---
title: "സംസ്ഥാനത്ത് വികസന രംഗത്ത് നടക്കുന്നത് അത്ഭുതകരമായ പരിവർത്തനം: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി"
english_title: "Thiruvananthapuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/184970/thiruvananthapuram"
published_at: "2024-02-16T12:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cf088ea9c24_Screenshot_20240216-122759_WhatsApp.jpg"
keywords: []
---

# സംസ്ഥാനത്ത് വികസന രംഗത്ത് നടക്കുന്നത് അത്ഭുതകരമായ പരിവർത്തനം: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

> **Lead Summary:** **തിരുവനന്തപുരം**: സംസ്ഥാനത്തെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വികസനരംഗത്ത് നടക്കുന്നത് അത്ഭുതകരമായ പരിവർത്തനമെന്ന് രജിസ്‌ട്രേഷന്‍-പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി.

## Article Content

**തിരുവനന്തപുരം**: സംസ്ഥാനത്തെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വികസനരംഗത്ത് നടക്കുന്നത് അത്ഭുതകരമായ പരിവർത്തനമെന്ന് രജിസ്‌ട്രേഷന്‍-പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി.

പിണറായി ഗ്രാമപഞ്ചായത്ത് ആയുഷ് പ്രൈമറി ഹെൽത്ത്‌ സെന്റർ ഹോമിയോപ്പതിയുടെ കെട്ടിടോത്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.സർവ്വമേഖലകളിലുള്ള വികസന പ്രവർത്തനങ്ങളുടെ തെളിവാണ് കേരളത്തെ തേടിയെത്തുന്ന ദേശീയ,അന്തർ ദേശീയ അംഗീകാരങ്ങൾ. പറയുന്ന കാര്യങ്ങൾ നടപ്പിലാക്കാനുള്ള ആർജ്ജവമുളള മുഖ്യമന്ത്രി ഉള്ളത് കൊണ്ടാണ് ഇത്തരം മുന്നേറ്റങ്ങൾ നമുക്ക് സാധ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാറപ്രത്ത് പഞ്ചായത്തിന്റെ കൈവശമുള്ള 10 സെന്റ് ഭൂമിയിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 22 ലക്ഷം രൂപ ചെലവഴിച്ചാണ് ഹോമിയോ ഡിസ്‌പെൻസറി കെട്ടിടം നിർമ്മിച്ചത്.പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നും ഇലക്ട്രിസിറ്റി, ഫർണിച്ചറുകൾ, വാട്ടർ കണക്ഷൻ തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കുന്നതിനായി 8,90,000രൂപയുടെ പ്രവർത്തിയും ഇവിടെ പൂർത്തീകരിച്ചിട്ടുണ്ട്.കൺസൾട്ടിങ് മുറി, രോഗികൾക്കായുള്ള കാത്തിരിപ്പ് മുറി,ഫാർമസി, സ്റ്റോർ റൂം, ഫീഡിംഗ് റൂം തുടങ്ങിയ വിശാലമായ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.

ചടങ്ങിൽ മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ മുഖ്യതിഥിയായി. പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ രാജീവൻ അധ്യക്ഷത വഹിച്ചു.അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ദിലീപ് റിപ്പോർട്ട് അവതരിപ്പിച്ചു.പിണറായി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി. വി. വേണുവഗോപാൽ , പി. പ്രമീള,കെ. ഹംസ,ഗ്രാമപഞ്ചായത്തംഗങ്ങളായ കെ. വിമല,കെ. പ്രവീണ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/184970/thiruvananthapuram)