---
title: "കാട്ടാന ആക്രമണം: രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിൽ "
english_title: "Rahulgandhi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/185425/rahulgandhi"
published_at: "2024-02-18T07:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d1661c6cf17_images_(13).jpeg"
keywords: []
---

# കാട്ടാന ആക്രമണം: രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിൽ 

> **Lead Summary:** **വയനാട്**: കാട്ടാന ആക്രമണത്തില്‍ മരിച്ചവരുടെ വീടുകള്‍ സന്ദര്‍ശിക്കാനായി എംപിയും കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിലെത്തും. ശനിയാഴ്ച രാത്രി എട്ടുമണിയോടെ വരാണസിയില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ രാഹുല്‍ ഗാന്ധി കണ്ണൂര്‍ വിമാനത്താവളത്തിലെത്തി. വെള്ളിയാംപറമ്പിലെ ഗ്രീന്‍ പ്ലാനറ്റ് റിസോര്‍ട്ടിലാണ് താമസം. ഇന്ന് റോഡ് മാര്‍ഗം വയനാട്ടിലേക്ക് തിരിക്കുമെന്നാണ് വിവരങ്ങള്‍.

## Article Content

**വയനാട്**: കാട്ടാന ആക്രമണത്തില്‍ മരിച്ചവരുടെ വീടുകള്‍ സന്ദര്‍ശിക്കാനായി എംപിയും കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിലെത്തും. ശനിയാഴ്ച രാത്രി എട്ടുമണിയോടെ വരാണസിയില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ രാഹുല്‍ ഗാന്ധി കണ്ണൂര്‍ വിമാനത്താവളത്തിലെത്തി. വെള്ളിയാംപറമ്പിലെ ഗ്രീന്‍ പ്ലാനറ്റ് റിസോര്‍ട്ടിലാണ് താമസം. ഇന്ന് റോഡ് മാര്‍ഗം വയനാട്ടിലേക്ക് തിരിക്കുമെന്നാണ് വിവരങ്ങള്‍.

ഭാരത് ജോഡോ ന്യായ് യാത്രക്ക് ചെറിയ ഇടവേള നല്‍കിയാണ് രാഹുല്‍ വയനാട്ടില്‍ എത്തുന്നത്. കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച അജീഷിന്റെയും പോളിന്റെയും വീടുകള്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും. ഇന്ന് ഉച്ച വരെ മണ്ഡലത്തില്‍ തങ്ങിയ ശേഷം മൂന്നു മണിയോടെ പ്രയാഗ് രാജിലേക്ക് തിരിക്കുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍. അതേസമയം, വയനാട്ടിലെ വന്യജീവി ആക്രമണത്തെ തുടര്‍ന്നുണ്ടായ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേര്‍ന്നു. വന്യമൃഗങ്ങള്‍ ജനവാസ മേഖലയില്‍ വരുന്നത് കണ്ടെത്താന്‍ 250 പുതിയ ക്യാമറകള്‍ കൂടി സ്ഥാപിക്കാന്‍ യോഗം തീരുമാനിച്ചു.

വനം, പൊലീസ്, റവന്യു തുടങ്ങിയ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കും. അതിര്‍ത്തി സംസ്ഥാനങ്ങളുമായുള്ള ഏകോപനയോഗത്തിന് ശേഷം കര്‍ണ്ണാടകയില്‍ നിന്ന് 25 വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആനയെ പിടികൂടാനുള്ള സംഘത്തോടൊപ്പമുണ്ട്. ആവശ്യമുള്ള ഇടങ്ങളില്‍ പൊലീസ്, വനംവകുപ്പ് ജീവനക്കാരുടെ സാന്നിധ്യം ശക്തിപ്പെടുത്താനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/185425/rahulgandhi)