---
title: "#Fellowship | തലശേരി സ്വദേശി അനുശ്രീക്ക് ഒരു കോടി രൂപയുടെ മേരി ക്യൂറി ഫെലോഷിപ്പ് "
english_title: "Marie Curie Fellowship"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/190625/marie-curie-fellowship"
published_at: "2024-03-10T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ed6641237b0_Picsart_24-03-10_13-16-48-315.jpg"
keywords: []
---

# #Fellowship | തലശേരി സ്വദേശി അനുശ്രീക്ക് ഒരു കോടി രൂപയുടെ മേരി ക്യൂറി ഫെലോഷിപ്പ് 

> **Lead Summary:** കണ്ണൂർ: ശാസ്ത്രപഠനത്തിൽ അനുശ്രീക്ക് ഒരു കോടി രൂപയുടെ ഫെലോഷിപ്പ്. കണ്ണൂർ എസ്.എൻ കോളേജ് ഫിസിക്‌സ് ബിരുദാനന്തര ബിരുദ വിദ്യാർഥിനി എൻ. അനുശ്രീക്കാണ് ഒരു കോടി രൂപയുടെ മേരി ക്യൂറി ഫെലോഷിപ്പ് ലഭിച്ചത്.

## Article Content

കണ്ണൂർ: ശാസ്ത്രപഠനത്തിൽ അനുശ്രീക്ക് ഒരു കോടി രൂപയുടെ ഫെലോഷിപ്പ്. കണ്ണൂർ എസ്.എൻ കോളേജ് ഫിസിക്‌സ് ബിരുദാനന്തര ബിരുദ വിദ്യാർഥിനി എൻ. അനുശ്രീക്കാണ് ഒരു കോടി രൂപയുടെ മേരി ക്യൂറി ഫെലോഷിപ്പ് ലഭിച്ചത്.

1.21 ലക്ഷം യൂറോയുടെ (ഒരു കോടി രൂപ) ഡോക്ടറൽ ഫെലോഷിപ്പാണ്. ഗ്രീസിലെ ക്രെറ്റെ സർവകലാശാലയിൽ തിയററ്റിക്കൽ കണ്ടൻസ്‌ഡ് മാറ്റർ ഫിസിക്സിൽ നാല് വർഷം ഗവേഷണം നടത്തുന്നതിനാണ് ഫെലോഷിപ്പ്.

ചോതാവൂർ ഹയർ സെക്കൻഡറി സ്‌കൂളിൽ മലയാളം മീഡിയത്തിൽ ആയിരുന്നു അനുശ്രീയുടെ പഠനം. തിരുവങ്ങാട് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് ടുവും ഗവ. ബ്രണ്ണൻ കോളേജിൽ നിന്ന് ബിരുദവും നേടിയാണ് എസ്.എൻ കോളേജിൽ ചേർന്നത്.

കേരള തിയററ്റിക്കൽ ഫിസിക്‌സ് ഇനീഷ്യേറ്റീവ് സംഘടിപ്പിച്ച ആക്ടീവ് റിസർച്ച് ട്രെയിനിങ് പ്രോഗ്രാമിൽ അനുശ്രീക്ക് എം.എസ്.സി പ്രോജക്ട് ചെയ്യാൻ സെലക്ഷൻ ലഭിച്ചിരുന്നു. എം.ജി സർവകലാശാല സ്‌കൂൾ ഓഫ് അപ്ലൈഡ് ഫിസിക്സിലെ ഡോ. രഞ്ജൻ രാജൻ ജോണായിരുന്നു ഗൈഡ്. ഡിസംബറിൽ ജൂനിയർ റിസർച്ച് ഫെലോഷിപ്പ് നേടി.

കെ.എസ്.ആർ.ടി.സി ഡ്രൈവർ തലശ്ശേരി ചമ്പാട് 'രാമനിലയ'ത്തിൽ കനകരാജിന്റെയും രാധികയുടെയും മകളാണ്. ബി.എസ്.സി നഴ്‌സിങ് വിദ്യാർഥി അനുപ്രിയയാണ് സഹോദരി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/190625/marie-curie-fellowship)