---
title: "കണ്ണൂർ കോർപ്പറേഷൻ കുട്ടികളുടെ മോക്ക് കൗൺസിൽ യോഗം"
english_title: "Children's Mock Council Meeting"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/19138/Children's-Mock-Council-Meeting"
published_at: "2022-01-04T15:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d41f9cda040_Screenshot_20220104_155037.jpg"
keywords: []
---

# കണ്ണൂർ കോർപ്പറേഷൻ കുട്ടികളുടെ മോക്ക് കൗൺസിൽ യോഗം

> **Lead Summary:**  കണ്ണൂർ കോർപ്പറേഷൻ കുട്ടികൾക്കായി സംഘടിപ്പിച്ച മോക് കൗൺസിൽ യോഗത്തിൽ ചർച്ചകളും ചോദ്യങ്ങളും മറുപടികളുമായി കുട്ടി കൗൺസിലർമാർ കളം നിറഞ്ഞു. വിദ്യാലയ പരിസരങ്ങളിൽ ലഹരി റാക്കറ്റിന്റെ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും ഇവർ നമ്മുടെ വിദ്യാർഥികളെ കെണിയിൽ പെടുത്തുന്നുണ്ടെന്നും ഇവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിന് അധികൃതർ തയ്യാറാവണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കണ്ണൂർ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി സമൃജ പി അവതരിപ്പിച്ച അടിയന്തരപ്രമേയം ഏകകണ്ഠമായി അംഗീകരിച്ചുകൊണ്ടാണ് കൗൺസിൽ യോഗം ആരംഭിച്ചത്.

## Article Content

 കണ്ണൂർ കോർപ്പറേഷൻ കുട്ടികൾക്കായി സംഘടിപ്പിച്ച മോക് കൗൺസിൽ യോഗത്തിൽ ചർച്ചകളും ചോദ്യങ്ങളും മറുപടികളുമായി കുട്ടി കൗൺസിലർമാർ കളം നിറഞ്ഞു. വിദ്യാലയ പരിസരങ്ങളിൽ ലഹരി റാക്കറ്റിന്റെ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും ഇവർ നമ്മുടെ വിദ്യാർഥികളെ കെണിയിൽ പെടുത്തുന്നുണ്ടെന്നും ഇവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിന് അധികൃതർ തയ്യാറാവണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കണ്ണൂർ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി സമൃജ പി അവതരിപ്പിച്ച അടിയന്തരപ്രമേയം ഏകകണ്ഠമായി അംഗീകരിച്ചുകൊണ്ടാണ് കൗൺസിൽ യോഗം ആരംഭിച്ചത്.

തുടർന്ന് കൗൺസിലിന്റെ പരിഗണനക്ക് വന്ന വിവിധ 'അജണ്ട'കൾ ചർച്ച ചെയ്ത് പാസാക്കി. കാലിക പ്രസക്തിയുള്ള നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട് കൗൺസിലർമാരുടെ ചോദ്യങ്ങൾക്ക് മേയറും, ഡെപ്യൂട്ടി മേയറും ഉൾപ്പെടെ മറുപടി പറഞ്ഞു. പൊതു സ്ഥലത്ത് മാലിന്യങ്ങൾ നിക്ഷേപിക്കുന്നവരെ പിടികൂടുന്നതിന് പ്രധാന കേന്ദ്രങ്ങളിൽ സിസിടിവി സ്ഥാപിക്കുന്നത് സംബന്ധിച്ചും,

കോവിഡ് കാലത്ത് ഓൺലൈൻ പഠനത്തിനിടയിൽ വിദ്യാർഥികൾക്കിടയിൽ വ്യാപകമാകുന്ന മൊബൈൽ ഫോൺ ഉപയോഗത്തെ കുറിച്ചും, കുട്ടികളുടെ വാക്സിനേഷന് കൂടുതൽ സൗകര്യം ഒരുക്കേണ്ടതിനെ കുറിച്ചും, വാഹനങ്ങൾ നിരന്തരം ഹോൺ മുഴക്കി കടന്നുപോകുന്നതു മൂലം ഉണ്ടാകുന്ന ശബ്ദമലിനീകരണം ഒഴിവാക്കാൻ പ്രധാന റോഡുകൾ നോൺ ഹോൺ മേഖലകളായി പ്രഖ്യാപിക്കുന്നത് സംബന്ധിച്ചും, അലഞ്ഞുതിരിയുന്ന കന്നുകാലികളെ നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് കുറിച്ചും, പ്ലാസ്റ്റിക് നിരോധനം ശക്തമാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനെ കുറിച്ചും തുടങ്ങി നിരവധി ചോദ്യങ്ങളും അതിന് മേയറുടെയും മറ്റും മറുപടിയുമായി കൗൺസിൽ യോഗം സജീവമായി.

പള്ളിക്കുന്ന് ഹൈസ്കൂളിലെ പ്ലസ് ടു വിദ്യാർഥി കാർത്തിക് എം മേയറായി കൗൺസിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. എളയാവൂർ സി എച്ച് എം ഹൈ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി ഷിഫാ നൗറിൻ ഡെപ്യൂട്ടി മേയർ ആയിരുന്നു. വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാരായി യൂസഫ് വി, റിഷിക കെ.പി, യൂനുസ് വി, സ്വാലിഹ് ബിലാൽ, സനാ അബ്ദുൽസലാം, തമീം ടി.വി, റിതിക ഇ എന്നിവരും കൗൺസിൽ യോഗത്തിൽ പങ്കെടുത്തു.

സ്വാതന്ത്ര്യത്തിന്റെ 75ആം വാർഷികത്തിന്റെ ആ സാദി കാ അമൃത് മഹോത്സവത്തിനന്റെ ഭാഗമായി കുട്ടികൾക്ക് പാർലമെന്ററി രീതികൾ പരിചയപ്പെടുത്തുന്നതിന് മോക് കൗൺസിൽ യോഗം കോർപ്പറേഷൻ സംഘടിപ്പിച്ചത്. കോർപ്പറേഷൻ പരിധിയിലെ 14 സ്കൂളുകളിൽനിന്നായി 55 വിദ്യാർഥികളാണ് മോക് കൗൺസിൽ യോഗത്തിൽ പങ്കെടുത്തത്. ഇത് സംബന്ധിച്ച് വിദ്യാർഥികൾക്ക് നേരത്തെ പരിശീലനവും യഥാർത്ഥ കൗൺസിൽ യോഗത്തിൽ പങ്കെടുത്തു കൗൺസിൽ നടപടികൾ മനസ്സിലാക്കുന്നതിന് അവസരവും നൽകിയിരുന്നു.

മേയർ അഡ്വ ടി ഒ മോഹനൻ, ഡെപ്യൂട്ടി മേയർ കെ. ഷബീന, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സുരേഷ് ബാബു എളയാവൂർ, പി ഷമീമ,അഡ്വ. പി ഇന്ദിര, കൗൺസിലർമാർ, പരിപാടിയുടെ കോഡിനേറ്റർ തമ്പാൻ കെ.വി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. പരിപാടിക്കുശേഷം കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം മേയർ നിർവഹിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/19138/Children's-Mock-Council-Meeting)