---
title: "ആനതുരത്തൽ; ഇന്ന് കാടുകയറിയത് രണ്ട് ആനകൾ"
english_title: "Aralam-farm "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/190519/aralam-farm"
published_at: "2024-03-09T21:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ec89c6a1424_Screenshot_20240309-213504.png"
keywords: []
---

# ആനതുരത്തൽ; ഇന്ന് കാടുകയറിയത് രണ്ട് ആനകൾ

> **Lead Summary:** **ആറളം ഫാം: **ആറളം ഫാമിലെ ആനതുരത്തൽ രണ്ടാംഘട്ടത്തിലെ രണ്ടാം ദിവസമായി ഇന്ന് കാട് കയറിയത് ഒരു പിടിയാനയും കുഞ്ഞും മാത്രം. ആറളം ഫാമിലെ കൃഷിയിടത്തിൽ രണ്ടാം ദിവസമായി തുടരുന്ന ആനതുരത്തൽ ഇന്ന് പ്രതീക്ഷിച്ചത്ര ആനകളെ കാട്ടിലേക്ക് എത്തിക്കാൻ കഴിഞ്ഞില്ല.

## Article Content

**ആറളം ഫാം: **ആറളം ഫാമിലെ ആനതുരത്തൽ രണ്ടാംഘട്ടത്തിലെ രണ്ടാം ദിവസമായി ഇന്ന് കാട് കയറിയത് ഒരു പിടിയാനയും കുഞ്ഞും മാത്രം. ആറളം ഫാമിലെ കൃഷിയിടത്തിൽ രണ്ടാം ദിവസമായി തുടരുന്ന ആനതുരത്തൽ ഇന്ന് പ്രതീക്ഷിച്ചത്ര ആനകളെ കാട്ടിലേക്ക് എത്തിക്കാൻ കഴിഞ്ഞില്ല.

രാവിലെ 7.30 ന് തുടങ്ങിയ രാണ്ടാം ദിവസത്തെ ദൗത്യം ബ്ലോക്ക് രണ്ടിൽ നിന്നും ആരംഭിച്ചു. ആദ്യം ബ്ലോക്ക് അഞ്ചിൽ കണ്ടെത്തിയ രണ്ട് കൊമ്പനാനകളെ എക്കണ്ടി കുന്നിൽ റോഡ് കടത്തി ബ്ലോക്ക് രണ്ടിൽ എത്തിച്ചെങ്കിലും പിന്നീട് ആനകളെ കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് നടത്തിയ തിരച്ചിലിൽ ആണ് രണ്ട് ആനകളെ ബ്ലോക്ക് 12 ലെ താളിപ്പാറ വഴി കോട്ടപ്പാറ കടത്തി വനത്തിൽ എത്തിച്ചത്.

ആദ്യ ദിവസം കണ്ടെത്തിയ 13 ഓളം ആനകൾ നാല് കിലോമീറ്റർ പിന്നിട്ട് ബ്ലോക്ക് നാലിൽ വരെ എത്തിയെങ്കിലും റോഡ് മുറിച്ചുകടന്ന് പോകാതിരുന്നതോടെ ദൗത്യം വൈകുന്നേരം 5. 30 ഓടെ നിർത്തിയിരുന്നു. ബ്ലോക്ക് നാല് വിട്ട് തിരിച്ചുപോയ ആനകളെ ഇന്ന് ദൗത്യസംഘത്തിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. രണ്ട് ഘട്ടങ്ങളായി നടന്ന തുരത്തലിൽ ഇതുവരെ ഏഴ് ആനകളെ ആണ് വനത്തിൽ എത്തിക്കാൻ കഴിഞ്ഞത്.

ആനതുരത്തൽ രണ്ടാം ഘട്ടം നാളെ അവസാനിക്കും . നാളെയും ഫാം മേഖലയിൽ നിരോധനാജ്ഞ തുടരും. തുരത്തൽ ദൗത്യത്തിന് ആറളം വൈൽഡ് ലൈഫ് വാർഡൻ ജി. പ്രദീപ്, കൊട്ടിയൂർ റേഞ്ചർ സുധീർ നേരത്ത് തഹസിൽദാർ (എൽ ആർ), എം. ലക്ഷ്മണൻ, ആറളം അസിസ്‌റ്റൻ്റ് വൈൽഡ് ലൈഫ് വാർഡൻ പി. പ്രസാദ്,  ദ്രുത പ്രതികരണ സേന ഡപ്യൂട്ടി റേഞ്ചർ എം. ഷൈനി കുമാർ, ഇരിട്ടി ഡപ്യൂട്ടി റേഞ്ചർ കെ. ജിജിൽ, ഫോറസ്‌റ്റർ സി.കെ. മഹേഷ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/190519/aralam-farm)