---
title: "#College |കോളേജ് അധ്യാപകര്‍ക്ക് ഇനി വീട്ടിലിരുന്നും മാര്‍ക്കിടാം"
english_title: "College teachers can now mark from home"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/190619/college-teachers-can-now-mark-from-home"
published_at: "2024-03-10T12:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ed661818add_Screenshot_2024-03-10-12-41-38-67_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# #College |കോളേജ് അധ്യാപകര്‍ക്ക് ഇനി വീട്ടിലിരുന്നും മാര്‍ക്കിടാം

> **Lead Summary:** **തിരുവനന്തപുരം**: അടുത്തവര്‍ഷം മുതല്‍ കോളേജ് അധ്യാപകര്‍ക്ക് വീട്ടിലിരുന്നും പരീക്ഷയ്ക്കു മാര്‍ക്കിടാം. നാലുവര്‍ഷ ബിരുദത്തില്‍ 'ഓണ്‍-സ്‌ക്രീന്‍ ഇവാലുവേഷന്‍' എന്ന ഡിജിറ്റല്‍ മൂല്യനിര്‍ണയരീതി നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍.

## Article Content

**തിരുവനന്തപുരം**: അടുത്തവര്‍ഷം മുതല്‍ കോളേജ് അധ്യാപകര്‍ക്ക് വീട്ടിലിരുന്നും പരീക്ഷയ്ക്കു മാര്‍ക്കിടാം. നാലുവര്‍ഷ ബിരുദത്തില്‍ 'ഓണ്‍-സ്‌ക്രീന്‍ ഇവാലുവേഷന്‍' എന്ന ഡിജിറ്റല്‍ മൂല്യനിര്‍ണയരീതി നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍.

ഉന്നത വിദ്യാഭ്യാസ കമ്മിഷന്‍ ശുപാര്‍ശയനുസരിച്ച് ഓപ്പണ്‍ ബുക്ക് പരീക്ഷ സര്‍വകലാശാലകളില്‍ നടപ്പാക്കുന്നുണ്ട്. പരീക്ഷയ്ക്കുശേഷം അധ്യാപകരുടെ പ്രത്യേക ക്യാമ്പുവഴി മൂല്യനിര്‍ണയം നടത്തുന്നതാണ് നിലവിലെ രീതി. ഉത്തരക്കടലാസുകള്‍ കൊണ്ടുപോകാനുള്ള ചെലവ്, സുരക്ഷ എന്നിവയും സര്‍വകലാശാലകള്‍ക്ക് അമിതഭാരമുണ്ടാക്കുന്നു. ഈ കാലതാമസവും പ്രശ്‌നങ്ങളും ഒഴിവാക്കാനാണ് നിര്‍മിതബുദ്ധി സാധ്യത പ്രയോജനപ്പെടുത്തി ഇ-മൂല്യനിര്‍ണയം. ഇതിനായി ഉന്നതവിദ്യാഭ്യാസവകുപ്പ് പ്രത്യേകം സോഫ്റ്റ് വെയറും പോര്‍ട്ടലും തയ്യാറാക്കും.

നാലുവര്‍ഷ ബിരുദത്തിന്റെ ഒന്നാം സെമസ്റ്ററില്‍ പുനര്‍മൂല്യനിര്‍ണയത്തില്‍ ഈ രീതി ആദ്യം പരീക്ഷിക്കാനാണ് ശ്രമം. ഓണ്‍ലൈന്‍ പരീക്ഷയും മൂല്യനിര്‍ണയവും നടത്താനുള്ള ലേണിങ് മാനേജ്മെന്റ് സിസ്റ്റം ഉള്‍പ്പെട്ട കെ-റീപ്പി (കേരള റിസോഴ്സ് ഫോര്‍ എജുക്കേഷണല്‍ അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് പ്ലാനിങ്) ന്റെ ആദ്യഘട്ടത്തിന് രണ്ടുകോടി രൂപയുടെ ഭരണാനുമതി നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/190619/college-teachers-can-now-mark-from-home)