---
title: "#cherupuzha | ചെറുപുഴ കമ്പിപ്പാലത്തിലെ മരപ്പലക ഇളകിയ നിലയിൽ"
english_title: "cherupuzha "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/186212/cherupuzha"
published_at: "2024-02-21T14:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d5bbcf5d1d6_WhatsApp_Image_2024-02-21_at_1.01.54_PM.jpeg"
keywords: []
---

# #cherupuzha | ചെറുപുഴ കമ്പിപ്പാലത്തിലെ മരപ്പലക ഇളകിയ നിലയിൽ

> **Lead Summary:**  **ചെറുപുഴ:** ചെറുപുഴ കമ്പിപ്പാലത്തിലെ മരപ്പലക ഇളകിയ നിലയിൽ. ഒരു വർഷം മുൻപ് പുതുക്കി പണിത കമ്പിപ്പാലത്തിൻ്റെ മരപ്പലക ഇളകി വീഴാൻ തുടങ്ങി. കണ്ണൂർ- കാസർകോട് ജില്ലകളെ തമ്മിൽ ബന്ധിപ്പിച്ചു തേജസ്വിനിപ്പുഴയുടെ ചെറുപുഴ ഭാഗത്തു നിർമിച്ച കമ്പിപ്പാലത്തിൻ്റെ മരപ്പലകയാണു ഇളകി വീഴാൻ തുടങ്ങിയത്. ഇതോടെ ഇതുവഴി കടന്നുപോകുന്ന കാൽനടയാത്രക്കാർ അപകടഭീഷണിയിലായി.

## Article Content

 **ചെറുപുഴ:** ചെറുപുഴ കമ്പിപ്പാലത്തിലെ മരപ്പലക ഇളകിയ നിലയിൽ. ഒരു വർഷം മുൻപ് പുതുക്കി പണിത കമ്പിപ്പാലത്തിൻ്റെ മരപ്പലക ഇളകി വീഴാൻ തുടങ്ങി. കണ്ണൂർ- കാസർകോട് ജില്ലകളെ തമ്മിൽ ബന്ധിപ്പിച്ചു തേജസ്വിനിപ്പുഴയുടെ ചെറുപുഴ ഭാഗത്തു നിർമിച്ച കമ്പിപ്പാലത്തിൻ്റെ മരപ്പലകയാണു ഇളകി വീഴാൻ തുടങ്ങിയത്. ഇതോടെ ഇതുവഴി കടന്നുപോകുന്ന കാൽനടയാത്രക്കാർ അപകടഭീഷണിയിലായി.

കഴിഞ്ഞ കുറെ വർഷങ്ങളായി കമ്പിപ്പാലം പൂർണ്ണമായും തകർന്ന നിലയിലാണ്. ഇതോടെ ഇതുവഴിയുള്ള കാൽനടയാത്ര അധികൃതർ നിരോധിച്ചു. തകർന്ന കമ്പിപ്പാലം പുതുക്കിപ്പണിയമെന്നാവശ്യം വിവിധ കോണുകളിൽ നിന്നു ശക്തമായി. ഇതേത്തുടർന്നു മൂന്നര ലക്ഷം രൂപ ചെലവഴിച്ചു കഴിഞ്ഞ വർഷമാണു കമ്പിപ്പാലം പുതുക്കിപ്പണിതത്. എന്നാൽ പാലത്തിൽ ഉപയോഗിച്ച മരപ്പലകൾ പലതും ഇളകി മാറാൻ തുടങ്ങി. ഇതിനുപുറമെ പാലത്തിനു ഉപയോഗിച്ച ആണികൾ ഇളകി വരാനും തുടങ്ങി. ഇത് കാൽനടയാത്രക്കാർക്ക് ഭീഷണിയായി മാറിയിരിക്കുകയാണ്.

കമ്പിപ്പാലത്തിൻ്റെ നിർമാണത്തിനു ഉപയോഗിച്ച റോപ്പും കാലപ്പഴക്കം കൊണ്ടു മുറിഞ്ഞു വീഴാറായ നിലയിലാണ്.ഇതും കമ്പിപ്പാലത്തിൻ്റെ സുരക്ഷയ്ക്ക് ഭീഷണിയായി മാറി. കാസർകോട് ജില്ലയിലെ തവളക്കുണ്ട് ഭാഗത്തു നിന്നു ചെറുപുഴയിലേക്ക് വരുന്ന യാത്രക്കാരിൽ ഏറെയും കമ്പിപ്പാലം വഴിയാണ് യാത്ര ചെയ്യുന്നത്. ഇതിനുപുറമെ കമ്പിപ്പാലം കാണാനും ഇതിനു മുകളിൽ നിന്നും ഫോട്ടോ എടുക്കാനും ഒട്ടേറെ ആളുകളാണ് ദിവസവും ഇവിടെ എത്തുന്നത്. കമ്പിപ്പാലത്തിലെ മരപ്പലകൾ അടർന്നു വീഴാൻ തുടങ്ങിയതോടെ ഭയപ്പാടിലാണു നാട്ടുകാർ. കമ്പിപ്പാലത്തിൻ്റെ സുരക്ഷ ഉറപ്പുവരുത്തണമെന്നാണു നാട്ടുകാരുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/186212/cherupuzha)