ്രമായ കർണാടക വനവുമാണ്. വർഷങ്ങളായുള്ള സ്വപ്നം യാഥാർത്ഥ്യമാകുന്ന സന്തോഷത്തിലാണ് ഇവിടുത്തെ നാട്ടുകാർ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/184400/new-bridge-for-kozhichal-ihdp-colonists)