---
title: "മൈക്രോഫിനാന്‍സ് കേസ്: വി.എസിന്‍റെ മകന്‍ അരുണ്‍കുമാര്‍ കോടതിയില്‍"
english_title: "Microfinance case "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/184517/microfinance-case"
published_at: "2024-02-14T19:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ccc2bd2b339_n58316720817079179132092ca802b77bfe2389bc1b9a609bbf9035f838a962cf5bb0a44edda0353911f1f0.jpg"
keywords: []
---

# മൈക്രോഫിനാന്‍സ് കേസ്: വി.എസിന്‍റെ മകന്‍ അരുണ്‍കുമാര്‍ കോടതിയില്‍

> **Lead Summary:** **കോഴിക്കോട്:** വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോഫിനാന്‍സ് കേസില്‍ മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍റെ മകന്‍ വി.എ. അരുണ്‍കുമാര്‍ കോടതിയില്‍ ഹാജരായി. കോഴിക്കോട് വിജിലന്‍സ് കോടതിയിലാണ് അരുണ്‍ കുമാറെത്തിയത്. 

## Article Content

**കോഴിക്കോട്:** വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോഫിനാന്‍സ് കേസില്‍ മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍റെ മകന്‍ വി.എ. അരുണ്‍കുമാര്‍ കോടതിയില്‍ ഹാജരായി. കോഴിക്കോട് വിജിലന്‍സ് കോടതിയിലാണ് അരുണ്‍ കുമാറെത്തിയത്. 

വി.എസിനു ഹാജരാകാന്‍ സാധിക്കാത്ത ആരോഗ്യസ്ഥിതിയാണെന്നും അരുണ്‍ കോടതിയെ ബോധിപ്പിച്ചു. വെള്ളാപ്പള്ളിക്കെതിരായ അഞ്ച് കേസുകള്‍ അവസാനിപ്പിക്കാമെന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കേസ് അവസാനിപ്പിക്കുന്നതില്‍ ആക്ഷേപം ഉണ്ടെങ്കില്‍ അറിയിക്കണമെന്നു കാണിച്ച്‌ കോടതി അച്യുതാനന്ദനു നോട്ടീസ് അയച്ചിരുന്നു.

ഇതേത്തുടര്‍ന്നാണ് വി.എസിനു പകരം മകന്‍ അരുണ്‍ ഹാജരായത്. എന്നാല്‍ റിപ്പോര്‍ട്ടിന്‍മേല്‍ ആക്ഷേപമുണ്ടോയെന്ന കാര്യത്തില്‍ നിലപാട് അറിയിച്ചിട്ടില്ലെന്നും അരുണ്‍ വ്യക്തമാക്കി. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമേ തീരുമാനം എടുക്കുകയുള്ളൂവെന്നും നിലവില്‍ വി.എസ്. അതിനു സാധിക്കുന്ന ആരോഗ്യാവസ്ഥയില്‍ അല്ലെന്നും അരുണ്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

അച്യുതാനന്ദൻ നല്‍കിയ പരാതിയില്‍ വെള്ളാപ്പള്ളിയെ ഒന്നാംപ്രതിയാക്കി എടുത്ത കേസിലാണ് വിജിലൻസ് വെള്ളാപ്പള്ളിക്ക് അനുകൂലമായ റിപ്പോർട്ട് നല്‍കിയത്. എസ്‌എൻഡിപി യൂണിയൻ ശാഖകള്‍ വഴി നടത്തിയ മൈക്രോ ഫിനാൻസ് തട്ടിപ്പില്‍ 15 കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നുവെന്നായിരുന്നു വി.എസിന്‍റെ പരാതി. 

പിന്നാക്കക്ഷേമ കോർപറേഷനില്‍നിന്നെടുത്ത വായ്പ വലിയ പലിശനിരക്കില്‍ താഴേക്കു നല്‍കി തട്ടിപ്പ് നടത്തിയെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പ്രാഥമിക അന്വേഷണം നടത്തി ക്രമക്കേട് കണ്ടെത്തിയ വിജിലൻസ് വെള്ളാപ്പള്ളിയെ ഒന്നാംപ്രതിയാക്കി കേസെടുക്കുകയായിരുന്നു.

സംസ്ഥാനത്തുടനീളം 124 കേസുകളാണു വിജിലൻസ് അന്വേഷിച്ചത്. മൈക്രോ ഫിനാൻസ് വായ്പകളായി നല്‍കിയ പണം സർക്കാരിലേക്കു തിരികെ അടച്ചുവെന്നും താഴേത്തട്ടിലേക്കു പണം നല്‍കിയതില്‍ ക്രമക്കേട് കണ്ടെത്താനായിട്ടില്ലെന്നുമാണു വിജിലൻസിന്‍റെ ഇപ്പോഴത്തെ കണ്ടെത്തല്‍.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/184517/microfinance-case)