---
title: "കണ്ണൂർ വിമാനത്താവള റൺവേ വികസനത്തിനുള്ള സ്ഥലമേറ്റെടുപ്പ് വൈകുന്നു: വോട്ടെടുപ്പ് ബഹിഷ്കരിക്കാൻ സ്ഥലം ഉടമകൾ  "
english_title: "Land Acquisition For Kannur Airport Runway Development Delayed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/186683/land-acquisition-for-kannur-airport-runway-development-delayed"
published_at: "2024-02-23T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d837d1cadf7_WhatsApp_Image_2024-02-23_at_11.44.14.jpeg"
keywords: []
---

# കണ്ണൂർ വിമാനത്താവള റൺവേ വികസനത്തിനുള്ള സ്ഥലമേറ്റെടുപ്പ് വൈകുന്നു: വോട്ടെടുപ്പ് ബഹിഷ്കരിക്കാൻ സ്ഥലം ഉടമകൾ  

> **Lead Summary:** മട്ടന്നൂർ : കണ്ണൂർ വിമാനത്താവള റൺവേ വികസനത്തിനുള്ള സ്ഥലമേറ്റെടുപ്പ് നീളുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കാൻ കാനാട് പ്രദേശത്തെ ഭൂവുടമകൾ. തിരഞ്ഞെടുപ്പ് സമയമാകുമ്പോൾ വോട്ടുചോദിച്ച് ആരും വരേണ്ടതില്ലെന്നും പണപ്പിരിവ് അനുവദിക്കില്ലെന്നും കാണിച്ച് പ്രദേശത്ത് ബാനറുകൾ സ്ഥാപിച്ചു. മുൻപ് പല തിരഞ്ഞെടുപ്പുകളിലും നൽകിയ വാഗ്ദാനങ്ങൾ രാഷ്ട്രീയപ്പാർട്ടികൾ പാലിക്കാത്ത സാഹചര്യത്തിൽ വോട്ടെടുപ്പ് ബഹിഷ്കരിക്കാനാണ് ഭൂവുടമകളുടെ തീരുമാനം. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയപ്പാർട്ടികൾ പ്രശ്നം ഉടൻ പരിഹരിക്കാൻ ഇടപെടാമെന്ന വാഗ്ദാനം നൽകിയതാണ് പക്ഷെ തിരഞ്ഞെടുപ്പ് കഴിഞ്ഞതിനു ശേഷം തിരിഞ്ഞു നോക്കിയില്ലെന്ന്‌ പ്രദേശവാസികൾ പറയുന്നു.

## Article Content

മട്ടന്നൂർ : കണ്ണൂർ വിമാനത്താവള റൺവേ വികസനത്തിനുള്ള സ്ഥലമേറ്റെടുപ്പ് നീളുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കാൻ കാനാട് പ്രദേശത്തെ ഭൂവുടമകൾ. തിരഞ്ഞെടുപ്പ് സമയമാകുമ്പോൾ വോട്ടുചോദിച്ച് ആരും വരേണ്ടതില്ലെന്നും പണപ്പിരിവ് അനുവദിക്കില്ലെന്നും കാണിച്ച് പ്രദേശത്ത് ബാനറുകൾ സ്ഥാപിച്ചു. മുൻപ് പല തിരഞ്ഞെടുപ്പുകളിലും നൽകിയ വാഗ്ദാനങ്ങൾ രാഷ്ട്രീയപ്പാർട്ടികൾ പാലിക്കാത്ത സാഹചര്യത്തിൽ വോട്ടെടുപ്പ് ബഹിഷ്കരിക്കാനാണ് ഭൂവുടമകളുടെ തീരുമാനം. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയപ്പാർട്ടികൾ പ്രശ്നം ഉടൻ പരിഹരിക്കാൻ ഇടപെടാമെന്ന വാഗ്ദാനം നൽകിയതാണ് പക്ഷെ തിരഞ്ഞെടുപ്പ് കഴിഞ്ഞതിനു ശേഷം തിരിഞ്ഞു നോക്കിയില്ലെന്ന്‌ പ്രദേശവാസികൾ പറയുന്നു.

എന്നാൽ, ഇപ്രാവശ്യം സ്ഥലമേറ്റെടുപ്പ് പ്രശ്നം പരിഹരിച്ചാൽ മാത്രമേ രാഷ്ട്രീയപ്രവർത്തകരെ ഇവിടേക്ക് പ്രവേശിക്കാൻ അനുവദിക്കുകയൂള്ളൂവെന്ന് ഭൂവുടമകൾ പറയുന്നു. റൺവേ വികസനത്തിനായി 245 ഏക്കർ ഭൂമിയാണ് കാനാട്, കോളിപ്പാലം ഭാഗത്തായി ഏറ്റെടുക്കാനുള്ളത്. 180ൽ കൂടുതൽ കുടുംബങ്ങളുടെ സ്ഥലം ഏറ്റെടുക്കുന്നതിന് വിജ്ഞാപനം പുറപ്പെടുവിച്ച് വർഷങ്ങളായിട്ടും തുടർനടപടികളുണ്ടായില്ല. സ്ഥലം അളക്കലും വസ്തുവകകളുടെ മൂല്യനിർണയവും മറ്റും നടത്തിയെങ്കിലും സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികൾ പൂർത്തിയായില്ല.

942.93 കോടി രൂപയാണ് നഷ്ടപരിഹാരം നൽകുന്നതിന് വേണ്ടിവരിക. ഇത് കണ്ടെത്തുന്നതിലുള്ള പ്രശ്നമാണ് കാലതാമസത്തിനിടയാക്കുന്നത്. ഭൂവുടമകളുടെ നേതൃത്വത്തിൽ നിരവധി പ്രക്ഷോഭങ്ങൾ നടത്തി. പ്രദേശത്തെ വനിതാകൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഇപ്പോൾ സമരപരിപാടികൾ നടത്തിവരുന്നത്. പ്രശ്നപരിഹാരം ആവശ്യപ്പെട്ട് നവകേരള സദസ്സിലും മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/186683/land-acquisition-for-kannur-airport-runway-development-delayed)