---
title: "#Siddharth | സിദ്ധാര്‍ഥന്റെ മരണം; അന്വേഷണം സി.ബി.ഐ.ക്ക് വിട്ട് സര്‍ക്കാര്‍ ഉത്തരവിറക്കി "
english_title: "The government issued an order leaving the investigation to the CBI"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/190398/the-government-issued-an-order-leaving-the-investigation-to-the-cbi"
published_at: "2024-03-09T12:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ec0bc90173e_Screenshot_2024-03-09-12-41-21-18_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# #Siddharth | സിദ്ധാര്‍ഥന്റെ മരണം; അന്വേഷണം സി.ബി.ഐ.ക്ക് വിട്ട് സര്‍ക്കാര്‍ ഉത്തരവിറക്കി 

> **Lead Summary:** **തിരുവനന്തപുരം:** പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി ജെ.എസ്. സിദ്ധാർഥൻ്റ മരണത്തിൽ അന്വേഷണം സി.ബി.ഐക്ക് വിട്ട് സർക്കാർ ഉത്തരവിറക്കി. സംഭവത്തിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം ശനിയാഴ്‌ച മുഖ്യമന്ത്രിയെ കണ്ടിരുന്നു.

## Article Content

**തിരുവനന്തപുരം:** പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി ജെ.എസ്. സിദ്ധാർഥൻ്റ മരണത്തിൽ അന്വേഷണം സി.ബി.ഐക്ക് വിട്ട് സർക്കാർ ഉത്തരവിറക്കി. സംഭവത്തിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം ശനിയാഴ്‌ച മുഖ്യമന്ത്രിയെ കണ്ടിരുന്നു.

സിദ്ധാർഥന്റെ പിതാവ് ജയപ്രകാശും അമ്മാവൻ ഷിബുവുമായിരുന്നു മുഖ്യമന്ത്രിയെ സന്ദർശിച്ചത്. തുടർന്ന് അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതിന് ശേഷമാണ് കുടുംബത്തിൻ്റെ ആവശ്യം പരിഗണിച്ച് ഇപ്പോൾ ഉത്തരവ് വന്നിരിക്കുന്നത്. ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ ലോക്കൽ പോലീസാണ് കേസ് അന്വേഷിക്കുന്നത്. ഈ അന്വേഷണത്തിൽ കുടുംബം തൃപ്‌തരായിരുന്നില്ല. തുടർന്നായിരുന്നു മുഖ്യമന്ത്രിയെ സന്ദർശിച്ചത്.

മുഖ്യമന്ത്രിയെ കണ്ട് സിദ്ധാർഥന് നേരിടേണ്ടി വന്ന ക്രൂരതയെ കുറിച്ച് വിവരിച്ചിരുന്നു. മരിച്ചതല്ല കൊന്നതാണെന്ന് തുറന്നുപറഞ്ഞു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടപ്പോൾ നോക്കട്ടെ എന്നല്ല, ഉറപ്പാണ് പറഞ്ഞതെന്നും ജയപ്രകാശ് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

'അസിസ്റ്റന്റ് വാർഡനേയും ഡീനിനേയും കൊലക്കുറ്റത്തിന് പ്രതിചേർക്കണമെന്ന് ആവശ്യപ്പെട്ടു. സസ്പെൻഷല്ല, ഇരുവരേയും പുറത്താക്കി സർവീസിൽനിന്ന് മാറ്റിനിർത്തി അന്വേഷണം നടത്തണം. 2019-ന് ശേഷം സർവകലാശാലയിൽ ഒരുപാട് ആത്മഹത്യകളും അപകടമരണങ്ങളും നടന്നിട്ടുണ്ട്. അവയും അന്വേഷിക്കണം', അദ്ദേഹം ആവശ്യപ്പെട്ടു.

ട്രെയിനിൽവെച്ച് സിദ്ധാർഥനെ വകവരുത്താൻ ശ്രമിച്ചോയെന്ന് സംശയമുണ്ട്. ദേവരാഗ് എന്ന പുതിയ പേര് ആൻ്റി റാഗിങ് സ്പോഡിൻ്റെ റിപ്പോർട്ടിലുണ്ട്. പോലീസ് അന്വേഷണത്തിൽ അങ്ങനെയൊരു പേരില്ല. സുഹൃത്ത് അക്ഷയ് എന്നയാളെ സാക്ഷിയോ മാപ്പുസാക്ഷിയോ ആക്കരുത്, അവൻ പ്രതിയാണെന്നും ജയപ്രകാശ് കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/190398/the-government-issued-an-order-leaving-the-investigation-to-the-cbi)