---
title: "#Gandhi |   മഹാത്മ ഗാന്ധിയുടെ സബര്‍മതി ആശ്രമം പുനരുദ്ധാരണം നടത്താന്‍ മോദി സര്‍ക്കാര്‍ "
english_title: "Gandhi's Sabarmati Ashram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/191403/gandhis-sabarmati-ashram"
published_at: "2024-03-13T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f183697740e_DSC02772_4-QPlYvfBS1-transformed-72.jpeg"
keywords: []
---

# #Gandhi |   മഹാത്മ ഗാന്ധിയുടെ സബര്‍മതി ആശ്രമം പുനരുദ്ധാരണം നടത്താന്‍ മോദി സര്‍ക്കാര്‍ 

> **Lead Summary:** അഹമ്മദാബാദ്: മഹാത്മ ഗാന്ധിയുടെ സബര്‍മതി ആശ്രമ പുനരുദ്ധാരണത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇക്കഴിഞ്ഞ ബജറ്റില്‍ ആസൂത്രണം ചെയ്ത പദ്ധതിക്ക് 1200 കോടി രൂപയാണ് അനുവദിച്ചത്. മാസ്റ്റര്‍പ്ലാന്‍ പ്രകാരം അഹമ്മദാബാദിലെ സബര്‍മതി നദീതീരത്തുള്ള ആശ്രമത്തിന്റെ അഞ്ചേക്കര്‍ സ്ഥലം 55 ഏക്കറായി വികസിപ്പിക്കും. കൂടാതെ നിലവിലുള്ള 36 കെട്ടിടങ്ങളും നവീകരിക്കും. 

## Article Content

അഹമ്മദാബാദ്: മഹാത്മ ഗാന്ധിയുടെ സബര്‍മതി ആശ്രമ പുനരുദ്ധാരണത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇക്കഴിഞ്ഞ ബജറ്റില്‍ ആസൂത്രണം ചെയ്ത പദ്ധതിക്ക് 1200 കോടി രൂപയാണ് അനുവദിച്ചത്. മാസ്റ്റര്‍പ്ലാന്‍ പ്രകാരം അഹമ്മദാബാദിലെ സബര്‍മതി നദീതീരത്തുള്ള ആശ്രമത്തിന്റെ അഞ്ചേക്കര്‍ സ്ഥലം 55 ഏക്കറായി വികസിപ്പിക്കും. കൂടാതെ നിലവിലുള്ള 36 കെട്ടിടങ്ങളും നവീകരിക്കും. 

ഗാന്ധിയുടെ തത്വചിന്തകളിലുലും മൂല്യങ്ങളിലും അധിഷ്ഠിതമായ നവീകരണ പ്രവര്‍ത്തനങ്ങളാണ് മാസ്റ്റര്‍ പ്ലാനില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഉപ്പ് സത്യാഗ്രഹത്തിന്റെ 94-മത് വാര്‍ഷികദിനമായ മാര്‍ച്ച് 12നാണ് ആശ്രമ പുനരുദ്ധാരണത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ അനാച്ഛാദനം ചെയ്തത്. ആശ്രമ ഭൂമിയില്‍ നിലവിലുള്ള 3700 മരങ്ങള്‍ക്കും കുറ്റിച്ചെടികള്‍ക്കും പുറമെ 3000 മരങ്ങള്‍ കൂടി നട്ടുപിടിപ്പിക്കും. ഗാന്ധിജിക്ക് പ്രിയപ്പെട്ട മരങ്ങളും രുദ്രാക്ഷം പോലെയുള്ള അപൂര്‍വ്വയിനം മരങ്ങളും ഇതില്‍ ഉള്‍പ്പെടും.

323 തനതും തദ്ദേശീയവുമായ ചെടികളും താമരക്കുളവും മഴവെള്ളം സംഭരിക്കാനുള്ള തടാകവുമുള്‍പ്പെടുന്ന ജൈവവൈവിധ്യ മേഖലയും പദ്ധതിയിലുണ്ട്. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹാര്‍ട്ട്ഫുള്‍നെസ് ഇന്‍സ്റ്റിറ്റ്യൂട്ടിനാണ് വനനിര്‍മ്മാണത്തിന്റെ ചുമതല. ധ്യാനകേന്ദ്രം, ചെടികള്‍ക്കായുള്ള നഴ്‌സറിയും തൈകള്‍ വിതരണം ചെയ്യാനുള്ള വില്‍പന ശാലകളും പദ്ധതിയുടെ ഭാഗമാണ്.

നിര്‍ദ്ദിഷ്ഠ സ്മാരകത്തിനായി മഹാത്മ ഗാന്ധി സബര്‍മതി ആശ്രമം മെമ്മോറിയല്‍ ട്രസ്റ്റ് 48.79 ഏക്കര്‍ സ്ഥലം ഇതിനോടകം ഏറ്റെടുത്തിട്ടുണ്ട്. ആശ്രമ പരിസരത്ത് താമസിച്ചിരുന്ന 310 കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരമോ പുനരധിവാസമോ ഉറപ്പാക്കിയിട്ടുണ്ട്. 375 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്. ആശ്രമ പുനരുദ്ധാരണത്തിന് 550 കോടിയും സമീപപ്രദേശങ്ങളുടെ വികസനത്തിന് 275 കോടിയുമാണ് കണക്കാക്കിയിരിക്കുന്നതെന്നും മാസ്റ്റര്‍പ്ലാനിലുണ്ട്. പുനരുദ്ധാരണത്തിന്റെ ഭാഗമായി പുതിയ റോഡുകളും ഓടകളും ജലവിതരണ സംവിധാനങ്ങളും ഒരുക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/191403/gandhis-sabarmati-ashram)