---
title: "മാസപ്പടി വിവാദം; അന്വേഷണം നടക്കുന്നതുവരേ പിണറായി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് വി.ഡി. സതീശൻ"
english_title: "Vd satheeshan "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/185573/vd-satheeshan"
published_at: "2024-02-18T21:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d2290384eeb_n5843091261708271788703a4473591fd14058ea0d1987a349e2dd476235cf24185225920bfb7b79b68bb02.jpg"
keywords: []
---

# മാസപ്പടി വിവാദം; അന്വേഷണം നടക്കുന്നതുവരേ പിണറായി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് വി.ഡി. സതീശൻ

> **Lead Summary:** **തിരുവനന്തപുരം:** കേരളം ഭരിക്കുന്നത് അഴിമതി സര്‍ക്കാരാണെന്ന യുഡിഎഫ് വാദം ശരിവയ്ക്കുന്ന സംഭവങ്ങളാണ് കേരളത്തില്‍ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എക്‌സാലോജിക് കേസുമായി ബന്ധപ്പെട്ട് അന്വേഷണം തുടരാമെന്ന് കാട്ടിയുള്ള കാര്‍ണാടക ഹൈക്കോടതി പുറപ്പെടുവിച്ച വിധിന്യായത്തില്‍ മാസപ്പടി വിവാദം ഉണ്ടാകുന്നതിന് മുന്‍പ് 2021 ഒക്ടോബര്‍ ഒന്നിന് കര്‍ണാടകയിലെ രജിസ്ട്രാര്‍ ഓഫ് കമ്ബനി എക്‌സാലോജിക്കിനോട് വിശദീകരണം ചോദിച്ചിരുന്നതായി വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

## Article Content

**തിരുവനന്തപുരം:** കേരളം ഭരിക്കുന്നത് അഴിമതി സര്‍ക്കാരാണെന്ന യുഡിഎഫ് വാദം ശരിവയ്ക്കുന്ന സംഭവങ്ങളാണ് കേരളത്തില്‍ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എക്‌സാലോജിക് കേസുമായി ബന്ധപ്പെട്ട് അന്വേഷണം തുടരാമെന്ന് കാട്ടിയുള്ള കാര്‍ണാടക ഹൈക്കോടതി പുറപ്പെടുവിച്ച വിധിന്യായത്തില്‍ മാസപ്പടി വിവാദം ഉണ്ടാകുന്നതിന് മുന്‍പ് 2021 ഒക്ടോബര്‍ ഒന്നിന് കര്‍ണാടകയിലെ രജിസ്ട്രാര്‍ ഓഫ് കമ്ബനി എക്‌സാലോജിക്കിനോട് വിശദീകരണം ചോദിച്ചിരുന്നതായി വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മാസപ്പടി കേസ് വിവാദമാകുന്നതിന് മുന്‍പ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഏതെങ്കിലും കേന്ദ്ര ഏജന്‍സികള്‍ എക്‌സാലോജിക്കിനെ കുറിച്ച്‌ അന്വേഷണം നടത്തിയോ എന്ന് വ്യക്തമാക്കണമെന്ന് ചോദിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല. അന്ന് അന്വേഷണം സംബന്ധിച്ച്‌ ചില സൂചനകള്‍ മാത്രം ലഭിച്ചതു കൊണ്ടാണ് അങ്ങനെ ചോദിച്ചത്. കര്‍ണാടക ഹൈക്കോടതി വിധി വന്നതോടെ എക്‌സാലോജിക്കിനെ കുറിച്ച്‌ നേരത്തേ അന്വേഷണം ഉണ്ടായിരുന്നു എന്നാണ് വ്യക്തമാകുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

എക്‌സാലോജിക് കമ്ബനിയിലേക്ക് വിവിധ ചാരിറ്റബിള്‍ സ്ഥാപനങ്ങളും കമ്ബനികളും എല്ലാ മാസവും പണം അയയ്ക്കാറുണ്ടായിരുന്നു. ഇത് ആരാണെന്ന് വ്യക്തമാക്കണമെന്ന് രജിസ്ട്രാർ ഓഫ് കമ്ബനീസ് കത്ത് നല്‍കിയിട്ടുണ്ട്. ഒരു സേവനവും നല്‍കാതെ ഈ കമ്ബനിയിലേക്ക് എങ്ങനെയാണ് പണം ലഭിക്കുന്നതെന്നും സതീശൻ ചോദിച്ചു. 

ഈ വിഷയത്തില്‍ മുഖ്യമന്ത്രി മറുപടി പറയണം. പിണറായി മുഖ്യമന്ത്രി സ്ഥാനത്തിരിക്കാൻ അർഹനല്ല. അന്വേഷണം നടക്കുന്നതുവരേ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നാണ് യുഡിഎഫിന്‍റെ ആവശ്യം. വിഷയത്തില്‍ പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് കോടതിവിധിയെന്നും സതീശൻ വ്യക്തമാക്കി.

എസ്‌എഫ്‌ഐഒ അന്വേഷണം നത്തുന്നത് എട്ട് മാസത്തേക്കാണ്. ചർച്ചകള്‍ക്കും കേസ് ഒതുക്കിതീർക്കുന്നതിനും വണ്ടിയാണ് ഇത്ര വലിയ കാലാവധിയെന്ന് സംശയമുണ്ട് എന്നും വി.ഡി. സതീശൻ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/185573/vd-satheeshan)