---
title: "#Guruvayoor | പ്രസിദ്ധമായ ഗുരുവായൂര്‍ ആനയോട്ടം ഇന്ന്"
english_title: "Famous Guruvayoor elephant race today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/186150/famous-guruvayoor-elephant-race-today"
published_at: "2024-02-21T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d58e5f4f0be_hq720.jpg"
keywords: []
---

# #Guruvayoor | പ്രസിദ്ധമായ ഗുരുവായൂര്‍ ആനയോട്ടം ഇന്ന്

> **Lead Summary:** **ഗുരുവായൂര്‍:** പ്രസിദ്ധമായ ഗുരുവായൂര്‍ ആനയോട്ടം ഇന്ന് നടക്കും. മുന്‍നിരയില്‍ ഓടാനുള്ള മൂന്നാനകളെ തെരഞ്ഞെടുത്തു. ദേവദാസ്, രവികൃഷ്ണൻ, ഗോപികണ്ണൻ എന്നീ ആനകളെയാണ് തെരഞ്ഞെടുത്തത്. ചെന്താമരാക്ഷൻ, ദേവി എന്നീ രണ്ട് ആനകളെ കരുതലായും തെരഞ്ഞെടുത്തു. ഇന്നലെ ഉച്ചപൂജയ്ക്കു മുമ്പ് കിഴക്കേ ദീപസ്തംഭത്തിന് മുന്നിലായിരുന്നു നറുക്കെടുപ്പ്.

## Article Content

**ഗുരുവായൂര്‍:** പ്രസിദ്ധമായ ഗുരുവായൂര്‍ ആനയോട്ടം ഇന്ന് നടക്കും. മുന്‍നിരയില്‍ ഓടാനുള്ള മൂന്നാനകളെ തെരഞ്ഞെടുത്തു. ദേവദാസ്, രവികൃഷ്ണൻ, ഗോപികണ്ണൻ എന്നീ ആനകളെയാണ് തെരഞ്ഞെടുത്തത്. ചെന്താമരാക്ഷൻ, ദേവി എന്നീ രണ്ട് ആനകളെ കരുതലായും തെരഞ്ഞെടുത്തു. ഇന്നലെ ഉച്ചപൂജയ്ക്കു മുമ്പ് കിഴക്കേ ദീപസ്തംഭത്തിന് മുന്നിലായിരുന്നു നറുക്കെടുപ്പ്.

കഴിഞ്ഞദിവസം വിദഗ്ധസമിതി തെരഞ്ഞടുത്ത ഏഴ് ആനകളുടെ പേരുകളെഴുതി കുടത്തിലിട്ട് ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയൻ ആദ്യ നറുക്കെടുത്തു. ഭരണസമിതി അംഗങ്ങളായ സി. മനോജ്‌, മനോജ്. ബി.നായർ, അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി. വിനയൻ, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പി. മനോജ് കുമാർ, ദേവസ്വം ജീവധനം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ കെ.എസ്. മായാദേവി, അസിസ്റ്റന്റ് മാനേജർ കെ.എ. മണികണ്ഠൻ, ആനയോട്ടം സബ്ബ് കമ്മിറ്റി ഭാരവാഹികളായ സജീവൻ നമ്പിയത്ത് തുടങ്ങിയവർ പങ്കെടുത്തു.

ഇന്ന് ഉച്ച തിരിഞ്ഞ് മൂന്നിനാണ് ആനയോട്ടം തുടങ്ങുക. ആനപ്രേമികളുടെ ഇഷ്ടതാരങ്ങളായ ഇന്ദ്രസെൻ, നന്ദൻ ഉൾപ്പെടെ പത്ത് ആനകളാണ് ഇത്തവണ ആനയോട്ടത്തില്‍ പങ്കെടുക്കുന്നത്. കുളിപ്പിച്ച് കുറിതൊട്ട് ആനകളെ മഞ്ജുളാലിന് മുന്നില്‍ അണിനിരത്തും. ക്ഷേത്രനാഴികമണി മൂന്നടിക്കുന്നതോടെ പാപ്പാന്മാര്‍ മണികളുമായി ഓടും. തുടര്‍ന്ന് ആനകളുടെ കഴുത്തില്‍ അണിഞ്ഞ ശേഷമാണ് ആനകളോടുക. തെരഞ്ഞെടുത്ത മൂന്നാനകളിൽ ആദ്യം ഓടിയെത്തി ക്ഷേത്രമതില്‍ക്കെട്ടിനകത്ത് പ്രവേശിക്കുന്ന ആനയെയാണ് വിജയിയായി പ്രഖ്യാപിക്കുക. മറ്റാനകള്‍ വരിയായി വന്ന് ഗുരുവായൂരപ്പനെ വണങ്ങും.

ക്ഷേത്രത്തില്‍ ആനയില്ലാ കാലത്തെ അനുസ്മരിച്ചാണ് ഉത്സവകൊടിയേറ്റത്തിനുമുമ്പ് ആനയോട്ടം നടത്തുന്നത്. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നടക്കാറുള്ള ആനയില്ലാ ശീവേലിയും ഇന്ന് നടന്നു. രാവിലെ ഏഴിനാണ് ആനയില്ലാ ശീവേലി. ശാന്തിയേറ്റ കീഴ്ശാന്തി നമ്പൂതിരി ഗുരുവായൂരപ്പന്റെ തിടമ്പ് മാറോട് ചേര്‍ത്തുവെച്ച് കുത്തുവിളക്കിന്റെയും വാദ്യത്തിന്റെയും അകമ്പടിയില്‍ നടന്ന് ശീവേലി പ്രദക്ഷിണം പൂര്‍ത്തിയാക്കിയാണ് ചടങ്ങ് നിര്‍വഹിക്കുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/186150/famous-guruvayoor-elephant-race-today)