---
title: "പേരാവൂർ മണത്തണ പുഴയ്ക്കൽ മുത്തപ്പൻ മഠപ്പുരയിലെ തിറ മഹോത്സവത്തിന് തുടക്കം "
english_title: "Peravoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/185938/peravoor"
published_at: "2024-02-20T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d4545e09bb0_IMG-20240220-WA0022(1).jpg"
keywords: []
---

# പേരാവൂർ മണത്തണ പുഴയ്ക്കൽ മുത്തപ്പൻ മഠപ്പുരയിലെ തിറ മഹോത്സവത്തിന് തുടക്കം 

> **Lead Summary:** **മണത്തണ**: പേരാവൂർ മണത്തണ പുഴയ്ക്കൽ മുത്തപ്പൻ മഠപ്പുരയിലെ തിറ മഹോത്സവത്തോടനുബന്ധിച്ച് സാംസ്ക്കാരിക സമ്മേളനവും ക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച ഊട്ടുപുര, കഴകപ്പുര തുടങ്ങിയവയുടെ ഉദ്‌ഘാടനവും നടന്നു.

## Article Content

**മണത്തണ**: പേരാവൂർ മണത്തണ പുഴയ്ക്കൽ മുത്തപ്പൻ മഠപ്പുരയിലെ തിറ മഹോത്സവത്തോടനുബന്ധിച്ച് സാംസ്ക്കാരിക സമ്മേളനവും ക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച ഊട്ടുപുര, കഴകപ്പുര തുടങ്ങിയവയുടെ ഉദ്‌ഘാടനവും നടന്നു.

കൊട്ടിയൂർ മഹാക്ഷേത്രത്തിന്റ ഉപക്ഷേത്രവും കൊട്ടിയൂർ ദേവസ്വത്തിന്റെ കീഴിലുള്ള ഏക മുത്തപ്പൻ മടപ്പുരയുമായ ഇവിടെ മൂന്നു ദിവസങ്ങളിലായാണ് ഉത്സവം സംഘടിപ്പിക്കാറുള്ളത്. വൈകുന്നേരം വളയങ്ങാട് സ്വാമി മഠത്തിൽനിന്നും അമ്മമാരുടെ നേതൃത്വത്തിൽ തുടങ്ങിയ കലവറ നിറയ്ക്കൽ ഘോഷയാത്ര സന്ധ്യയോടെ ക്ഷേത്രത്തിൽ എത്തിച്ചേർന്നു. ക്ഷേത്രങ്കണത്തിൽ നടന്ന മാതൃസമിതിയുടെ ദീപക്കാഴ്ചയിൽ നിരവധി ഭക്ത ജനങ്ങൾ പങ്കെടുത്തു.

തുടർന്ന് കൊട്ടിയൂർ ദേവസ്വം ചെയർമാൻ കെ സി സുബ്രഹ്മണ്യൻ നായരുടെ അധ്യക്ഷതയിൽ ചേർന്ന സാംസ്ക്കാരിക സമ്മേളനത്തിന്റെ ഉദ്‌ഘാടനം അഡ്വ. സണ്ണി ജോസഫ് എം എൽ എ നിർവഹിച്ചു. ചടങ്ങിൽ പദ്‌മശ്രീ സദനം പി വി ബാലകൃഷ്ണനെ പൊന്നാട അണിയിച്ച് ആദരിച്ചു. വ്യത്യസ്ത തലങ്ങളിൽ പ്രതിഭ തെളിയിച്ച പ്രദേശത്തെ കലാകാരൻമാരെയും കലാകാരികളെയും ചടങ്ങിൽ ആദരിച്ചു.

നിജീഷ് ഭാസ്‌ക്കർ, ആര്യ, നന്ദന പി, രേവിത രഞ്ജീവൻ, ശ്രീദേവിക ബൈജു തുടങ്ങിയ പ്രതിഭകളാണ് ആദരവ് ഏറ്റുവാങ്ങിയത്. ലക്ഷങ്ങൾ ചിലവഴിച്ച് ക്ഷേത്രത്തിലേക്ക് ഊട്ടുപുര നിർമ്മിച്ച് നൽകിയ ആക്കൽ കൈലാസനാഥനെ ചടങ്ങിൽ ആദരിച്ചു. ക്ഷേത്രത്തിൽ പുതുതായി പണികഴിപ്പിച്ച ഊട്ടുപുര, കഴകപ്പുര, മേലായിപ്പടി തുടങ്ങിയവയുടെ ഉദ്‌ഘാടനവും സാംസ്‌കാരിക സമ്മേളനത്തോടനുബന്ധിച്ച് നടന്നു. ആക്കൽ കൈലാസനാഥൻ സമർപ്പിച്ച ഊട്ടുപുരയുടെ ഉദ്‌ഘാടനം അഡ്വ. സണ്ണി ജോസഫ് എം എൽ എ നിർവഹിച്ചു.

കഴകപ്പുരയുടെ ഉദ്ഘാടനം സദനം പി വി ബാലകൃഷ്ണനും, മേലായിപ്പടി ഉദ്‌ഘാടനം മുന്നോക്ക സമുദായ ക്ഷേമ കോർപറേഷൻ ഡയറക്ടർ കെ സി സോമൻ നമ്പ്യാരും നിർവഹിച്ചു. തുടർന്ന് പ്രദേശവാസികളുടെ വിവിധ കലാപരിപാടികലും വേദിയിൽ അരങ്ങേറി. ചൊവ്വ, ബുധൻ ദിവസങ്ങളിലായി വെള്ളാട്ടവും തെയ്യവും നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/185938/peravoor)