---
title: "ആറളം ഫാമിലെ ആന തുരത്തൽ ഞായറാഴ്ച മുതൽ പുനരാരംഭിക്കും; തുരത്തൽ രണ്ട് ഘട്ടങ്ങളായി"
english_title: "Aralam-farm "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/188718/aralam-farm"
published_at: "2024-03-01T21:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e2017cb2a47_Screenshot_20240301-215504.png"
keywords: []
---

# ആറളം ഫാമിലെ ആന തുരത്തൽ ഞായറാഴ്ച മുതൽ പുനരാരംഭിക്കും; തുരത്തൽ രണ്ട് ഘട്ടങ്ങളായി

> **Lead Summary:** **ഇരിട്ടി: **ആറളം ഫാമിൽ തമ്പടിച്ചിട്ടുള്ള കാട്ടാനകളെ ആറളം വന്യജീവി സങ്കേതത്തിലേക്ക് തുരത്തി ഓടിക്കാനുള്ള ശ്രമം ഞായറാഴ്ച മുതൽ പുനരാരംഭിക്കും. എട്ട് ദിവസം നീളുന്ന ആനതുരത്തൽ രണ്ട് ഘട്ടങ്ങളിലായി ആണ് നടപ്പാക്കുന്നത്. ഞായറാഴ്ച മുതൽ ഏഴ് വരെയുള്ള ദിവസങ്ങളിൽ ആറളം ഫാം പുനരധിവാസ മേഖലയിൽ തമ്പടിച്ചിട്ടുള്ള കാട്ടാനകളെ പൂർണ്ണമായും വനത്തിനുള്ളിലേക്ക് തുരത്തും.

## Article Content

**ഇരിട്ടി: **ആറളം ഫാമിൽ തമ്പടിച്ചിട്ടുള്ള കാട്ടാനകളെ ആറളം വന്യജീവി സങ്കേതത്തിലേക്ക് തുരത്തി ഓടിക്കാനുള്ള ശ്രമം ഞായറാഴ്ച മുതൽ പുനരാരംഭിക്കും. എട്ട് ദിവസം നീളുന്ന ആനതുരത്തൽ രണ്ട് ഘട്ടങ്ങളിലായി ആണ് നടപ്പാക്കുന്നത്. ഞായറാഴ്ച മുതൽ ഏഴ് വരെയുള്ള ദിവസങ്ങളിൽ ആറളം ഫാം പുനരധിവാസ മേഖലയിൽ തമ്പടിച്ചിട്ടുള്ള കാട്ടാനകളെ പൂർണ്ണമായും വനത്തിനുള്ളിലേക്ക് തുരത്തും.

രണ്ടാംഘട്ടത്തിൽ എട്ടുമുതലുള്ള മൂന്ന് അവധി ദിവസങ്ങളിലായി ആറളം ഫാം കൃഷിയിടത്തിലെ കാട്ടാനകളെ തുരുത്തും. ആറളം ഫാമിൽ ചേർന്ന ജനപ്രതിനിധികളുടെയും വകുപ്പ് അധികൃതരുടെയും സംഘടന പ്രതിനിധികളുടെയും അവലോകന യോഗത്തിലാണ് തീരുമാനം. ആന തുരത്തൽ മുന്നോടിയായി ആവശ്യമായ അടിയന്തിര സാഹചര്യം നിലനിൽക്കുകയാണെങ്കിൽ 144 വകുപ്പ് പ്രകാരം നിരോരോധനാജ്ഞ പ്രഖ്യാപിക്കുമെന്ന് സബ് കളക്ടർ സന്ദീപ് കുമാർ യോഗത്തെ അറിയിച്ചു.

അതീവ ജാഗ്രത പുലർത്തേണ്ട സഹചര്യത്തിൽ തുരത്തിലിന് മുന്നോടിയായി നാളെ പുനരധിവാസ മേഖലയിൽ മൈക്ക് പ്രചരണം നടത്തും. ആറളം ഫാം സ്കൂൾ പ്രധാനാദ്ധ്യാപകൻ ടി. തിലകൻ നൽകിയ പരാതിയെ തുടർന്ന് കളക്ടർ ആനതുരത്തൽ വീണ്ടും നീട്ടിവെക്കുന്നത് സംബന്ധിച്ച് നിർദ്ദേശം നൽകിയിരുന്നു. സ്കൂളിൽ പരീക്ഷ നടക്കുന്ന സാഹചര്യം കണക്കിലെടുത്താണ് പ്രധാന അധ്യാപകൻ ആശങ്ക അറിയിച്ചത്.

വിവിധ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരും ജീവനക്കാരും ഉൾപ്പെടുന്ന സംഘം തുരത്തൽ സംഘങ്ങൾക്ക് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കി കൊടുക്കാൻ സ്ഥലത്ത് ക്യാമ്പ് ചെയ്യും. പുനരധിവാസ മേഖലയിലെ തുരത്തൽ സമയത്ത് ആവശ്യമായ റോഡുകളിൽ ഗതാഗതം നിരോധിക്കും. ഫാം കൃഷിയിടത്തിലെ കാട്ടാനകളെ തുരത്തുന്ന സമയങ്ങളിൽ പാലപ്പുഴ- കക്കുവ, ഓടൻതോട്- വളയൻചാൽ ഉൾപ്പെടെ ഫാമിലെ എല്ലാ റോഡുകളിലെയും ഗതാഗതം നിരോധിക്കും.

അവലോകന യോഗത്തിൽ സബ് കളക്ടർ അധ്യക്ഷത വഹിച്ചു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധൻ, ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി രാജേഷ്, കണ്ണൂർ ഡിഎഫ്ഒ എസ് വൈശാഖ്, ഫ്ലെയിൻസ് കോഡ് ഡിഎഫ്ഒ അജിത്ത് കെ രാമൻ, ഫാം അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസർ പി.കെ. നിധീഷ് കുമാർ, ടിആർഡിഎം സൈറ്റ് മാനേജർ സി. ഷൈജു, കൊട്ടിയൂർ റെയിഞ്ചർ സുധീർ നേരത്ത്, ആറളം അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ പി. പ്രസാദ്, ആർആർടി ഡെപ്യൂട്ടി റെയിഞ്ചർ എം. ഷൈനി കുമാർ, വിവിധ കക്ഷി പ്രതിനിധികളായ അജയൻ പായം, ആന്റണി ജേക്കബ്, ഗോട്ടി കൃഷ്ണൻ, കെ. സാദത്ത്, സുരേഷ് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/188718/aralam-farm)