---
title: "സുരക്ഷാ മുൻകരുതലുകളോടെ ആറളം ഫാമിൽ രണ്ടാം ഘട്ടം ആനയെ തുരത്തൽ ആരംഭിച്ചു"
english_title: "Aralam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/190078/aralam"
published_at: "2024-03-08T08:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ea7cb678f1d_Screenshot_20240308-081304_WhatsApp.jpg"
keywords: []
---

# സുരക്ഷാ മുൻകരുതലുകളോടെ ആറളം ഫാമിൽ രണ്ടാം ഘട്ടം ആനയെ തുരത്തൽ ആരംഭിച്ചു

> **Lead Summary:** **ആറളം ഫാം** :ആറളം ഫാമിലെ കൃഷി ഇടങ്ങളിൽ നിന്നും ആനയെ തുരത്തുന്ന രണ്ടാം ഘട്ട നടപടികൾ ആരംഭിച്ചു . 8,9,10 മൂന്ന് ദിവസങ്ങളിൽ ആയി നടക്കുന്ന തുരത്തൽ രാവിലെ 7:30 മണിയോടെ ബ്ലോക്ക് ഒന്നിൽ നിന്നും ആരംഭിച്ചു . വനപാലകരും ഫാം സുരക്ഷാ ജീവനക്കാരും പ്രാദേശികമായി തിരഞ്ഞെടുക്കുന്ന ആളുകളും ഉൾപ്പെടെ 15 പേർ വീതമുള്ള മൂന്ന് സംഘങ്ങളാണ് ആനകളെ തുരത്തുന്നത്.

## Article Content

**ആറളം ഫാം** :ആറളം ഫാമിലെ കൃഷി ഇടങ്ങളിൽ നിന്നും ആനയെ തുരത്തുന്ന രണ്ടാം ഘട്ട നടപടികൾ ആരംഭിച്ചു . 8,9,10 മൂന്ന് ദിവസങ്ങളിൽ ആയി നടക്കുന്ന തുരത്തൽ രാവിലെ 7:30 മണിയോടെ ബ്ലോക്ക് ഒന്നിൽ നിന്നും ആരംഭിച്ചു . വനപാലകരും ഫാം സുരക്ഷാ ജീവനക്കാരും പ്രാദേശികമായി തിരഞ്ഞെടുക്കുന്ന ആളുകളും ഉൾപ്പെടെ 15 പേർ വീതമുള്ള മൂന്ന് സംഘങ്ങളാണ് ആനകളെ തുരത്തുന്നത്.

രണ്ട് സംഘങ്ങൾ ഫാം കൃഷിയിടത്തിൽ നിന്നു ആനകളെ തുരത്തുമ്പോൾ മൂന്നാമത്തെ സംഘം പുനരധിവാസ മേഖലയിൽ എത്തിക്കുന്ന ആനകളെ അവിടന്നു ഓടിക്കും. പടക്കം പൊട്ടിച്ചും ട്രാക്റ്റർ ഉപയോഗിച്ച് ശബ്ദം ഉണ്ടാക്കിയുമാണ് ആനകളെ തുരത്തുന്നത് . കൃഷിയിടത്തിൽ നിന്നും വെളിയിൽ എത്തുന്ന ആനകളെ പുനരധിവാസ മേഖലയിലൂടെ കടത്തി വന്യജീവി സങ്കേതത്തിൽ എത്തിക്കുകയാണ് തുരത്തലിന്റെ ലക്ഷ്യം .

ഫാമിലെ കൃഷിയിടങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി 35 ലക്ഷം രൂപയോളം ചിലവിൽ സോളാർ വേലികൾ സ്ഥാപിച്ചുകഴിഞ്ഞു . ഫാമിന്റെ പ്രധാന വരുമാന മാർഗം ആയ കശുവണ്ടി വിളവെടുപ്പ് ആനയുടെ ശല്യം കാരണം കൃത്യമായി നടത്താൻ കഴിയാതെ വന്നതോടെയാണ് ആനയെ തുരത്തൽ നടപടിയിലേക്ക് ഫാം അധികൃതർ നീങ്ങിയത് . ആനയെ തുരത്താനുള്ള ആദ്യഘട്ട നടപടികൾ പ്രദേശ വാസികളുടെ എതിർപ്പിനെ തുടർന്ന് നിർത്തി വച്ചിരുന്നു .

