---
title: "#Ashraf | കലാലയ മുറ്റത്തെ ആദ്യ ചോരത്തുള്ളിക്ക്‌ അൻപതാണ്ട്‌; ഇന്ന് അഷ്റഫ് രക്തസാക്ഷി ദിനം "
english_title: "Today is Ashraf Martyr's Day"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189463/today-is-ashraf-martyrs-day"
published_at: "2024-03-05T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e6c1d28e3e4_Screenshot_2024-03-05-12-24-01-87_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# #Ashraf | കലാലയ മുറ്റത്തെ ആദ്യ ചോരത്തുള്ളിക്ക്‌ അൻപതാണ്ട്‌; ഇന്ന് അഷ്റഫ് രക്തസാക്ഷി ദിനം 

> **Lead Summary:** **തലശ്ശേരി: **ക്യാമ്പസിനുള്ളിലെ ആദ്യ രക്തസാക്ഷിത്വത്തിന്‌ അരനൂറ്റാണ്ട്‌. 1974 മാർച്ച്‌ അഞ്ചിനാണ്‌ കളിക്കളങ്ങളിലെ രാജകുമാരനായിരുന്ന ബ്രണ്ണൻ കോളേജിലെ അഷ്‌റഫിന്റെ ജീവൻ കെ.എസ്‌.യു പ്രവർത്തകരുടെ കഠാരത്തുമ്പിൽ പൊലിഞ്ഞത്‌. ക്യാമ്പസുകളിൽ അക്രമരാഷ്ട്രീയത്തിന്റെ വിത്തുപാകിയവർ മാലാഖ ചമയുന്ന നാളുകളിലാണ്‌ കേരളത്തിലെ കലാലയത്തിലെ ആദ്യരക്തസാക്ഷിയുടെ ഓർമ പുതുക്കപ്പെടുന്നത്‌.

## Article Content

**തലശ്ശേരി: **ക്യാമ്പസിനുള്ളിലെ ആദ്യ രക്തസാക്ഷിത്വത്തിന്‌ അരനൂറ്റാണ്ട്‌. 1974 മാർച്ച്‌ അഞ്ചിനാണ്‌ കളിക്കളങ്ങളിലെ രാജകുമാരനായിരുന്ന ബ്രണ്ണൻ കോളേജിലെ അഷ്‌റഫിന്റെ ജീവൻ കെ.എസ്‌.യു പ്രവർത്തകരുടെ കഠാരത്തുമ്പിൽ പൊലിഞ്ഞത്‌. ക്യാമ്പസുകളിൽ അക്രമരാഷ്ട്രീയത്തിന്റെ വിത്തുപാകിയവർ മാലാഖ ചമയുന്ന നാളുകളിലാണ്‌ കേരളത്തിലെ കലാലയത്തിലെ ആദ്യരക്തസാക്ഷിയുടെ ഓർമ പുതുക്കപ്പെടുന്നത്‌.

1973 ബ്രണ്ണൻകോളേജിന്റെയും എസ്‌.എഫ്‌.ഐ.യുടെയും ചരിത്രത്തിൽ നിർണായകമായിരുന്നു. ബ്രണ്ണൻ കോളേജ്‌ തെരഞ്ഞെടുപ്പിൽ ആദ്യമായി എസ്‌.എഫ്‌.ഐ വിജയിച്ചു. പ്രതികാര ദാഹികളായ കെ.എസ്‌.യു.ക്കാർ ഡിസംബർ മൂന്നിന്‌ വ്യാപകമായി അക്രമം അഴിച്ചുവിട്ടു. യൂണിയൻ ചെയർമാനായി വിജയിച്ച എ.കെ ബാലനെ വകവരുത്താനായിരുന്നു തീരുമാനം. കവിയൂർ ബാലൻ, പി.എൻ. അഷ്‌റഫ്‌, ബാലസംഘം താലൂക്ക്‌ സെക്രട്ടറി പി. ദിനേശൻ, വിദ്യാർഥി യൂണിയൻ രണ്ടാംവർഷ പ്രതിനിധി ഇ.പി. മോഹൻ, ഇ.കെ. ജനാർദനൻ തുടങ്ങി ആറുപേർക്ക്‌ ആക്രമണത്തിൽ മാരകമായി മുറിവേറ്റു. എ.കെ. ബാലനായി കരുതിവച്ച കത്തിമുന പക്ഷേ, ആഴ്‌ന്നിറങ്ങിയത്‌ അഷ്‌റഫിന്റെ നെഞ്ചിലേക്കായിരുന്നു. മൂന്നുമാസം ആശുപത്രിയിൽ മരണത്തോട്‌ മല്ലടിച്ച അഷ്‌റഫ്‌ മാർച്ച്‌ അഞ്ചിന്‌ മരണത്തിന്‌ കീഴടങ്ങി.

പഠനത്തിലും കായികരംഗത്തും സംഘടനാ പ്രവർത്തനത്തിലും ഒന്നുപോലെ തിളങ്ങിയ പ്രതിഭയെയാണ്‌ കെ.എസ്‌.യു.ക്കാർ ഇല്ലാതാക്കിയത്‌. എസ്‌.എഫ്‌.ഐ പ്രവർത്തകനായി എന്നതുമാത്രമായിരുന്നു ആ ധീരനുമേൽ കെ.എസ്‌.യു കണ്ടെത്തിയ കുറ്റം. കലാലയത്തിന് പുറത്ത്, 1971 ഒക്ടോബർ എട്ടിന്‌ തിരുവനന്തപുരത്ത്‌ കൊല്ലപ്പെട്ട ദേവപാലന്‌ ശേഷമുണ്ടായ രക്തസാക്ഷിത്വമായിരുന്നു അഷ്‌റഫിന്റേത്‌.

തിരുവനന്തപുരത്ത് നടന്ന എസ്.എഫ്.ഐ കൺവെൻഷനോടനുബന്ധിച്ചുള്ള പ്രകടനത്തിലേക്ക് ബസ് ഓടിച്ചുകയറ്റി കോൺഗ്രസുകാരനായ ഡ്രൈവർ ദേവപാലനെ കൊലപ്പെടുത്തുകയായിരുന്നു. തലശേരി ബ്രണ്ണൻ കോളേജടക്കം സംസ്ഥാനത്തെ മുഴുവൻ ക്യാമ്പസുകളിലും ചൊവ്വാഴ്‌ച അഷ്‌റഫ്‌ രക്തസാക്ഷി ദിനമാചരിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189463/today-is-ashraf-martyrs-day)