---
title: "#Peringom | പെരിങ്ങോം മടക്കാംപൊയിൽ ധര്‍മ്മശാസ്താ ക്ഷേത്രം പ്രതിഷ്ഠാ മഹോത്സവം "
english_title: "Dharmashasta Temple Pratishtha Mahotsavam at Peringom"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/185037/dharmashasta-temple-pratishtha-mahotsavam-at-peringom"
published_at: "2024-02-16T16:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cf467111ee9_Screenshot_2024-02-16-14-54-26-93_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #Peringom | പെരിങ്ങോം മടക്കാംപൊയിൽ ധര്‍മ്മശാസ്താ ക്ഷേത്രം പ്രതിഷ്ഠാ മഹോത്സവം 

> **Lead Summary:** **പെരിങ്ങോം**: പെരിങ്ങോം മടക്കാംപൊയിലില്‍ നിര്‍മാണം പൂര്‍ത്തികരിച്ച ധര്‍മ്മശാസ്താ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ മഹോത്സവം ഫെബ്രുവരി 17മുതല്‍ 21 വരെ വിവിധ പൂജാദികര്‍മങ്ങളോടെ നടക്കും. ക്ഷേത്രം തന്ത്രി ചെറുവള്ളിയില്ലത്ത് കേശവന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തിലാണ് പ്രതിഷ്ഠാ ചടങ്ങുകള്‍ നടക്കുന്നത്.

## Article Content

**പെരിങ്ങോം**: പെരിങ്ങോം മടക്കാംപൊയിലില്‍ നിര്‍മാണം പൂര്‍ത്തികരിച്ച ധര്‍മ്മശാസ്താ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ മഹോത്സവം ഫെബ്രുവരി 17മുതല്‍ 21 വരെ വിവിധ പൂജാദികര്‍മങ്ങളോടെ നടക്കും. ക്ഷേത്രം തന്ത്രി ചെറുവള്ളിയില്ലത്ത് കേശവന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തിലാണ് പ്രതിഷ്ഠാ ചടങ്ങുകള്‍ നടക്കുന്നത്.

1990കളില്‍ ഒരു ഭജനമഠമായി തുടക്കം കുറിച്ച ആരാധനാലയമാണ് പൂര്‍ണമായും കരിങ്കല്ലില്‍ പണികഴിപ്പിച്ച ക്ഷേത്രമായി പ്രതിഷ്ഠാ മഹോത്സവത്തിന് ഒരുങ്ങുന്നത്. വാസ്തുശാസ്ത്ര കുലപതി എരിപുരം ജനാര്‍ദ്ദനന്‍ മേലാചാരി സ്ഥാനപതിയായും രമേശ് കാര്‍ക്കള മുഖ്യശില്പിയായും നേതൃത്വം നല്‍കി പണിതീര്‍ത്തതാണ് ക്ഷേത്രം. സി.പി. രാജീവന്‍ രക്ഷാധികാരിയായും എം.പി. അജയന്‍ പ്രസിഡന്റ്, എം.പി. സന്തോഷ് സെക്രട്ടറി, എം.എന്‍. ജിനേഷ് ട്രഷറര്‍ എന്നിവരടങ്ങിയ ഭരണസമിതിയും ടി.കെ. പ്രകാശ് പ്രസിഡന്റും പി.എസ്. വിനീഷ് സെക്രട്ടറിയും എന്‍.ജി. ഷൈലു ട്രഷററുമായുള്ള ആഘോഷ കമ്മിറ്റിയും ചേര്‍ന്നാണ് പ്രതിഷ്ഠാ മഹോത്സവത്തിന് നേതൃത്വം നല്‍കുന്നത്.

ഫെബ്രുവരി 17ന് ശനിയാഴ്ച വൈകീട്ട് 3.30ന് അരവഞ്ചാല്‍ ഭഗവതിക്കാവ് ഭജനമന്ദിരത്തില്‍ നിന്നും ആരംഭിക്കുന്ന വിഗ്രഹങ്ങളുടെ എഴുന്നള്ളത്ത് കുപ്പോള്‍ കാവിന്റെ അടുത്ത് എത്തിയ ശേഷം കലവറ നിറയ്ക്കലും വിഗ്രഹ എഴുന്നള്ളത്തും ഒന്നായി ക്ഷേത്ര സന്നിധിയിലേക്ക് എത്തും. വൈകീട്ട് 6ന് ആചാര്യ വരണം. തുടര്‍ന്ന് മടക്കാംപൊയില്‍ ശ്രീധര്‍മ്മശാസ്താ വാദ്യകലാസംഘം കുട്ടികളുടെ വാദ്യമേളം നടക്കും. ക്ഷേത്രത്തിന്റെ തുടര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ധനസമാഹരണത്തിനുള്ള സമ്മാന പദ്ധതിയുടെ ഉദ്ഘാടനം ആലക്കോട് തമ്പുരാന്‍ അജിത് വര്‍മ നിര്‍വഹിക്കും.

ഫെബ്രുവരി 21 ന് ബുധനാഴ്ച ഉച്ചയ്ക്ക് 12.21 നും 1.42 നും മധ്യേയുള്ള ശുഭമുഹൂര്‍ത്തത്തില്‍ ധര്‍മ്മശാസ്താവിന്റെ ബിംബപ്രതിഷ്ഠയും ബാലഗണപതിയുടെ പ്രതിഷ്ഠയും നടക്കും. ഉത്സവദിവസങ്ങളില്‍ എല്ലാദിവസവും അന്നദാനവും ഉണ്ടാകും. വിവിധ ദിവസങ്ങളിലായി സാംസ്‌കാരിക സമ്മേളനം, മെഗാതിരുവാതിര, കൈകൊട്ടിക്കളി, ആദരസമ്മേളനം, അക്ഷരശ്ലോകസദസ്, നൃത്താവിഷ്‌കാരം, ട്രാക്ക് ഗാനമേള എന്നിവയും നടക്കും. പെരിങ്ങോം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/185037/dharmashasta-temple-pratishtha-mahotsavam-at-peringom)