പിന്നീട് നടന്ന സമവായ ചർച്ചയിലൂടെ എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ചുകൊണ്ട് പുനരധിവാസ മേഖലയിൽ നിന്നും അഞ്ചോളം ആനകളെ ആദ്യഘട്ടത്തിൽ കാട്ടിലേക്ക് തുരത്തിയിരുന്നു . ഫാം മേഖലയിൽ നിരോധനാജ്ഞ ഫാമിനുള്ളിലൂടെ ഉള്ള യാത്ര പൂർണമായും നിരോധിച്ചുകൊണ്ടാണ് ആനയെ തുരത്തൽനടപടികൾ വനം വകുപ്പ് നടത്തുന്നത് .

പുനരധിവാസ മേഖലയിലെ സുരക്ഷ കണക്കിലെടുത്ത് ടി ആർ ഡി എം ന്റെ നേതൃത്വത്തിൽ മേഖലയിൽ ഉച്ചഭാഷിണി ഉപയോഗിച്ചും പ്രമോട്ടർമാർ മുഖാന്തിരവും ജനങ്ങളെ വീടുകളിൽ തന്നെ സുരക്ഷിതരായി ഇരിക്കുവാൻ അറിയിച്ചിട്ടുണ്ട് . പരീക്ഷ കാലങ്ങളിൽ ആറളം ഫാം സ്കൂളിൽ നടത്തുന്ന റെസിഡൻഷ്യൽ ക്യാമ്പുകൾ മൂന്ന് ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ് .

അതുപോലെ തന്നെ ആറളം വന്യജീവി സങ്കേതത്തിനും മൂന്ന് ദിവസം അവധി പ്രഖ്യാപിച്ചിരിക്കുകയാണ് . പോലീസ് , ആരോഗ്യ വകുപ്പ് തുടങ്ങിയ വകുപ്പുകളുടെ സഹായത്തോടെ ആവശ്യമായ സുരക്ഷാ മുന്കരുതലുകളോടെ ആണ് ആനയെ ഫാമിൽ നിന്നും കാടുകയറ്റുന്നത് . ആനകൾ കാടുകയറിയാൽ ഉടൻ തന്നെ വനാതിർത്തിയിൽ സ്ഥാപിച്ചിരിക്കുന്ന താൽകാലിക വേലികൾ ചാർജ് ചെയ്ത് ആനകളെ കാട്ടിൽ തന്നെ നിർത്തുന്നതിനുള്ള നടപടികൾ വനം വകുപ്പ് തുടരും .

ആന മതിൽ പൂർത്തിയാകുന്നതോടെ ആനയുടെ ആക്രമണം പൂർണ്ണമായും തടയാൻ കഴിയുമെന്ന വിശ്വാസത്തിലാണ് ജനങ്ങൾ . ആനകളെ കാട്ടിൽ എത്തിക്കുന്നതോടെ ഫാമിന് വെളിയിലെ ജനവാസ മേഖലയിൽ ആന എത്താനുള്ള സാധ്യത വളരെ കൂടുതലാണ് . കൃഷി വകുപ്പും ത്രിതല പഞ്ചായത്തുകളും ചേർന്ന് നടപ്പാക്കുന്ന സോളാർ വേലി പദ്ധതി യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തിയാക്കിയില്ലെങ്കിൽ ആനകൾ ജനവാസ കേന്ദ്രത്തിൽ ഭീതി സൃഷിടിക്കും എന്നതിൽ തർക്കമില്ല . വൈൽഡ് ലൈഫ് വാർഡൻ ജി. പ്രദീപ്, കൊട്ടിയൂർ റേഞ്ചർ സുധീർ നേരത്ത്, എം. ലക്ഷ്മണൻ തഹസിൽദാർ എൽ ആർ, ആറളം അസിസ്‌റ്റൻ്റ് വൈൽഡ് ലൈഫ് വാർഡൻ പി. പ്രസാദ് ദ്രുത പ്രതികരണ സേന ഡപ്യൂട്ടി റേഞ്ചർ എം. ഷൈനി കുമാർ, ഇരിട്ടി ഡപ്യൂട്ടി റേഞ്ചർ കെ. ജിജിൽ, ഫോറസ്‌റ്റർ സി.കെ. മഹേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ആനതുരത്തൽ നടത്തുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/190078/aralam)