---
title: "#Kannur |  കേരളത്തിന്‍റെ കണ്ണ് കണ്ണൂരിലേക്ക്; വീണ്ടും കെ. സുധാകരന്‍ കളത്തില്‍, എം.വി ജയരാജനിലൂടെ സി.പി.എം തിരിച്ചെടുക്കുമോ? "
english_title: " Kerala's eye towards Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/192605/keralas-eye-towards-kannur"
published_at: "2024-03-18T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f7ee99b3d64_IMG-20240318-WA0031.jpg"
keywords: []
---

# #Kannur |  കേരളത്തിന്‍റെ കണ്ണ് കണ്ണൂരിലേക്ക്; വീണ്ടും കെ. സുധാകരന്‍ കളത്തില്‍, എം.വി ജയരാജനിലൂടെ സി.പി.എം തിരിച്ചെടുക്കുമോ? 

> **Lead Summary:** **കണ്ണൂര്‍: **എല്ലാ ലോക്‌സഭ തെരഞ്ഞെടുപ്പുകളിലും കേരളത്തിന്‍റെ രാഷ്ട്രീയ കണ്ണ് പതിയുന്ന മണ്ഡലങ്ങളിലൊന്നാണ് കണ്ണൂര്‍. സി.പി.എം കോട്ടയെന്ന വിശേഷണമുള്ള കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ, ഇരിക്കൂര്‍, അഴീക്കോട്, കണ്ണൂര്‍, ധര്‍മ്മടം, മട്ടന്നൂര്‍, പേരാവൂര്‍ എന്നീ ഏഴ് നിയമസഭ മണ്ഡലങ്ങളാണ് കണ്ണൂര്‍ ലോക്‌സഭ മണ്ഡലത്തിലുള്ളത്. ഇവയില്‍ ഇരിക്കൂറും പേരാവൂറും മാത്രമാണ് കോണ്‍ഗ്രസ് 2021ലെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. കണ്ണൂര്‍ നിയമസഭ മണ്ഡലത്തില്‍ എല്‍.ഡി.എഫ് സഖ്യകക്ഷിയായ കോണ്‍ഗ്രസ് സെക്കുലര്‍ ജയിച്ചു. ബാക്കിയെല്ലാ മണ്ഡലങ്ങളിലും നിന്ന് സി.പി.എം എം.എല്‍.എ.മാര്‍ നിയമസഭയിലെത്തി.

## Article Content

**കണ്ണൂര്‍: **എല്ലാ ലോക്‌സഭ തെരഞ്ഞെടുപ്പുകളിലും കേരളത്തിന്‍റെ രാഷ്ട്രീയ കണ്ണ് പതിയുന്ന മണ്ഡലങ്ങളിലൊന്നാണ് കണ്ണൂര്‍. സി.പി.എം കോട്ടയെന്ന വിശേഷണമുള്ള കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ, ഇരിക്കൂര്‍, അഴീക്കോട്, കണ്ണൂര്‍, ധര്‍മ്മടം, മട്ടന്നൂര്‍, പേരാവൂര്‍ എന്നീ ഏഴ് നിയമസഭ മണ്ഡലങ്ങളാണ് കണ്ണൂര്‍ ലോക്‌സഭ മണ്ഡലത്തിലുള്ളത്. ഇവയില്‍ ഇരിക്കൂറും പേരാവൂറും മാത്രമാണ് കോണ്‍ഗ്രസ് 2021ലെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. കണ്ണൂര്‍ നിയമസഭ മണ്ഡലത്തില്‍ എല്‍.ഡി.എഫ് സഖ്യകക്ഷിയായ കോണ്‍ഗ്രസ് സെക്കുലര്‍ ജയിച്ചു. ബാക്കിയെല്ലാ മണ്ഡലങ്ങളിലും നിന്ന് സി.പി.എം എം.എല്‍.എ.മാര്‍ നിയമസഭയിലെത്തി.

