---
title: "ഒരു പാർട്ടിയെയല്ല എതിർക്കുന്നത്, ഒരു ശക്തിക്കെതിരെയാണ് പോരാട്ടം; രാഹുൽ ഗാന്ധി"
english_title: "Rahul-gandhi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/192486/rahul-gandhi"
published_at: "2024-03-17T22:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f71f7d73d34_n592441756171069327745137106b87d0a209da443831f781caba6ea5e9c7de83a0cd32baaf675ef300bd4d.jpg"
keywords: []
---

# ഒരു പാർട്ടിയെയല്ല എതിർക്കുന്നത്, ഒരു ശക്തിക്കെതിരെയാണ് പോരാട്ടം; രാഹുൽ ഗാന്ധി

> **Lead Summary:** **മുംബൈ: **ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന വേദിയില്‍ ബിജെപിയെ കടന്നാക്രമിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വിവിധ പ്രതിപക്ഷ പാർട്ടികള്‍ ഒന്നുചേർന്ന് ഒരു പാർട്ടിയെ എതിർക്കുകയല്ല. മോദിക്കെതിരെ എല്ലാവരും ചേർന്ന് പോരാടുകയുമല്ല. മറിച്ച്‌ ഒരു ശക്തിക്കെതിരായാണ് പോരാടുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

## Article Content

**മുംബൈ: **ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന വേദിയില്‍ ബിജെപിയെ കടന്നാക്രമിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വിവിധ പ്രതിപക്ഷ പാർട്ടികള്‍ ഒന്നുചേർന്ന് ഒരു പാർട്ടിയെ എതിർക്കുകയല്ല. മോദിക്കെതിരെ എല്ലാവരും ചേർന്ന് പോരാടുകയുമല്ല. മറിച്ച്‌ ഒരു ശക്തിക്കെതിരായാണ് പോരാടുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

ന്യായ് യാത്ര നടത്തിയത് ഇന്ത്യ സഖ്യം ഒറ്റക്കെട്ടായാണ്. പ്രതിപക്ഷ കക്ഷികള്‍ എല്ലാം ഒന്നായാണ് അണിനിരന്നതെന്ന് രാഹുല്‍ പറഞ്ഞു. 

ഇലക്‌ട്രോണിക്ക് വോട്ടിംഗ് മെഷീൻ മാറ്റിയാല്‍ മോദി വിജയിക്കില്ല. ബോളിവുഡിനെ വെല്ലുന്ന നടനാണ് മോദി. അദ്ദേഹം വെറും മുഖംമൂടിയാണെന്ന് രാഹുല്‍ പരിഹസിച്ചു. 

അംബാനിയുടെ മകന്‍റെ കല്യാണത്തിന് ജാം നഗർ വിമാനത്താവളത്തിന് പത്തു ദിവസത്തേക്ക് ബിജെപി സര്‍ക്കാര്‍ അന്താരാഷ്ട്ര പദവി കൊടുത്തു. എന്തുകൊണ്ട് രാജ്യത്തെ മറ്റു ജനവിഭാഗങ്ങള്‍ക്ക് ഈ ആനുകൂല്യം ലഭിക്കുന്നില്ലെന്നും രാഹുല്‍ ചോദിച്ചു.

ഇലക്ഷൻ കമ്മീഷനോട് ഇവിഎം മെഷീൻ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് കാണിക്കാൻ പ്രതിപക്ഷം ആവശ്യപ്പെട്ടു. വിവി പാറ്റ് കൂടി എണ്ണാനും ആവശ്യപ്പെട്ടു. പക്ഷെ അനുമതി ലഭിച്ചില്ലെന്ന് രാഹുല്‍ വ്യക്തമാക്കി.

ഇന്ത്യാ സഖ്യം നേതാക്കളുടെ ഐക്യ വേദിയായി ഭാരത് ജോഡോ ന്യായ് യാത്രാ സമാപനം. രാഹുല്‍ ഗാന്ധിക്ക് ഒപ്പം മല്ലികാർജുൻ ഖർഗെ, ഫറൂഖ് അബ്ദുള്ള, ഡി.കെ. ശിവകുമാർ, പ്രിയങ്ക ഗാന്ധി, ഉദ്ധവ് താക്കറെ, എം.കെ. സ്റ്റാലിൻ, സാദിഖ് അലി ശിഹാബ് തങ്ങള്‍, രേവന്ത് റെഡ്ഡി, പ്രകാശ് അംബേദ്കർ, തേജസ്വി യാദവ് എന്നിവര്‍ ഭാഗമായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/192486/rahul-gandhi)