---
title: "#Kannur |  കാച്ചി മുക്കിയ ജീവിതം: പരമ്പരാഗതമായ കൊല്ലപ്പണിയുമായി യുവാവ് "
english_title: "Blown Life: Young Man with Traditional Work"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/189941/blown-life-young-man-with-traditional-work"
published_at: "2024-03-07T15:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e98a7730793_IMG-20240307-WA0032.jpg"
keywords: []
---

# #Kannur |  കാച്ചി മുക്കിയ ജീവിതം: പരമ്പരാഗതമായ കൊല്ലപ്പണിയുമായി യുവാവ് 

> **Lead Summary:** കണ്ണൂർ: യന്ത്രവൽക്കരണത്തിന്റെ കറുത്ത കൈകളിൽ അമർന്ന് ഇല്ലാതായ പാരമ്പര്യ തൊഴിലുകളിൽ ഒന്നാണ് കൊല്ലപ്പണി. ലോഹയുഗം മുതൽ മനുഷ്യൻ തീയുടെ സഹായത്തോടെ ഇരുമ്പിനെ പഴുപ്പിച്ചു തൻറെ സംരക്ഷണത്തിനും ഇര തേടാനും ഉപയോഗിച്ചിരുന്ന കാലം മുതൽ തുടർന്നു പോകുന്ന കൊല്ലപ്പണി ആധുനിക യന്ത്രങ്ങളുടെ കടന്നുകയറ്റത്തോടെ ഇല്ലാതായി. എന്നാൽ അപൂർവ്വങ്ങളായാണ് നാട്ടിൽ കൊല്ലപ്പണി കാണാൻ സാധിക്കുന്നത്. ഊതി കത്തിക്കുന്നതിന് പകരം ചക്രം കറക്കി അതിലൂടെ കാറ്റ് വരുത്തി തീ പടർത്തി ചിരട്ടക്കരിയിട്ട് കത്തിച്ച് അതിൽ ഇരുമ്പ് വെച്ച് പഴുപ്പിച്ചാണ് വിവിധ രൂപത്തിലുള്ള ഇരുമ്പ് ആയുധങ്ങൾ ഉണ്ടാക്കി വരുന്നത്.

## Article Content

കണ്ണൂർ: യന്ത്രവൽക്കരണത്തിന്റെ കറുത്ത കൈകളിൽ അമർന്ന് ഇല്ലാതായ പാരമ്പര്യ തൊഴിലുകളിൽ ഒന്നാണ് കൊല്ലപ്പണി. ലോഹയുഗം മുതൽ മനുഷ്യൻ തീയുടെ സഹായത്തോടെ ഇരുമ്പിനെ പഴുപ്പിച്ചു തൻറെ സംരക്ഷണത്തിനും ഇര തേടാനും ഉപയോഗിച്ചിരുന്ന കാലം മുതൽ തുടർന്നു പോകുന്ന കൊല്ലപ്പണി ആധുനിക യന്ത്രങ്ങളുടെ കടന്നുകയറ്റത്തോടെ ഇല്ലാതായി. എന്നാൽ അപൂർവ്വങ്ങളായാണ് നാട്ടിൽ കൊല്ലപ്പണി കാണാൻ സാധിക്കുന്നത്. ഊതി കത്തിക്കുന്നതിന് പകരം ചക്രം കറക്കി അതിലൂടെ കാറ്റ് വരുത്തി തീ പടർത്തി ചിരട്ടക്കരിയിട്ട് കത്തിച്ച് അതിൽ ഇരുമ്പ് വെച്ച് പഴുപ്പിച്ചാണ് വിവിധ രൂപത്തിലുള്ള ഇരുമ്പ് ആയുധങ്ങൾ ഉണ്ടാക്കി വരുന്നത്.

എന്നാൽ അതിന്ന് പുതുതലമുറയ്ക്ക് പഴങ്കഥയാണ്. എന്നാൽ യുവതലമുറ മൊബൈൽ ഫോണിന് പിന്നാലെ ഓടുമ്പോൾ പൈതൃകമായി ലഭിച്ച കൊല്ലപ്പണി ചെയ്ത് ഉപജീവനമാർഗ്ഗം കഴിക്കുന്ന ഒരു ചെറുപ്പക്കാരൻ ഉണ്ട് നാട്ടിൽ. ചെറുപുഴ കമ്പിപ്പാലത്തിന് സമീപം കൊല്ലപ്പണി ചെയ്യുന്ന അനീഷ് എന്ന ചെറുപ്പക്കാരൻ. ചിറ്റാരിക്കാലിനടുത്ത് കൊല്ലപ്പണി ചെയ്തു വന്ന ഇയാൾ അടുത്ത കാലത്താണ് ഇവിടേക്ക് വന്നത്. ഒട്ടുമിക്കവാറും എല്ലാ ഇരുമ്പായുധങ്ങളും അനീഷ് തൻ്റെ ആലയിൽ പണി കഴിക്കും.

ടാലി, കത്തി തൂമ്പ, മൺവെട്ടി തുടങ്ങിയ മിക്കവാറും ഉപകരണങ്ങൾ ഇയാൾ നിർമ്മിക്കുകയും ചെയ്യും. തെക്കൻ തിരുവിതാംകൂറിൽ നിന്നും കുടിയേറി പാർത്ത അനീഷിന്റെ അപ്പനപ്പൂപ്പന്മാരെല്ലാം കൊല്ലപ്പണിക്കരായിരുന്നു. ആ പാരമ്പര്യം നശിക്കാതെ കാത്തുസൂക്ഷിക്കുന്നുണ്ട് ഈ ചെറുപ്പക്കാരൻ. എന്നാൽ ഈ കാലഘട്ടത്തിൽ എല്ലാ സാധനങ്ങളും ഫാക്ടറികളിൽ നിന്ന് നിർമിച്ചു വരുന്നതിനാൽ പണി തീരെ കുറവാണ് എന്നാണ് അനീഷ് പറയുന്നത്. കാടുവയക്കുന്ന കത്തികളും തൂമ്പകളുമാണ് അധികവും കാച്ചാൻ കൊണ്ടുവരുന്നത്.

എങ്കിലും ജെ.സി.ബി.യും ഹിറ്റാച്ചിയും അതുപോലെ കാട് വയക്കുന്ന മെഷീനും വന്നതോടെ ആ പണിയും കുറഞ്ഞു. എങ്കിലും കൈകൊണ്ട് കാച്ചി മുക്കി എടുക്കുന്ന സാധനങ്ങളുടെ ഗുണനിലവാരം അറിയുന്ന മിക്കവാറും എല്ലാവരും തന്നെ തൻ്റെ അടുത്തെത്താറുണ്ടെന്ന് അനീഷ് പറയുന്നു. ഈ കാലഘട്ടത്തിൽ ഈ കുലത്തൊഴിൽ ചെയ്യുന്ന ചെറുപ്പക്കാരനെ നമുക്ക് അംഗീകരിച്ചേ മതിയാകൂ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/189941/blown-life-young-man-with-traditional-work)