---
title: "#CPIM | മികവുറ്റ നിരയുമായി സി.പി.ഐ.എം; മുഴുവൻ സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു"
english_title: "All the candidates have been announced"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/187826/all-the-candidates-have-been-announced"
published_at: "2024-02-27T18:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dddc0d7cbfb_Screenshot_2024-02-27-17-41-02-91_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #CPIM | മികവുറ്റ നിരയുമായി സി.പി.ഐ.എം; മുഴുവൻ സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു

> **Lead Summary:** **തിരുവനന്തപുരം**: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സി.പി.എം. സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. എ.കെ.ജി. സെൻ്റിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. എൽ.ഡി.എഫിൽ സി.പി.എമ്മിനുള്ള 15 സീറ്റുകളിലേക്കുള്ള സ്ഥാനാർഥി പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയസാധ്യത മാത്രം നോക്കിയാൽ മതിയെന്നായിരുന്നു സി.പി.എം. നേതൃത്വത്തിന്റെ തീരുമാനം. ഇതോടെയാണ്, മുൻനിരനേതാക്കൾ സ്ഥാനാർഥിപ്പട്ടികയിൽ ഇടംപിടിച്ചത്.

## Article Content

**തിരുവനന്തപുരം**: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സി.പി.എം. സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. എ.കെ.ജി. സെൻ്റിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. എൽ.ഡി.എഫിൽ സി.പി.എമ്മിനുള്ള 15 സീറ്റുകളിലേക്കുള്ള സ്ഥാനാർഥി പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയസാധ്യത മാത്രം നോക്കിയാൽ മതിയെന്നായിരുന്നു സി.പി.എം. നേതൃത്വത്തിന്റെ തീരുമാനം. ഇതോടെയാണ്, മുൻനിരനേതാക്കൾ സ്ഥാനാർഥിപ്പട്ടികയിൽ ഇടംപിടിച്ചത്.

ഒരു പൊളിറ്റ് ബ്യൂറോ അംഗം, നാല് കേന്ദ്രകമ്മിറ്റിയംഗങ്ങൾ, ഒരു മന്ത്രി, ഒരു രാജ്യസഭാ എം.പി, മൂന്ന് എം.എൽ.എമാർ, മൂന്ന് ജില്ലാസെക്രട്ടറിമാർ എന്നിവരാണ് മത്സരരംഗത്തുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒന്നിലേക്കു ചുരുങ്ങിയ ലോക്‌സഭാംഗത്വം പ്രമുഖനേതാക്കളെ പടയ്ക്കിറക്കി തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം.

സി.പി.ഐയുടെ നാല് സ്ഥാനാർഥികളെ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. കോട്ടയത്ത് കേരള കോൺഗ്രസ് സ്ഥാനാർഥി തോമസ് ചാഴിക്കാടനെയാണ് മുന്നണിയിൽ സ്ഥാനാർഥിയായി ആദ്യം പ്രഖ്യാപിച്ചത്. ഇതോടെ 20 മണ്ഡലങ്ങളിലും ഇടതുപക്ഷ സ്ഥാനാർഥികളുടെ പേരുകൾ പ്രഖ്യാപിച്ചു.

സി.പി.എം. സ്ഥാനാർഥികൾ:

ആറ്റിങ്ങൽ - വി.ജോയ്, നിലവിൽ വർക്കല എം.എൽ.എ പാർട്ടി ജില്ലാ സെക്രട്ടറി.

കൊല്ലം - എം.മുകേഷ്, നിലവിൽ കൊല്ലം എം.എൽ.എ

പത്തനംതിട്ട - തോമസ് ഐസക്. മുൻ മന്ത്രിയും പാർട്ടി കേന്ദ്രകമ്മിറ്റി അംഗവുമാണ്.

ആലപ്പുഴ - എ.എം ആരിഫ്, നിലവിൽ കേരളത്തിൽ നിന്നുള്ള ഏക സി.പി.എം എം.പി.

ഇടുക്കി - എം.പി ജോയ്‌സ് ജോർജ്, മുൻ എം.പി കൂടിയായ ജോയ്സിന് ഇത് തുടർച്ചയായ മൂന്നാം അങ്കം.

എറണാകുളം - കെ.ജെ.ഷൈൻ, പുതുമുഖം, കെ.എസ്‌ടി.എ നേതാവും പറവൂർ നഗരസഭാംഗവുമാണ്.

ചാലക്കുടി - സി. രവീന്ദ്രനാഥ്. മുൻ മന്ത്രിയും മൂന്നു തവണ എം.എൽ.എ.യുമായിരുന്നു.

പാലക്കാട് - എ.വിജയരാഘവൻ. പൊളിറ്റ് ബ്യൂറോ അംഗവും മുൻ എം.പിയും പാർട്ടി മുൻ സംസ്ഥാന സെക്രട്ടറിയുമാണ്.

ആലത്തൂർ - കെ. രാധാകൃഷ്‌ണൻ. നിലവിൽ മന്ത്രിയും ചേലക്കര എം.എൽ.എയും പാർട്ടി കേന്ദ്രകമ്മിറ്റി അംഗവുമാണ്.

പൊന്നാനി - സി.പി.എം സ്വതന്ത്രനായി കെ.എസ് ഹംസ, മുസ്ലിം ലീഗിന്റെ മുൻ സംസ്ഥാന സെക്രട്ടറിയായിരുന്നു.

മലപ്പുറം - വി.വസീഫ്, ഡി.വൈ.എഫ്ഐ സംസ്ഥാന പ്രസിഡന്റായ വസീഫിന് ഇത് കന്നിയങ്കം.

കോഴിക്കോട് - എളമരം കരീം. നിലവിൽ രാജ്യസഭാ എം.പിയാണ്. മുൻ മന്ത്രിയും സി.ഐ.ടിയും സംസ്ഥാന സെക്രട്ടറിയുമാണ്.

വടകര - കെ.കെ ശൈലജ. നിലവിൽ മട്ടന്നൂർ എം.എൽ.എ. മുൻ മന്ത്രിയും പാർട്ടി കേന്ദ്രകമ്മിറ്റി അംഗവുമാണ്.

കണ്ണൂർ - എം.വി ജയരാജൻ. മുൻ എം.എൽ.എ. നിലവിൽ പാർട്ടി ജില്ലാ സെക്രട്ടറിയാണ്.

കാസർകോട് - എം.വി ബാലകൃഷ്‌ണൻ. നിലവിൽ പാർട്ടി ജില്ലാ സെക്രട്ടറിയാണ്. ലോക്‌സഭയിലേക്ക് കന്നിയങ്കം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/187826/all-the-candidates-have-been-announced)