---
title: "#kelakam | അടക്കാത്തോട് ജനവാസ മേഖലയിൽ പട്ടാപ്പകൽ കടുവ"
english_title: "kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/192168/kelakam"
published_at: "2024-03-16T17:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f5838d5fd44_WhatsApp_Image_2024-03-16_at_5.00.01_PM.jpeg"
keywords: []
---

# #kelakam | അടക്കാത്തോട് ജനവാസ മേഖലയിൽ പട്ടാപ്പകൽ കടുവ

> **Lead Summary:** ** കേളകം: **കേളകം അടയ്ക്കാത്തോട് കടുവയുടെ സാനിധ്യം സ്ഥിരീകരിച്ചതോടെ മലയോരത്തെ ജനങ്ങളുടെ ഉറക്കം വീണ്ടും നഷ്ട്ടപെടുകയാണ്. ഏതാനും ദിവസങ്ങളിലായി കൊട്ടിയൂരും പരിസരവും കടുവ ഭീതിയിലാണ്. നിരന്തരമായി പ്രദേശവാസികളുടെ പരാതി ലഭിച്ചിട്ടും കടുവ സാന്നിധ്യം വനം വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. പരാതി കിട്ടുന്ന ഇടങ്ങളിൽ വനം വകുപ്പ് പരിശോധന നടത്തുന്നുണ്ടെങ്കിലും കാല്പാടുകൾ കണ്ടെത്താൻ സാധിക്കുന്നില്ലെന്നാണ് വനം വകുപ്പ് പറയുന്നത്.

## Article Content

** കേളകം: **കേളകം അടയ്ക്കാത്തോട് കടുവയുടെ സാനിധ്യം സ്ഥിരീകരിച്ചതോടെ മലയോരത്തെ ജനങ്ങളുടെ ഉറക്കം വീണ്ടും നഷ്ട്ടപെടുകയാണ്. ഏതാനും ദിവസങ്ങളിലായി കൊട്ടിയൂരും പരിസരവും കടുവ ഭീതിയിലാണ്. നിരന്തരമായി പ്രദേശവാസികളുടെ പരാതി ലഭിച്ചിട്ടും കടുവ സാന്നിധ്യം വനം വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. പരാതി കിട്ടുന്ന ഇടങ്ങളിൽ വനം വകുപ്പ് പരിശോധന നടത്തുന്നുണ്ടെങ്കിലും കാല്പാടുകൾ കണ്ടെത്താൻ സാധിക്കുന്നില്ലെന്നാണ് വനം വകുപ്പ് പറയുന്നത്.

ഇതിനിടയിലാണ് അടയ്ക്കാത്തോട് കാരിയം കപ്പിൽ പട്ടാപകൽ കടുവയെ കണ്ടത്. പ്രദേശ വാസിയായ ചിറകുഴിയിൽ ബാബുവിന്റെ വീട്ടുപരിസരത്തെ റബ്ബർ തോട്ടത്തിലാണ് കടുവയെ കണ്ടത്. കടുവയെ മൊബൈൽ ഫോണിൽ ഷൂട്ട് ചെയ്‌തതോടെ കാല്പാടുകൾ അന്വേഷിച്ച് സ്ഥിരീകരിക്കേണ്ട ബാധ്യത വനം വകുപ്പിനും ഇല്ലാതായി. ഏതാനും ആഴ്ചകൾക്ക് മുന്നെയാണ് കൊട്ടിയൂരിലെ കർഷകന്റെ കൃഷിയിടത്തിലെ കമ്പിവേലിയിൽ കടുവ കുടുങ്ങിയത്. തുടർന്ന് വനം വകുപ്പ് കടുവയെ കൂട്ടിലാക്കിയെങ്കിലും അടുത്ത ദിവസങ്ങളിൽ തന്നെ ഈ പ്രദേശത്ത് മറ്റൊരു കടുവയുടെ സാന്നിധ്യം നാട്ടുകാർ തിരിച്ചറിഞ്ഞിരുന്നു.

നാട്ടുകാരുടെ നിരന്തരമായ പരാതിയെ തുടർന്ന് കഴിഞ്ഞ ദിവസം വനം വകുപ്പ് കൊട്ടിയൂർ പ്രദേശത്ത് ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കൊട്ടിയൂരിലെ കടുവ ക്യാമറ പരിസരത്ത് വന്നില്ലെന്ന് വേണം കരുതാൻ. ഏതായാലും അടയ്ക്കാത്തോട് - കൊട്ടിയൂർ മേഖലകൾ വീണ്ടും ഭീതിയുടെ നിഴലിൽ ആവുകയാണ്. കാട്ടിൽ നിന്നും നാട്ടിലിറങ്ങിയ കടുവയെ കണ്ടുപിടിക്കാൻ ഓടി നടക്കുന്ന വനം വകുപ്പ്, കാട്ടിൽ നിന്നും വന്യമൃഗങ്ങൾ നാട്ടിലിറങ്ങാതിരിക്കാൻ എന്ത് ചെയ്യുന്നുവെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/192168/kelakam)