---
title: "2 ഗോളിന് പിറകില്‍ നിന്ന ശേഷം 4-2ന്റെ വിജയം നേടി കേരള ബ്ലാസ്റ്റേഴ്സ്"
english_title: "Kerala blasters "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/187329/kerala-blasters"
published_at: "2024-02-25T22:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65db721a46b65_n5863455801708880295719ecb9fb33842c68d8e2a78a343a8e5c5431e4dcb5a7d686af89e8bf80f27e81ca.jpg"
keywords: []
---

# 2 ഗോളിന് പിറകില്‍ നിന്ന ശേഷം 4-2ന്റെ വിജയം നേടി കേരള ബ്ലാസ്റ്റേഴ്സ്

> **Lead Summary:** അത്ഭുത രാത്രി!!ഇന്ത്യൻ സൂപ്പർ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് എഫ് സി ഗോവയ്ക്ക് എതിരെ അത്ര ഗംഭീരമായ തിരിച്ചുവരവാണ് നടത്തിയത്. ആദ്യ പകുതിയില്‍ രണ്ടു ഗോളിന് പിറകില്‍ പോയ ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയില്‍ നാലു ഗോളുകള്‍ തിരിച്ചടിച്ച്‌ 4-2ന്റെ വിജയം നേടി. കേരള ബ്ലാസ്റ്റേഴ്സ് ചരിത്രത്തില്‍ ആദ്യമായാണ് ആദ്യ പകുതിയില്‍ 2 ഗോളിന് പിറകില്‍ നിന്ന ശേഷം തിരിച്ചടിച്ച്‌ വിജയിക്കുന്നത്.

## Article Content

അത്ഭുത രാത്രി!!ഇന്ത്യൻ സൂപ്പർ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് എഫ് സി ഗോവയ്ക്ക് എതിരെ അത്ര ഗംഭീരമായ തിരിച്ചുവരവാണ് നടത്തിയത്. ആദ്യ പകുതിയില്‍ രണ്ടു ഗോളിന് പിറകില്‍ പോയ ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയില്‍ നാലു ഗോളുകള്‍ തിരിച്ചടിച്ച്‌ 4-2ന്റെ വിജയം നേടി. കേരള ബ്ലാസ്റ്റേഴ്സ് ചരിത്രത്തില്‍ ആദ്യമായാണ് ആദ്യ പകുതിയില്‍ 2 ഗോളിന് പിറകില്‍ നിന്ന ശേഷം തിരിച്ചടിച്ച്‌ വിജയിക്കുന്നത്.

ഏഴാം മിനുട്ടില്‍ തന്നെ ഗോവ മുന്നില്‍ എത്തി. ഒരു സെറ്റ് പീസ് നന്നായി ഡിഫൻഡ് ചെയ്യാൻ കേരള ബ്ലാസ്റ്റേഴ്സിനായില്ല. ഇത് മുതലെടുത്ത് റൗളിംഗ് ബോർജസ് ആണ് വല കുലുക്കിയത്. അധികം വൈകാതെ മുഹമ്മദ് യാസിറിലൂടെ ഗോവ ലീഡ് ഇരട്ടിയാക്കി. 17ആം മിനുട്ടില്‍ നോവ ഇടതു വിങ്ങില്‍ നിന്ന് നല്‍കിയ ഒരു ലോ ക്രോസില്‍ നിന്നായിരുന്നു യാസിറിന്റെ ഗോള്‍. സ്കോർ 2-0

മറുവശത്ത് ബ്ലാസ്റ്റേഴ്സ് ദിമിയിലൂടെ നല്ല നീക്കങ്ങള്‍ നടത്തി എങ്കിലും ഗോള്‍ മാത്രം വന്നില്ല. രണ്ടാം പകുതിയില്‍ തിരിച്ചടിക്കാൻ ഉറച്ചാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. 51ആം മിനുട്ടില്‍ ഡെയ്സുകെ ഒരു ഫ്രീകിക്കിലൂടെ ബ്ലാസ്റ്റേഴ്സിനായി ആദ്യ ഗോള്‍ മടക്കി. ഡയറക്‌ട് ഫ്രീകിക്കിലൂടെ ആയിരുന്നു ഡെയ്സുകെയുടെ ഗോള്‍. സ്കോർ 1-2.

ബ്ലാസ്റ്റേഴ്സ് പിന്നീട് എല്ലാം നല്‍കി സമനില ഗോളിനായി ശ്രമിച്ചു. അവ്സാനം 80ആം മിനുട്ടില്‍ ഒരു ഹാൻഡ് ബോളിന് ബ്ലാസ്റ്റേഴ്സിന് അനുകൂലമായി ഒരു പെനാള്‍ട്ടി കിട്ടി. ദിമി സമ്മർദ്ദങ്ങള്‍ എല്ലാം മറികടന്ന് പന്ത് വലയില്‍ എത്തിച്ചു. സ്കോർ 2-2.

കേരള ബ്ലാസ്റ്റേഴ്സ് നിർത്തിയില്ല. 84ആം മിനുട്ടില്‍ വീണ്ടും ദിയമന്റകോസിന്റെ ഫിനിഷ്. ഇടതു വിങ്ങില്‍ നിന്ന് വന്ന ക്രോസ് കയ്യില്‍ ഒതുക്കുന്നതില്‍ ഗോവ ഗോള്‍ കീപ്പർ പരാജയപ്പെട്ടപ്പോള്‍ അവസരം മുതലാക്കി ആയിരുന്നു ദിമിയുടെ ഫിനിഷ്. സ്കോർ 3-2. അവിസ്മരണീയമായ നിമിഷം. ദിമിയുടെ സീസണിലെ പത്താം ഗോളായിരുന്നു ഇത്‌.

ബ്ലാസ്റ്റേഴ്സ് അറ്റാക്ക് തുടർന്നു. 88ആം മിനുറ്റില്‍ ഫെഡോർ ചെർനിച് തന്റെ ബ്ലാസ്റ്റേഴ്സിലേക്കുള്ള വരവ് അറിയിച്ചു ഗോള്‍ നേടി വിജയം ഉറപ്പിച്ചു. ഒരു പവർഫുള്‍ ഷോട്ടില്‍ നിയർ പോസ്റ്റില്‍ ഗോളിയെ കീഴ്പ്പെടുത്തിയാണ് ചെർനിച് തന്റെ ബ്ലാസ്റ്റേഴ്സ് കരിയറിലെ ആദ്യ ഗോള്‍ നേടിയത്. സ്കോർ 4-2

ഈ വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് 29 പോയിന്റുമായി ഗോവയെ മറികടന്ന് നാലാം സ്ഥാനത്തേക്ക് എത്തി. ഗോവ 28 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/187329/kerala-blasters)