---
title: "മലയാറ്റൂര്‍ തീര്‍ഥാടനം: പ്രത്യേക സര്‍വീസുമായി കെഎസ്‌ആര്‍ടിസി; പ്രൈവറ്റ് ബസുകള്‍ക്ക് സ്‌പെഷ്യല്‍ പെര്‍മിറ്റ്; തിരക്ക് മുന്‍നിര്‍ത്തി ക്രമീകരണങ്ങള്‍"
english_title: "Malayattoor ksrtc "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189515/malayattoor-ksrtc"
published_at: "2024-03-05T19:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e71f0ad02b3_n5889493341709645345133299b5e3ccfc2c7db1b2d1ec91cef1c902a59940ea00b318bddd046aa23d11a3b.jpg"
keywords: []
---

# മലയാറ്റൂര്‍ തീര്‍ഥാടനം: പ്രത്യേക സര്‍വീസുമായി കെഎസ്‌ആര്‍ടിസി; പ്രൈവറ്റ് ബസുകള്‍ക്ക് സ്‌പെഷ്യല്‍ പെര്‍മിറ്റ്; തിരക്ക് മുന്‍നിര്‍ത്തി ക്രമീകരണങ്ങള്‍

> **Lead Summary:** **കൊച്ചി: **മലയാറ്റൂര്‍ അന്താരാഷ്ട്ര തീര്‍ഥാടന കേന്ദ്രത്തിലെ വിശുദ്ധ വാരത്തിനോട് അനുബന്ധിച്ച്‌ ജനത്തിരക്ക് പരിഗണിച്ച്‌ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ റോജി എം ജോണ്‍ എംഎല്‍എയുടെയും ജില്ലാ കളക്ടര്‍ എന്‍എസ്‌കെ ഉമേഷിന്റെയും നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തില്‍ തീരുമാനം.

## Article Content

**കൊച്ചി: **മലയാറ്റൂര്‍ അന്താരാഷ്ട്ര തീര്‍ഥാടന കേന്ദ്രത്തിലെ വിശുദ്ധ വാരത്തിനോട് അനുബന്ധിച്ച്‌ ജനത്തിരക്ക് പരിഗണിച്ച്‌ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ റോജി എം ജോണ്‍ എംഎല്‍എയുടെയും ജില്ലാ കളക്ടര്‍ എന്‍എസ്‌കെ ഉമേഷിന്റെയും നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തില്‍ തീരുമാനം.

എല്ലാ വകുപ്പുകളുയും ഏകോപനത്തോടെ പ്രവര്‍ത്തിച്ച്‌ തീര്‍ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് എംഎല്‍എ നിര്‍ദേശിച്ചു. റോഡുകളുടെ അറ്റകുറ്റപ്പണിയും കാനകളില്‍ സ്ലാബ് ഇടുന്ന പ്രവര്‍ത്തനങ്ങളും ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. ജനത്തിരക്ക് മുന്നില്‍ക്കണ്ട് എല്ലാവിധ സജ്ജീകരണങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തണമെന്ന് കളക്ടര്‍ പറഞ്ഞു. 

മാര്‍ച്ച്‌ 23 മുതല്‍ ഏപ്രില്‍ 30വരെയാണ് മലയാറ്റൂര്‍ തീര്‍ഥാടന കേന്ദ്രത്തില്‍ വിശുദ്ധ വാരം. ഈ ദിവസങ്ങളില്‍ ക്രമസമാധാന ചുമതലയ്ക്കായി കൂടുതല്‍ പൊലീസുകാരെ വിന്യസിക്കും. ആവശ്യമായ പാര്‍ക്കിംഗ് സൗകര്യങ്ങളും ഗതാഗത നിയന്ത്രണങ്ങളും പൊലീസിന്റെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തും. തിരുനാള്‍ ദിനങ്ങളില്‍ പൊലീസ് പട്രോളിഗ് ശക്തമാക്കും. പുഴയോരത്തും തടാകത്തിന്റെ സമീപത്തും സുരക്ഷാ മുന്നൊരുക്കങ്ങള്‍ ഒരുക്കും. ഭിക്ഷാടനം നിയന്ത്രിക്കുന്നതിന് നടപടികള്‍ സ്വീകരിക്കും.

പള്ളി പരിസരത്തും അടിവാരത്തുമായി കുടിവെള്ളത്തിന് ആവശ്യമായ പബ്ലിക് ടാപ്പുകള്‍ സ്ഥാപിക്കാനും കാല്‍നടയായി വരുന്ന യാത്രക്കാര്‍ക്കായി വഴിയരികിലെ പബ്ലിക് ടാപ്പുകള്‍ പുനരുദ്ധാരണം ചെയ്യാനും വാട്ടര്‍ അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കി.

