---
title: "വയനാട് വിത്തുത്സവം 2024 "
english_title: "Wayanad "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/188738/wayanad"
published_at: "2024-03-02T05:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e2701e6523c_IMG-20240302-WA0002.jpg"
keywords: []
---

# വയനാട് വിത്തുത്സവം 2024 

> **Lead Summary:** വയനാട് : കൃഷിയിടങ്ങളിലെ കാർഷികജൈവവൈവിധ്യ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിന് ഊന്നൽ നൽകികൊണ്ട് എം എസ് സ്വാമിനാഥന് ഗവേഷണ നിലയം, വയനാട് ജില്ല ആദിവാസി വികസന പ്രവര്ത്തക സമിതി, സീഡ് കെയർ എന്നിവർ സംയുക്തമായി സംഘടിപ്പിക്കുന്ന എട്ടാമത് വയനാട് വിത്തുത്സവം 2024 പുത്തൂർവയലിലെ എം. എസ്. സ്വാമിനാഥൻ ഗവേഷണ നിലയത്തിൽ ആരംഭിച്ചു.

## Article Content

വയനാട് : കൃഷിയിടങ്ങളിലെ കാർഷികജൈവവൈവിധ്യ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിന് ഊന്നൽ നൽകികൊണ്ട് എം എസ് സ്വാമിനാഥന് ഗവേഷണ നിലയം, വയനാട് ജില്ല ആദിവാസി വികസന പ്രവര്ത്തക സമിതി, സീഡ് കെയർ എന്നിവർ സംയുക്തമായി സംഘടിപ്പിക്കുന്ന എട്ടാമത് വയനാട് വിത്തുത്സവം 2024 പുത്തൂർവയലിലെ എം. എസ്. സ്വാമിനാഥൻ ഗവേഷണ നിലയത്തിൽ ആരംഭിച്ചു.

ശക്തമായ കാർഷിക ആവാസവ്യവസ്ഥയ്ക്കായി ഗുണമേന്മയുള്ള വിത്തുകൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും സുസ്ഥിര കൃഷിയെ പരിപോഷിപ്പിക്കുന്നതിന് സമൂഹത്തിൽ ഉത്തരവാദിത്തബോധം വളർത്തേണ്ടതിന്റെ ആവശ്യകതയുമാണ് ഈ വര്ഷത്തെ വയനാട് വിത്തുല്സവത്തിന്റെ പ്രമേയം. മാർച്ച് 1നു രാവിലെ കേന്ദ്രത്തിൽ കൽപ്പറ്റ നഗരസഭാ ചെയർമാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പൊതുമരാമത്തു-ടുറിസം വികസന വകുപ്പ് മന്ത്രി അഡ്വ പി എ മുഹ്ഹമ്മദ് റിയാസ് ഉദ്ഘാടനവും മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി  ജെ ചിഞ്ചുറാണി കാർഷിക പ്രദർശനത്തിന്റെ ഉദ്ഘാടനവും ഓൺലൈൻ ആയി നിർവഹിച്ചു.

കാർഷിക ജൈവവൈവിധ്യം സംരക്ഷിക്കുന്നതിൽ വിത്തുത്സവത്തിന്റെ പ്രാധാന്യവും വിത്തുത്സവം അന്താരാഷ്ട്രത്തലത്തിലേക്കു ഉയർത്തേണ്ടതിന്റെ ആവശ്യകതയും മന്ത്രി  റിയാസ് ചൂണ്ടിക്കാട്ടി. വിത്തുത്സവം പോലുള്ള പരിപാടികൾ വിനോദസഞ്ചാരമേഖലയുടെ വികസനത്തിനു വേണ്ടി കൂടി പ്രയോജനപ്പെടു ത്തേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

ഉത്തരവാദിത്ത വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെടുത്തിയുള്ള പരിപാടികൾ ഈ കേന്ദ്രത്തിൽ ആരംഭിക്കുമെന്നും അതുവഴി കർഷകർക്കും പ്രദേശവാസികൾക്കും പ്രയോജനം ലഭിക്കും വിധം പദ്ധതികൾ ആസൂത്രണം ചെയ്യുമെന്നും അദ്ദേഹം പ്രഖ്യാപിക്കുകയുണ്ടായി. കാലാവസ്ഥാവ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ജൈവവൈവിധ്യസംരക്ഷണത്തിന്റെ പ്രാധാന്യവും യുവതലമുറയെ തനതു വിത്ത് വൈവിധ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു അറിവുള്ളവരാക്കേണ്ടത് ദീർഘകാലത്തേക്ക് സംരക്ഷണം ഉറപ്പാക്കുന്നതിന് അത്യാവശ്യമാണെന്നും മന്ത്രി ജെ ചിഞ്ചുറാണി അഭിപ്രായപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/188738/wayanad)