---
title: "സാക്ഷികൾ കൂറുമാറിയിട്ടും മയക്കുമരുന്ന് കേസിലെ പ്രതികൾക്ക് 12 വർഷം കഠിനതടവ്"
english_title: "Mdma case "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/187076/mdma-case"
published_at: "2024-02-24T20:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65da01d37bb5b_PicsArt_02-24-08.13.05.jpg"
keywords: []
---

# സാക്ഷികൾ കൂറുമാറിയിട്ടും മയക്കുമരുന്ന് കേസിലെ പ്രതികൾക്ക് 12 വർഷം കഠിനതടവ്

> **Lead Summary:** **ഇരിട്ടി: **എംഡിഎംഎ കേസിൽ സാക്ഷികൾ കൂറുമാറിയിട്ടും പ്രതികൾക്ക് 12 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. കണ്ണൂർ ഇരിട്ടി കീഴൂർ ഉളിയിൽ കുന്നുംകീച്ചൽ സായിഖർ ഹൗസിൽ എസ്എം. ജസീർ , ഇരിട്ടി ഉളിയിൽ നരയൻ പാറ പികെ ഹൗസിൽ പി.കെ. സമീർ എന്നിവരെയാണ് വടകര എൻഡിപിഎസ് കോടതി ജഡ്‌ജി വിപിഎം സുരേഷ്ബാബു ശിക്ഷിച്ചത്.

## Article Content

**ഇരിട്ടി: **എംഡിഎംഎ കേസിൽ സാക്ഷികൾ കൂറുമാറിയിട്ടും പ്രതികൾക്ക് 12 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. കണ്ണൂർ ഇരിട്ടി കീഴൂർ ഉളിയിൽ കുന്നുംകീച്ചൽ സായിഖർ ഹൗസിൽ എസ്എം. ജസീർ , ഇരിട്ടി ഉളിയിൽ നരയൻ പാറ പികെ ഹൗസിൽ പി.കെ. സമീർ എന്നിവരെയാണ് വടകര എൻഡിപിഎസ് കോടതി ജഡ്‌ജി വിപിഎം സുരേഷ്ബാബു ശിക്ഷിച്ചത്.

2022 ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം. കർണ്ണാടകയിൽ നിന്നും കടത്തിക്കൊണ്ടുവരാൻ ശ്രമിച്ച 300 ഗ്രാം എംഡിഎംഎയുമായി പ്രതികൾ കൂട്ടുപുഴയിൽ വച്ച് പോലീസ് പിടിയിലായി. ഇരിട്ടി എസ്ഐ അനിൽ കുമാറും ഡാൻസാഫും ചേർന്ന് നടത്തിയ വാഹന പരിശോദനക്ക് ഇടയിൽ സംശയം തോന്നിയതോടെയാണ് വിശദമായ പരിശേനയിൽ മാരക മയക്ക്മരുന്ന് കണ്ടെത്തുന്നത്.

കണ്ണൂർ റൂറൽ പോലീസ് പരിധിയിൽ കണ്ടെത്തുന്ന ആദ്യത്തെ കൊമേർഷ്യൽ അളവിലുള്ള കേസായിരുന്നു ഇത്. തുടർന്നുള്ള അന്വേഷണ സമയത്തും പോലിസ് അതീവ ശ്രദ്ധയോടെ ആണ് കേസ് കൈകാര്യം ചെയ്തത്. സിഐ കെ.ജെ. വിനോയിക്കായിരുന്നു അന്വേഷണ ചുമതല.  എന്നാൽ കേസിന്റെ വിചാരണ സമയത്ത് കേസിലെ മഹസർ സാക്ഷികൾ കൂറുമാറിയ വാർത്ത വൻ വിവാദം ആയിരുന്നു.

 ഈ കേസിൽ കൂറുമാറിയ ആറും, ഏഴും സാക്ഷികളായ സിപിഎം നേതാക്കൾക്കെതിരെ സിആർപിസി സെക്ഷൻ 344 പ്രകാരം നടപടി സ്വീകരിക്കാനും കോടതി ഉത്തരവിട്ടു. സി പി എം പായം ലോക്കൽ കമ്മറ്റി അംഗവും മുൻ ഗ്രാമ പഞ്ചായത്ത് അംഗവുമായ ഇരിട്ടി കിളിയത്തറ നടുവിലേടത്ത് പി.എൻ സുരേഷ് (54), പായം പഞ്ചായത്ത് മെമ്പർ ഇരിട്ടി വിളമന കിളിയന്തറ മടത്തിപറമ്പിൽ അനിൽ എം കൃഷ്ണൻ (44) എന്നിവരാണ് കോടതിയിൽ കൂറുമാറിയത്.

കോടതിക്ക് മുന്നിൽ തെറ്റായ തെളിവുകൾ നൽകിയതിന് നീതിയുടെ താൽപര്യം പരിഗണിച്ച് ഇവർക്കെതിരെയുള്ള നടപടി തുടരാനും കോടതി ഉത്തരവിട്ടു. വിചാരണ സമയത്ത് മഹസർ സാക്ഷികൾ കൂറുമാറിയതിന് എതിരെ കോൺഗ്രസും ബിജെപിയും പ്രതിക്ഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/187076/mdma-case)