---
title: "ആറളം ഫാമിലെ കൃഷിയിടത്തിൽ തമ്പടിച്ച ആനക്കൂട്ടത്തെ തിങ്കളാഴ്ച തുരത്തും : പുനരധിവാസ മേഘലയിലടക്കം ജാഗ്രതാ നിർദേശം "
english_title: "Aralam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/185354/aralam"
published_at: "2024-02-17T19:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d0b529b9517_Screenshot_20240217-183935_WhatsApp.jpg"
keywords: []
---

# ആറളം ഫാമിലെ കൃഷിയിടത്തിൽ തമ്പടിച്ച ആനക്കൂട്ടത്തെ തിങ്കളാഴ്ച തുരത്തും : പുനരധിവാസ മേഘലയിലടക്കം ജാഗ്രതാ നിർദേശം 

> **Lead Summary:** **ആറളം** : ഏഷ്യയിലെ ഏറ്റവും വലിയ കാർഷിക ഫാമായിരുന്ന ആറളം ഫാം ജീവികൾ ഇറങ്ങി കൃഷി നശിപ്പിച്ചതോടെ ഇന്ന് വരുമാനം ഇല്ലാതെ നാശത്തിന്റെ വക്കിലാണ് . പ്രതിസന്ധികളിൽ നിന്നും ഫാമിനെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കി തുടങ്ങിയിരിക്കുകയാണ് . ആദ്യഘട്ടമായി ഫാമിന്റെ കൃഷി സ്ഥലങ്ങൾ സോളാർ വേലികൾ തീർത്ത് സംരക്ഷിക്കുന്ന ജോലികൾ പൂർത്തിയാക്കുകയാണ് .

## Article Content

**ആറളം** : ഏഷ്യയിലെ ഏറ്റവും വലിയ കാർഷിക ഫാമായിരുന്ന ആറളം ഫാം ജീവികൾ ഇറങ്ങി കൃഷി നശിപ്പിച്ചതോടെ ഇന്ന് വരുമാനം ഇല്ലാതെ നാശത്തിന്റെ വക്കിലാണ് . പ്രതിസന്ധികളിൽ നിന്നും ഫാമിനെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കി തുടങ്ങിയിരിക്കുകയാണ് . ആദ്യഘട്ടമായി ഫാമിന്റെ കൃഷി സ്ഥലങ്ങൾ സോളാർ വേലികൾ തീർത്ത് സംരക്ഷിക്കുന്ന ജോലികൾ പൂർത്തിയാക്കുകയാണ് .

ഇതിന്റെ ഭാഗമായി ആറു ലക്ഷം രൂപ ചിലവിൽ ആറളം ഫാമിലെ നാല് കിലോമീറ്റർ നീളത്തിൽ വൈദ്യുതി വേലി നിർമ്മാണം പൂർത്തീകരിച്ചു. തുടർന്ന് ഒന്ന് ,രണ്ട് ,നാല് ബ്ലോക്കുകളിൽ നിലയുറപ്പിച്ചിരിക്കുന്ന ആനക്കൂട്ടത്തെ കാട്ടിലേക്ക് തുരത്താനുള്ള നടപടികൾ ആണ് തിങ്കളാഴ്ച ഫാം അധികൃതർ സ്വീകരിക്കുന്നത് . കശുവണ്ടിയുടെ വിളവെടുപ്പ് കാലമായതിനാൽ ആനകളെ കൃഷിയിടങ്ങളിൽ നിന്നും തുരത്തി വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ആണ് അടിയന്തരമായി പ്രവർത്തി പൂർത്തീകരിച്ചത്. ഫാമിലേക്കുള്ള റോഡുകൾ അടച്ചിടും .

തിങ്കളാഴ്ച  രാവിലെ ഒമ്പതുമണിയോടെ അതീവ ശ്രമകരമായ ദൗത്യം ആരംഭിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത് . ഒരു ദിവസം കൊണ്ടുതന്നെ ദൗത്യം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത് . ഒന്ന് , രണ്ട് , നാല് ബ്ലോക്കുകളിൽ നിന്നും ആനയെ തുരത്തി അഞ്ച് , മൂന്ന് , ആറ് ബ്ലോക്കിലൂടെ വനത്തിൽ എത്തിക്കുകയാണ് പദ്ധതിയുടെ ലക്‌ഷ്യം . സുരക്ഷയുടെ ഭാഗമായി ഫാമിലേക്കുള്ള റോഡുകൾ തിങ്കളാഴ്ച അടച്ചിട്ട ശേഷം ആയിരിക്കും ആനയെ തുരത്തുന്ന നടപടികൾ ആരംഭിക്കുക . അധികൃതരുടെ കണക്ക് പ്രകാരം 42 ആനകളാണ് ഫാമിലെ കൃഷി സ്ഥലത്ത് തമ്പടിച്ചിരിക്കുന്നത് . എങ്കിലും ഇതിൽ കൂടുതൽ ആനകൾ ഫാമിനുള്ളിൽ ഉള്ളതായി ആണ് കണക്ക് . വനം വന്യജീവി വകുപ്പും ,ആറളം ഫാമിലെ സെക്യൂരിറ്റി ജീവനക്കാരും,സ്ഥലം പാട്ടത്തിനെടുത്തു കൃഷിചെയ്യുന്നവരും ഓപറേഷൻഷന്റെ ഭാഗമാകും . തിങ്കളാഴ്ച ആറളം പുനരധിവാസ മേഖലയിൽ താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് ഫാം അധികൃതർ അറിയിപ്പ് നൽകിയിട്ടുണ്ട് .

പഞ്ചായത്ത്, പോലീസ് സ്റ്റേഷൻ, ആദിവാസി പുനരുധിവാസ മിഷൻ തുടങ്ങിയവർക്ക് വിവരം അറിയിക്കുകയും ജാഗ്രത പാലിക്കണം എന്ന നിർദേശം  കൈമാറിയിട്ടുണ്ട് .ആറളം ഫാമിന്റെ കൃഷി സ്ഥലം സംരക്ഷിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ആനയോടിക്കലിന് ജനങ്ങളുടെ സഹകരണം ഫാം മാനേജ്മെൻറ് അഭ്യർത്ഥിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/185354/aralam)