കണ്ണൂര്‍ ലോക്‌സഭ മണ്ഡലം രൂപീകരിച്ച ശേഷം 1977ല്‍ സി.പി.ഐ.യിലെ സി.കെ ചന്ദ്രപ്പനായിരുന്നു ആദ്യ എം.പി. ഇതിന് ശേഷം 1980ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ കെ. കുഞ്ഞമ്പു ലോക്‌സഭയിലെത്തി. 1984 മുതല്‍ പിന്നീടങ്ങോട്ട് അഞ്ചുവട്ടം കോണ്‍ഗ്രസിന്‍റെ മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു കണ്ണൂര്‍ മണ്ഡലത്തിലെ എം.പി. എന്നാല്‍ 'അത്ഭുതക്കുട്ടി' എന്ന വിശേഷണമുണ്ടായിരുന്ന എ.പി അബ്‌ദുള്ളക്കുട്ടിയിലൂടെ സി.പി.എം 1999ലും 2004ലും കണ്ണൂര്‍ മണ്ഡലം തിരിച്ചുപിടിച്ചു. 2009ല്‍ കോണ്‍ഗ്രസിന്‍റെ കെ. സുധാകരന്‍ മത്സരിച്ച് വിജയിച്ചതോടെ ഇവിടെ വീണ്ടും ട്വിസ്റ്റായി. 2014ല്‍ സി.പി.എമ്മിന്‍റെ പി.കെ. ശ്രീമതി വിജയിച്ചതോടെ കണ്ണൂര്‍ വീണ്ടും ഇടതുപക്ഷത്തിന്‍റെ കൈകളിലായി. എന്നാല്‍ 2019ല്‍ രണ്ടാം തവണയും കെ. സുധാകരന്‍ ഇവിടെ നിന്ന് വിജയിക്കുന്നതാണ് രാഷ്ട്രീയ കേരളം കണ്ടത്.

2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ കെ. സുധാകരനും സിറ്റിംഗ് എം.പി പി.കെ ശ്രീമതി ടീച്ചറും (സി.പി.എം) തമ്മിലായിരുന്നു കണ്ണൂരിലെ പ്രധാന പോരാട്ടം. സി.കെ പദ്മനാഭമായിരുന്നു ബി.ജെ.പി സ്ഥാനാര്‍ഥി. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കെ. സുധാകരന്‍ 94,559 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. കെ. സുധാകരന് 529,741 ഉം, പി.കെ ശ്രീമതിക്ക് 4,35,182 ഉം, സി.കെ പദ്‌മനാഭന് 68,509 ഉം വോട്ടുകളാണ് 2019ല്‍ ലഭിച്ചത്.

2024ല്‍ ഒരിക്കല്‍ക്കൂടി കെ. സുധാകരന്‍ കോണ്‍ഗ്രസിനും യു.ഡി.എഫിനുമായി കണ്ണൂരില്‍ മത്സരത്തിറങ്ങുന്നു. സിറ്റിംഗ് എം.പി എന്ന നിലയില്‍ സുധാകരന്‍ വിജയപ്രതീക്ഷ വച്ചുപുലര്‍ത്തുമ്പോള്‍ മറുവശത്ത് സി.പി.എമ്മിന്‍റെ എം.വി ജയരാജനാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. നിലവില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു എം.വി ജയരാജന്‍. കണ്ണൂര്‍ രാഷ്ട്രീയത്തിലെ രണ്ട് പ്രധാന നേതാക്കള്‍ തമ്മിലുള്ള പോരാട്ടം ആവേശമാകും. സി. രഘുനാഥനാണ് ഇക്കുറി കണ്ണൂര്‍ ലോക്‌സഭ മണ്ഡ‍ലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി. മുന്‍ ചരിത്രം വച്ചുനോക്കിയാല്‍ യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമാണ് കണ്ണൂരില്‍ പ്രതീക്ഷിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/192605/keralas-eye-towards-kannur)