---
title: "എസ് ഡി പി ഐ ജന മുന്നേറ്റ യാത്ര ഇന്ന്  കണ്ണൂരിൽ"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/184581/kannur"
published_at: "2024-02-15T06:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cd5c0c176a9_Screenshot_20240215-055812_WhatsApp.jpg"
keywords: []
---

# എസ് ഡി പി ഐ ജന മുന്നേറ്റ യാത്ര ഇന്ന്  കണ്ണൂരിൽ

> **Lead Summary:** **കണ്ണൂർ** : രാജ്യത്തിന്റെ വീണ്ടെടുപ്പിന് എന്ന പ്രമേയത്തിൽ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി വിവിധ മുദ്രാവാക്യങ്ങൾ ഉയർത്തി ഫെബ്രുവരി 14 മുതൽ മാർച്ച് 01 വരെ കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് ജനമുന്നേറ്റ യാത്ര നടത്തുകയാണ്.

## Article Content

**കണ്ണൂർ** : രാജ്യത്തിന്റെ വീണ്ടെടുപ്പിന് എന്ന പ്രമേയത്തിൽ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി വിവിധ മുദ്രാവാക്യങ്ങൾ ഉയർത്തി ഫെബ്രുവരി 14 മുതൽ മാർച്ച് 01 വരെ കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് ജനമുന്നേറ്റ യാത്ര നടത്തുകയാണ്.

ജാഥയുടെ ഉദ്ഘാടനം ഫെബ്രുവരി 14ന് കാസർകോട് നടന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന് പള്ളിക്കൽ, ജനറൽ സെക്രട്ടറി റോയ് അറയ്ക്കൽ എന്നിവരാണ് ജനമുന്നേറ്റ യാത്രയുടെ വൈസ് ക്യാപ്റ്റന്മാർ. ഭരണഘടന സംരക്ഷിക്കുക, ജാതി സെൻസസ് നടപ്പിലാക്കുക, പൗരാവകാശ വിരുദ്ധ നിയമങ്ങൾ പിൻവലിക്കുക, ഫെഡറലിസം കാത്ത് സൂക്ഷിക്കുക, തൊഴിലില്ലായ്മ പരിഹരിക്കുക, കർഷക ദ്രോഹ നയങ്ങൾ തിരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്.

കണ്ണൂർ ജില്ലയിൽ ജനമുന്നേറ്റ യാത്രയുടെ സ്വീകരണ പരിപാടി ഒരുക്കിയിരിക്കുന്നത് ഇന്നാണ്. അന്നേ ദിവസം മൂന്നുമണിക്ക് പഴയങ്ങാടിയിൽ നിന്ന് നിരവധി വാഹന റാലിയുടെ അകമ്പടിയോടെ ജാഥ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റന്മാരെയും തുറന്ന വാഹനത്തിൽ ആനയിക്കും. മാട്ടൂൽ, മടക്കര , ഇരിണാവ് പുതിയതെരു വഴി കണ്ണൂരിൽ പ്രഭാത് ജങ്ഷനിൽ വാഹനറാലി സമാപിക്കും.

പ്രഭാത് ജങ്ഷനിൽ നിന്ന് ജാഥ ക്യാപ്റ്റനെയും അംഗങ്ങളെയും ദഫ്, കോൽക്കളി, കൈമുട്ടിപ്പാട്ട്, നാസിക് ഡോൾ തുടങ്ങിയ വാദ്യോപകരങ്ങളുടെ അകമ്പടിയോടെ ബഹുജനറാലിയായി പൊതുസമ്മേളന നഗരിയായ സ്റ്റേഡിയം കോർണറിലേക്ക് ആനയിക്കും. തുടർന്ന് വൈകിട്ട് 6.30ന് നടക്കുന്ന പൊതുസമ്മേളനം എസ്.ഡി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി അബ്ദുൽ മജീദ് ഫൈസി ഉദ്ഘാടനം ചെയ്യും. വൈസ് ക്യാപ്റ്റൻ തുളസീധരൻ പള്ളിക്കൽ ജാഥാ സന്ദേശം നൽകും.

ജന മുന്നേറ്റ യാത്രയുടെ വിജയത്തിനായി മണ്ഡലംതലത്തിൽ വാഹന പ്രചരണ ജാഥ, കുടുംബ സംഗമം, ലഘുലേഖ വിതരണം, ഗൃഹ സമ്പർക്കം, യൂത്ത് മീറ്റ്, ചായമക്കാനി, പെനാൽട്ടി ഷൂട്ടൗട്ട്, മുട്ടിപ്പാട്ട് തുടങ്ങി വിവിധ പരിപാടികൾ നടന്നു വരികയാണ്. ജനമുന്നേറ്റ യാത്ര വൻവിജയമാക്കാൻ ബഹജനങ്ങളുടെ പിന്തുണ അഭ്യർത്ഥിക്കുന്നു. വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡൻറ് എ.സി ജലാലുദ്ദീൻ, ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ്, ജില്ലാ വൈസ് പ്രസിഡൻറ് എ ഫൈസൽ, ജില്ലാ സെക്രട്ടറി ശംസുദ്ധീൻ മൗലവി തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/184581/kannur)