---
title: "രാജ്യത്ത് കൊവിഡിന്റെ മൂന്നാംതരംഗമാണ് കാണപ്പെടുന്നത് : ഡോ.എന്‍.കെ. അറോറ"
english_title: " 3rd wave of corona virus"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/19047/3rd-wave-of-corona-virus"
published_at: "2022-01-04T07:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d3a3ea1963b_images - 2022-01-04T070320.990.jpeg"
keywords: []
---

# രാജ്യത്ത് കൊവിഡിന്റെ മൂന്നാംതരംഗമാണ് കാണപ്പെടുന്നത് : ഡോ.എന്‍.കെ. അറോറ

> **Lead Summary:** ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡിന്റെ മൂന്നാംതരംഗമാണ് കാണപ്പെടുന്നതെന്ന് കൊവിഡ് വാക്സിന്‍ കര്‍മ്മസേനാ തലവന്‍ ഡോ.എന്‍.കെ. അറോറ വ്യക്തമാക്കി. മെട്രോനഗരങ്ങളിലെ രോഗികളില്‍ കൂടുതല്‍ ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി, മുംബയ് , കൊല്‍ക്കത്ത എന്നീ നഗരങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളില്‍ 75 ശതമാനവും ഒമിക്രോണ്‍ വകഭേദം മൂലമുള്ളതാണ്.

## Article Content

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡിന്റെ മൂന്നാംതരംഗമാണ് കാണപ്പെടുന്നതെന്ന് കൊവിഡ് വാക്സിന്‍ കര്‍മ്മസേനാ തലവന്‍ ഡോ.എന്‍.കെ. അറോറ വ്യക്തമാക്കി. മെട്രോനഗരങ്ങളിലെ രോഗികളില്‍ കൂടുതല്‍ ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി, മുംബയ് , കൊല്‍ക്കത്ത എന്നീ നഗരങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളില്‍ 75 ശതമാനവും ഒമിക്രോണ്‍ വകഭേദം മൂലമുള്ളതാണ്.

ഇന്ത്യയില്‍‌ മൂന്നാംതരംഗമാണെന്നു വ്യക്തമാണ്. പുതിയ വകഭേദമായ ഒമിക്രോണ്‍ ആണു മൂന്നാം തരംഗത്തിന് ആക്കം കൂട്ടുന്നത്. ഒമിക്രോണ്‍ കേസുകള്‍ ഓരോ ആഴ്ചയും കൂടുന്നു. ആകെ കൊവിഡ് കേസുകളിലെ ഒമിക്രോണ്‍ ബാധിതരുടെ ശതമാനവും കൂടുകയാണ്. കഴിഞ്ഞ നാലഞ്ചു ദിവസത്തെ കണക്കുകള്‍ ഇതിനു തെളിവാണെന്ന് അറോറ എന്‍.ഡി.ടിവിയോടു പറഞ്ഞു നേരത്തെ ദേശീയതലത്തില്‍ സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 12 ശതമാനമായിരുന്നു ഒമിക്രോണ്‍ വകഭേദമെങ്കില്‍ കഴിഞ്ഞ ആഴ്ച ആയപ്പോഴേക്കും അത് 28 ശതമാനമായി ഉയര്‍ന്നു. തുടര്‍ന്നും ഒമിക്രോണ്‍ രോഗബാധയുടെ നിരക്ക് ദേശീയ തലത്തില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വിശദമാക്കി.

.ഇന്ത്യയില്‍ ഇതുവരെ 1700 ഒമിക്രോണ്‍ രോഗബാധയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 510 കേസുകളാണ് ഒരു സംസ്ഥാനത്തെ ഉയര്‍ന്ന സംഖ്യ. തിങ്കളാഴ്ച ഒമിക്രോണ്‍ കേസുകളില്‍ 22 ശതമാനത്തിന്റെ വര്‍ദ്ധന ഉണ്ടായതായി സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധിച്ച കൊവിഡ് സാമ്ബിളുകളില്‍ 81 ശതമാനവും ഒമിക്രോണ്‍ വകഭേദം മൂലമുള്ള രോഗബാധയാണെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ തിങ്കളാഴ്ച പറഞ്ഞിരുന്നു.

.തിങ്കളാഴ്ച ഡല്‍ഹിയില്‍ 4,099 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.5 ശതമാനമാണ്. മേയ് മാസത്തിനു ശേഷം ഡല്‍ഹിയിലുണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന ടി.പി.ആര്‍ ആണിത്. കഴിഞ്ഞ മൂന്ന് ദിവസങ്ങള്‍ക്കിടയില്‍ പതിനായിരത്തോളം പുതിയ കൊവിഡ് കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/19047/3rd-wave-of-corona-virus)