സിവില്‍ സപ്ലൈസ് ലീഗല്‍ മെട്രോളജി ഭക്ഷ്യ സുരക്ഷാ വകുപ്പ് എന്നിവര്‍ സംയുക്തമായി സ്‌ക്വാഡുകള്‍ രൂപീകരിച്ച്‌ കടകളില്‍ പരിശോധന നടത്തും. വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാന്‍ കടകള്‍ക്ക് നിര്‍ദേശം നല്‍കും. അനധികൃത മദ്യ വില്‍പ്പനയും ലഹരിപദാര്‍ത്ഥങ്ങളുടെ വില്പനയും തടയുന്നതിന് എക്‌സൈസിന്റെ നേതൃത്വത്തില്‍ നടപടികള്‍ സ്വീകരിക്കും.

വനം വകുപ്പിന്റെ നേതൃത്വത്തില്‍ വന സംരക്ഷണ ബോധവല്‍ക്കരണ ബോര്‍ഡുകള്‍ സ്ഥാപിക്കും. തീര്‍ത്ഥാടന കേന്ദ്രത്തിനോട് ചേര്‍ന്ന വനമേഖലകളില്‍ പരിശോധനകളും നടക്കും. അടിവാരത്തും കുരിശുമുടിയിലും മെഡിക്കല്‍ സൗകര്യങ്ങള്‍ ഒരുക്കും. ആംബുലന്‍സുകളും സ്ട്രക്ചറുകളും ഡോക്ടര്‍മാരുടെ സേവനവും ഉറപ്പാക്കും. റോഡുകളിലെ സുരക്ഷ ഉറപ്പുവരുത്താനും കുഴികളും കാനകളും അടയ്ക്കുന്നതിനും അപകടസൂചികള്‍ സ്ഥാപിക്കുന്നതിനും പൊതുമരാമത്ത് വകുപ്പിന് നിര്‍ദേശം നല്‍കി.

തീര്‍ഥാടകര്‍ പുഴയിലും തടാകത്തിലും ഇറങ്ങി ഉണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ സുരക്ഷാ നടപടികള്‍ സ്വീകരിക്കും. തീപിടിത്തം തുടങ്ങിയ സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിന് അഗ്‌നി രക്ഷാ സേനയുടെ സേവനം ഉറപ്പാക്കും. താല്‍ക്കാലിക വൈദ്യുതി കണക്ഷന്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കാനും കൂടുതല്‍ ജീവനക്കാരുടെ സേവനം ഉറപ്പുവരുത്തുവാനും കെഎസ്‌ഇബിക്ക് നിര്‍ദ്ദേശം നല്‍കി. വിശുദ്ധവാരത്തോടനുബന്ധിച്ച്‌ കെഎസ്‌ആര്‍ടിസിയുടെ നേതൃത്വത്തില്‍ വിവിധ ഡിപ്പോകളില്‍ നിന്ന് മലയാറ്റൂരിലേക്ക് സര്‍വീസ് ആരംഭിക്കും. ഗതാഗതം സൗകര്യം ഉറപ്പുവരുത്താന്‍ പ്രൈവറ്റ് ബസുകള്‍ക്ക് സ്‌പെഷ്യല്‍ പെര്‍മിറ്റ് നല്‍കും.

മാലിന്യ നിര്‍മ്മാര്‍ജ്ജനം ഉറപ്പുവരുത്തുന്നതിന് ശുചിത്വമിഷന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കും. എല്ലായിടങ്ങളിലും വേസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കും. കടകളിലെ മാലിന്യങ്ങള്‍ കൃത്യമായി നിര്‍മാര്‍ജനം ചെയ്യുന്നതിന് സംവിധാനം സജ്ജമാക്കും. ശുചിത്വ പ്രവര്‍ത്തനങ്ങളും മികച്ച രീതിയില്‍ നടപ്പിലാക്കുന്നതിന് വാളന്റിയര്‍മാരുടെ സേവനം ഉറപ്പുവരുത്തും.

ആലുവ പാലസ് ഗസ്റ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം അനിമോള്‍ ബേബി, എ.എസ്.പി മോഹിത് റാവത്ത്, മലയാറ്റൂര്‍ പള്ളി വികാരി ഫാ: വര്‍ഗീസ് മണവാളന്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, വൈദികര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189515/malayattoor-ksrtc)