---
title: "#himachalpradesh  | ഹിമാചൽ പ്രദേശിൽ പ്രതിസന്ധി രൂക്ഷം; മന്ത്രി വിക്രമാദിത്യ സിങ്ങ് രാജിവെച്ചു "
english_title: "himachalpradesh "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/188049/himachalpradesh"
published_at: "2024-02-28T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65df073fdfa96_WhatsApp_Image_2024-02-28_at_3.41.13_PM.jpeg"
keywords: []
---

# #himachalpradesh  | ഹിമാചൽ പ്രദേശിൽ പ്രതിസന്ധി രൂക്ഷം; മന്ത്രി വിക്രമാദിത്യ സിങ്ങ് രാജിവെച്ചു 

> **Lead Summary:** **ന്യൂഡൽഹി: **ഹിമാചൽ പ്രദേശിലെ പ്രതിസന്ധി രൂക്ഷമാക്കി സുഖ്വിന്ദർ സിങ് സുഖു മന്ത്രിസഭയിൽ നിന്ന് വിക്രമാദിത്യ സിങ്ങ് രാജി വെച്ചു. മുൻ മുഖ്യമന്ത്രി വീരഭദ്ര സിങിൻ്റെ മകനാണ് വിക്രമാദിത്യ സിങ്. വിക്രമാദിത്യ സിങിൻ്റെ മാതാവും പിസിസി അധ്യക്ഷയുമായ പ്രതിഭ സിങ് രാജി വെക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. മുഖ്യമന്ത്രിയെ മാറ്റണമെന്ന് വിമത എംഎൽഎമാർ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വിക്രമാദിത്യ സിങ്ങ് രാജി വെച്ചിരിക്കുന്നത്. രാജിക്ക് പിന്നാലെ മുഖ്യമന്ത്രിക്കും സർക്കാരിനും എതിരെ രൂക്ഷ വിമർശനമാണ് വിക്രമാദിത്യ സിങ് നടത്തിയത്.

## Article Content

**ന്യൂഡൽഹി: **ഹിമാചൽ പ്രദേശിലെ പ്രതിസന്ധി രൂക്ഷമാക്കി സുഖ്വിന്ദർ സിങ് സുഖു മന്ത്രിസഭയിൽ നിന്ന് വിക്രമാദിത്യ സിങ്ങ് രാജി വെച്ചു. മുൻ മുഖ്യമന്ത്രി വീരഭദ്ര സിങിൻ്റെ മകനാണ് വിക്രമാദിത്യ സിങ്. വിക്രമാദിത്യ സിങിൻ്റെ മാതാവും പിസിസി അധ്യക്ഷയുമായ പ്രതിഭ സിങ് രാജി വെക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. മുഖ്യമന്ത്രിയെ മാറ്റണമെന്ന് വിമത എംഎൽഎമാർ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വിക്രമാദിത്യ സിങ്ങ് രാജി വെച്ചിരിക്കുന്നത്. രാജിക്ക് പിന്നാലെ മുഖ്യമന്ത്രിക്കും സർക്കാരിനും എതിരെ രൂക്ഷ വിമർശനമാണ് വിക്രമാദിത്യ സിങ് നടത്തിയത്.

കഴിഞ്ഞ ഒരു വർഷം എംഎൽഎമാരുടെ സ്വരം അടിച്ചമർത്തിയെന്നും എംഎൽഎമാരെ അവഗണിച്ചുവെന്നും വിക്രമാദിത്യ സിങ് ആരോപിച്ചു. അതിൻ്റെ ഫലമാണ് നിലവിലെ പ്രതിസന്ധിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖുവിനെതിരെ തുറന്നടിച്ചായിരുന്നു വിക്രമാദിത്യ സിങ്ങിൻ്റെ പ്രതികരണം. 'സർക്കാരിൻ്റെ പ്രവർത്തനത്തെക്കുറിച്ച് ഞാൻ ഒരിക്കലും ഒന്നും പറഞ്ഞിട്ടില്ല, എന്നാൽ ഇന്നത് വ്യക്തമായി പറയേണ്ടത് എൻ്റെ ഉത്തരവാദിത്തമാണ്. സ്ഥാനത്തെയും ക്യാബിനറ്റ് ബർത്തിനെയും കുറിച്ച് ഞാൻ എപ്പോഴും പറഞ്ഞിട്ടുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനം ഹിമാചൽ പ്രദേശിലെ ജനങ്ങളുമായുള്ള ബന്ധമാണ്. എംഎൽഎമാരെ അവഗണിക്കുകയും അവരുടെ ശബ്ദം അടിച്ചമർത്താൻ ശ്രമിക്കുകയും ചെയ്തതാണ് കഴിഞ്ഞ ഒരു വർഷമായി നിലനിന്നിരുന്ന രീതി, ഇത് അതിൻ്റെ ഫലമാണ്. നിലവിലെ സാഹചര്യത്തിൽ സർക്കാരിൻ്റെ ഭാഗമായി തുടരുന്നത് ശരിയല്ലെന്ന് തോന്നുന്നു, അതിനാൽ മന്ത്രിസഭയിൽ നിന്ന് രാജിവെക്കാൻ തീരുമാനിച്ചു', എന്നായിരുന്നു വിക്രമാദിത്യ സിങ്ങിൻ്റെ പ്രതികരണം.

ഭാവികാര്യങ്ങൾ തൻ്റെ അനുഭാവികളുമായി സംസാരിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പിതാവ് വീരഭദ്ര സിങ്ങനെ അനുസ്മരിച്ച് ഒരുവേള വിക്രമാദിത്യ സിങ്ങ് വികാരാധീനനായി. 'ആറ് തവണ സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന പിതാവിൻ്റെ പ്രതിമ സ്ഥാപിക്കാൻ മാൾറോഡിൽ ചെറിയ സ്ഥലം കണ്ടെത്താൻ കഴിഞ്ഞില്ല. ഇതാണ് ഈ സർക്കാർ എൻ്റെ അന്തരിച്ച അച്ഛനോട് കാണിക്കുന്ന ബഹുമാനം. ഞങ്ങൾ വികാരാധീനരായ ആളുകളാണ്, ഞങ്ങൾക്ക് സ്ഥാനങ്ങളുമായി ഒരു ബന്ധവുമില്ല. പക്ഷെ ഇത് വളരെ ദൗർഭാഗ്യകരമാണ്. രാഷ്ട്രീയമായിട്ടല്ല, വൈകാരികമായി എനിക്ക് വളരെ വേദനയുണ്ട്' എന്നായിരുന്നു വിക്രമാദിത്യ സിങ്ങിൻ്റെ പ്രതികരണം. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/188049/himachalpradesh)