---
title: "സാമ്പത്തിക ഞെരുക്കങ്ങൾക്കിടയിലും സർക്കാർ സാധാരണക്കാർക്ക് സഹായം ലഭ്യമാക്കി: മന്ത്രി എം ബി രാജേഷ് "
english_title: "Mbrajesh"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/191000/mbrajesh"
published_at: "2024-03-12T05:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ef99d89c6d6_images_(3)_(10).jpeg"
keywords: []
---

# സാമ്പത്തിക ഞെരുക്കങ്ങൾക്കിടയിലും സർക്കാർ സാധാരണക്കാർക്ക് സഹായം ലഭ്യമാക്കി: മന്ത്രി എം ബി രാജേഷ് 

> **Lead Summary:** **തിരുവനന്തപുരം** : സാമ്പത്തിക ഞെരുക്കങ്ങൾക്കിടയിലും സാധാരണക്കാരായ ജനങ്ങൾക്ക് പരമാവധി സഹായം ലഭ്യമാക്കുന്നു എന്നതാണ് സംസ്ഥാനത്തെ വേറിട്ടതാക്കുന്നതെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി പാട്യം പഞ്ചായത്തിൽ പൂർത്തീകരിച്ച 31 വീടുകളുടെ താക്കോൽദാനവും ലൈഫ് കുടുംബ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി മറ്റൊരു സ്ഥലത്തും ഇല്ലാത്ത നിലയിലാണ് കേരളത്തിൽ ലൈഫ് ഭവന പദ്ധതി മുന്നോട്ടുപോകുന്നത്.

## Article Content

**തിരുവനന്തപുരം** : സാമ്പത്തിക ഞെരുക്കങ്ങൾക്കിടയിലും സാധാരണക്കാരായ ജനങ്ങൾക്ക് പരമാവധി സഹായം ലഭ്യമാക്കുന്നു എന്നതാണ് സംസ്ഥാനത്തെ വേറിട്ടതാക്കുന്നതെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി പാട്യം പഞ്ചായത്തിൽ പൂർത്തീകരിച്ച 31 വീടുകളുടെ താക്കോൽദാനവും ലൈഫ് കുടുംബ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി മറ്റൊരു സ്ഥലത്തും ഇല്ലാത്ത നിലയിലാണ് കേരളത്തിൽ ലൈഫ് ഭവന പദ്ധതി മുന്നോട്ടുപോകുന്നത്.

ഭൂമിയുള്ളവർക്ക് നാല് ലക്ഷം രൂപ സഹായം നൽകുന്ന പദ്ധതി കേരളത്തിൽ മാത്രമാണുള്ളത്. നാല് ലക്ഷം രൂപ വച്ച് 4,80,000ത്തിലധികം പേർക്ക് സംസ്ഥാന സർക്കാർ സഹായം നൽകി. എന്നാൽ കേന്ദ്രസർക്കാർ 72,000 രൂപയാണ് വിഹിതമായി നൽകുന്നത്. ഇത് 32000 ഗുണഭോക്താക്കൾക്ക് മാത്രമാണ് ലഭ്യമായതെന്നും മന്ത്രി പറഞ്ഞു. 66,126 കോടി രൂപ ഗ്രാൻഡും നികുതി വിഹിതവുമായി കേരളത്തിന് ലഭിക്കേണ്ടതിന് പകരം 32000 കോടി രൂപ മാത്രമാണ് സംസ്ഥാനത്തിന് ലഭിച്ചത്. 1,70,500 കോടി രൂപ ഈ ഇനത്തിൽ സംസ്ഥാനത്തിന് നഷ്ടമായിട്ടുണ്ട്. നമുക്ക് അർഹതപ്പെട്ടത് മാത്രം കേന്ദ്രം തന്നാൽ മതി. അങ്ങനെ തന്നാൽ ഇവിടെ എല്ലാ വികസന പ്രവർത്തനങ്ങളും കൃത്യമായി നടത്താനാവും. മുടങ്ങിപ്പോയ പെൻഷനുകളും മറ്റെല്ലാ കാര്യങ്ങളും കൂടുതൽ സാമ്പത്തിക ഭദ്രതയോടു കൂടി മുന്നോട്ടുകൊണ്ടാവാൻ ആകുമെന്നും മന്ത്രി പറഞ്ഞു. കെ.പി. മോഹനൻ എംഎൽഎ അധ്യക്ഷത വഹിച്ചു.

കുടുംബശ്രീ പിന്നിട്ട 25 വർഷങ്ങളുടെ ചരിത്രം രേഖപ്പെടുത്തി പഞ്ചായത്ത് സിഡിഎസ് തയ്യാറാക്കിയ പുസ്തക പ്രകാശനവും മന്ത്രി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആർ ഷീല എന്നിവർ വിശിഷ്ടാതിഥികളായി. വിഇഒ കെ ഷൈമ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് എൻ വി ഷിനിജ, വൈസ് പ്രസിഡണ്ട് കെ പി പ്രദീപ്കുമാർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി ദാമോദരൻ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ടി സുജാത, മുഹമ്മദ് ഫായിസ് അരൂൾ, ശോഭ കോമത്ത്, പഞ്ചായത്ത് സെക്രട്ടറി സുജിത്ത് കുമാർ പയ്യമ്പള്ളി, എം സി രാഘവൻ, ടി വി കെ ഇബ്രാഹിം, വി പി മോഹനൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/191000/mbrajesh)