---
title: "കടുവയെ മയ്ക്കുവെടിവെച്ച് പിടിക്കണം: കെ. സുധാകരന്‍"
english_title: "Sudhakaran "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/192266/sudhakaran"
published_at: "2024-03-16T22:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f5d167cd2aa_n59217809617105952022861d6efb63091204d6d1501a772269878426dea5a7987dc1dfb847b69761d8c251.jpg"
keywords: []
---

# കടുവയെ മയ്ക്കുവെടിവെച്ച് പിടിക്കണം: കെ. സുധാകരന്‍

> **Lead Summary:** **കേളകം: **അടക്കാത്തോട് മേഖലയിലെ പ്രദേശവാസികളുടെ ജീവന് സുരക്ഷ ഉറപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരും വനംവകുപ്പും പരാജയമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സുധാകരന്‍. കടുവയുടെ സാന്നിധ്യവും കാല്‍പാടുകളും ദിവസങ്ങള്‍ക്ക് മുന്നെ ശ്രദ്ധയില്‍പ്പെട്ടിട്ടും വേണ്ട മുന്‍കരുതല്‍ നടപടി സ്വീകരിക്കുന്നതില്‍ വനംവകുപ്പിന്റെ ഭാഗത്ത് നിന്നും തികഞ്ഞ അലംഭാവമാണ് ഉണ്ടായത്.

## Article Content

**കേളകം: **അടക്കാത്തോട് മേഖലയിലെ പ്രദേശവാസികളുടെ ജീവന് സുരക്ഷ ഉറപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരും വനംവകുപ്പും പരാജയമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സുധാകരന്‍. കടുവയുടെ സാന്നിധ്യവും കാല്‍പാടുകളും ദിവസങ്ങള്‍ക്ക് മുന്നെ ശ്രദ്ധയില്‍പ്പെട്ടിട്ടും വേണ്ട മുന്‍കരുതല്‍ നടപടി സ്വീകരിക്കുന്നതില്‍ വനംവകുപ്പിന്റെ ഭാഗത്ത് നിന്നും തികഞ്ഞ അലംഭാവമാണ് ഉണ്ടായത്.

മയക്കുവെടി വെച്ച് കടുവയെ പിടിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യത്തോട് വനം വകുപ്പ് മുഖം തിരിക്കുകയാണ്. പ്രദേശത്ത് കടുവയുടെ ചിത്രങ്ങള്‍ പതിഞ്ഞ ദൃശ്യങ്ങള്‍ കൈമാറിയിട്ടും വനംവകുപ്പിന്റെ ക്യാമറയില്‍ കടുവയുടെ സാന്നിധ്യം പതിഞ്ഞിട്ടില്ലെന്ന മുട്ടാപ്പോക്ക് ന്യായമാണ് വനംവകുപ്പ് നിരത്തുന്നത്. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

 കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വന്യജീവികളുടെ ആക്രമണം തടയാന്‍ ഒന്നും ചെയ്യുന്നില്ല. രണ്ടു സര്‍ക്കാരുകളും ജനങ്ങളെ വന്യജീവികളുടെ ആക്രമണത്തിന് ഇരയാകാന്‍ വലിച്ചെറിയുകയാണ്. വിലപ്പെട്ട ഒരു മനുഷ്യജീവന്‍ ബലിനല്‍കുന്നതുവരെ നിസ്സംഗത തുടരാനാണ് സര്‍ക്കാരിന്റെ നീക്കം. കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്ക് മുന്നെ 9 ഓളം വിലപ്പെട്ട മനുഷ്യ ജീവനുകളാണ് വന്യജീവി ആക്രമണത്തെ തുടര്‍ന്ന് സംസ്ഥാനത്ത് നഷ്ടമായത്.

യുഡിഎഫിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് മാത്രമാണ് വന്യജീവി ആക്രമണത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കാന്‍ പോലും സംസ്ഥാന സര്‍ക്കാര്‍ തയ്യാറായത്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ വന്യജീവികളെ വെടിവെയ്ക്കാനുള്ള നിയന്ത്രണങ്ങളില്‍ ഭേദഗതി വേണമെന്ന ആവശ്യംപോലും പരിഗണിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് പ്രതിഷേധാര്‍ഹണ്. അടക്കാത്തോട് ജനവാസമേഖലയില്‍ കണ്ട കടുവയെ എത്രയും വേഗം പിടികൂടി ജനങ്ങളുടെ ഭീതി അകറ്റണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/192266/sudhakaran)