---
title: "കണ്ണൂർ പാർലമെൻ്റ് മണ്ഡലം എൻ.ഡി.എ. സ്ഥാനാർത്ഥിയായി സി. രഘുനാഥ് മത്സരിക്കും "
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189053/kannur"
published_at: "2024-03-03T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e41fca7a573_Screenshot_20240303-122327_WhatsApp.jpg"
keywords: []
---

# കണ്ണൂർ പാർലമെൻ്റ് മണ്ഡലം എൻ.ഡി.എ. സ്ഥാനാർത്ഥിയായി സി. രഘുനാഥ് മത്സരിക്കും 

> **Lead Summary:** **കണ്ണൂർ**: കണ്ണൂരിൽ സി. രഘുനാഥ് തന്നെ എൻ.ഡി.എ. സ്ഥാനാർഥിയായി എത്തുന്നു. ഡി.സി.സി. മുൻ സെക്രട്ടറിയായ ഇദ്ദേഹം ഡിസംബർ അവസാനമാണ് ബി.ജെ.പി. അധ്യക്ഷൻ ജെ.പി. നഡ്ഡയിൽനിന്ന് അംഗത്വം സ്വീകരിച്ചത്. പിറകെ ബി.ജെ.പി. ദേശീയസമിതിയംഗവുമായി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ധർമടത്ത് പിണറായി വിജയനെതിരേ കോൺഗ്രസ് സ്ഥാനാർഥിയായിരുന്നു രഘുനാഥ്.

## Article Content

**കണ്ണൂർ**: കണ്ണൂരിൽ സി. രഘുനാഥ് തന്നെ എൻ.ഡി.എ. സ്ഥാനാർഥിയായി എത്തുന്നു. ഡി.സി.സി. മുൻ സെക്രട്ടറിയായ ഇദ്ദേഹം ഡിസംബർ അവസാനമാണ് ബി.ജെ.പി. അധ്യക്ഷൻ ജെ.പി. നഡ്ഡയിൽനിന്ന് അംഗത്വം സ്വീകരിച്ചത്. പിറകെ ബി.ജെ.പി. ദേശീയസമിതിയംഗവുമായി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ധർമടത്ത് പിണറായി വിജയനെതിരേ കോൺഗ്രസ് സ്ഥാനാർഥിയായിരുന്നു രഘുനാഥ്.

നേതൃത്വവുമായുള്ള അഭിപ്രായഭിന്നതകളെ തുടർന്നായിരുന്നു കോൺഗ്രസ് വിട്ടത്. കെ. സുധാകരന്റെ അനുയായിയായിരുന്നു. കോൺഗ്രസിന്റെ സാധാരണ പ്രവർത്തകരുമായി നല്ല വ്യക്തിബന്ധം പുലർത്തുന്ന രഘുനാഥിന് ഇത് വോട്ടാക്കി മാറ്റാനാകുമോ എന്നാണ് ബി.ജെ.പി.യുടെ നോട്ടം. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന മെഡിക്കൽ ആർക്കിടെക്ചറൽ കമ്പനിയായ മെഡിഗാസ് സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ എം.ഡി. ആണ്. ഗവ. ബ്രണ്ണൻ കോളേജ് യൂണിയൻ ചെയർമാൻ, കണ്ണൂർ എസ്.എൻ. കോളേജ് കൗൺസിലർ, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം, കാനന്നൂർ പബ്ലിക് ലൈബ്രറി പ്രസിഡന്റ്, ട്രാക്ക് കണ്ണൂർ പ്രസിഡന്റ്, സീനിയർ ബ്രണ്ണൻ അലുംനി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.

ഗവ. ബ്രണ്ണൻ കോളേജിൽനിന്ന് ബിരുദവും എസ്.എൻ. കോളേജിൽനിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദാനന്തരബിരുദവും നേടി. ചക്കരക്കൽ മാന്പ സ്വദേശിയാണ് 67-കാരനായ രഘുനാഥ്. അച്ഛൻ: റിട്ട. പോലീസ് ഓഫീസർ പരേതനായ എം.ഒ. ചന്തുക്കുട്ടി നമ്പ്യാർ. അമ്മ: പരേതയായ ഇല്ലത്തു കാർത്യായനിയമ്മ. ഭാര്യ: മോണിക്ക രഘുനാഥ്. മക്കൾ: അർജുൻ രഘുനാഥ് (മറൈൻ എൻജിനിയർ), നിരഞ്ജൻ രഘുനാഥ് (സിവിൽ എൻജിനിയർ).

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189053/kannur)