---
title: "#Parvo | നായകളില്‍ പാര്‍വോ വൈറസ് ബാധ പടരുന്നു"
english_title: "Parvo virus is spread in dogs "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/192802/parvo-virus-is-spread-in-dogs"
published_at: "2024-03-19T11:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f923f93dbed_image_(1).jpg"
keywords: []
---

# #Parvo | നായകളില്‍ പാര്‍വോ വൈറസ് ബാധ പടരുന്നു

> **Lead Summary:** വയനാട് ജില്ലയിലെ നായകളിൽ പാർവോ വൈറസ് രോഗം പടരുന്നു. ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് നാലായിരത്തോളം കേസുകൾ റിപ്പോർട്ട് ചെയ്തത്. പാർവോ വൈറൽ എൻ്ററൈറ്റിസ് എന്ന മാരകമായ പകർച്ചരോഗം വ്യാപകമായതോടെ തെരുവുനായകൾക്ക് പുറമേ വളർത്തുനായകളും ചത്തൊടുങ്ങുകയാണ്. ജില്ലയിലെ മൃഗാശുപത്രികളിൽ പാർവോ രോഗം ബാധിച്ചെത്തുന്ന നായകളുടെ എണ്ണം കഴിഞ്ഞ ഒന്നരമാസമായി ക്രമാതീതമായി വർധിച്ചതായി മൃഗസംരക്ഷണവകുപ്പ് പറയുന്നു.

## Article Content

വയനാട് ജില്ലയിലെ നായകളിൽ പാർവോ വൈറസ് രോഗം പടരുന്നു. ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് നാലായിരത്തോളം കേസുകൾ റിപ്പോർട്ട് ചെയ്തത്. പാർവോ വൈറൽ എൻ്ററൈറ്റിസ് എന്ന മാരകമായ പകർച്ചരോഗം വ്യാപകമായതോടെ തെരുവുനായകൾക്ക് പുറമേ വളർത്തുനായകളും ചത്തൊടുങ്ങുകയാണ്. ജില്ലയിലെ മൃഗാശുപത്രികളിൽ പാർവോ രോഗം ബാധിച്ചെത്തുന്ന നായകളുടെ എണ്ണം കഴിഞ്ഞ ഒന്നരമാസമായി ക്രമാതീതമായി വർധിച്ചതായി മൃഗസംരക്ഷണവകുപ്പ് പറയുന്നു.

വൈറസുകൾ ശരീരത്തിലെത്തി ഒരാഴ്‌ചയ്ക്കകം നായകൾ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചുതുടങ്ങും. വിശപ്പില്ലായ്‌മ, പനി, ക്ഷീണം, ശരീരതളർച്ചയും വയറിലെ വേദനയും കാരണം സദാസമയം തണുപ്പുള്ള തറയിൽ കിടക്കൽ എന്നിവയെല്ലാമാണ് പ്രാരംഭലക്ഷണങ്ങൾ. കുടൽഭിത്തിയിലെ കോശങ്ങളെ നശിപ്പിച്ച് പെരുകുന്ന വൈറസുകൾ ദഹനേന്ദ്രിയവ്യൂഹത്തിൽ രക്തസ്രാവത്തിന് വഴിയൊരുക്കും. തുടർച്ചയായ ഛർദി, വയറിളക്കം, ദഹിച്ച് രക്തം കലർന്ന കറുത്ത നിറത്തിൽ ദുർഗന്ധത്തോടു കൂടിയ മലം തുടങ്ങിയ ലക്ഷണങ്ങൾ തുടർന്ന് ഒന്നുരണ്ട് ദിവസത്തിനകം പ്രകടമാവും.

തീരെച്ചെറിയ നായക്കുട്ടികളിൽ പാർവോ രോഗാണു ആദ്യഘട്ടത്തിൽത്തന്നെ ഹൃദയകോശങ്ങളെ അതിഗുരുതരമായി ബാധിക്കുമെന്നതിനാൽ രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുമ്പുതന്നെ മരണം സംഭവിക്കാം. ആറ് ആഴ്ച‌ മുതൽ ആറുമാസം വരെ പ്രായമുള്ള നായകളിലാണ് രോഗബാധ കൂടുതലും കണ്ടുവരുന്നത്. നിർജലീകരണം സംഭവിക്കുന്നതിനാൽ രോഗംബാധിച്ച നായകൾക്ക് അടിയന്തരചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ മരണംതന്നെ സംഭവിക്കും. ശരീരത്തിൻ്റെ പ്രതിരോധശേഷി കുറയുന്നതിനാൽ ഇതോടൊപ്പം എലിപ്പനിപോലെയുള്ള രോഗങ്ങളും അനുബന്ധമായി ബാധിക്കാറുണ്ട്.

ചികിത്സ ചെലവേറിയതിനാലും ഒരാഴ്‌ചമുതൽ രണ്ടാഴ്ച‌വരെ നീണ്ടുനിൽക്കുന്നതിനാലും ഫലപ്രദമായ ആൻ്റിവൈറൽ മരുന്നുകൾ ലഭ്യമല്ലാത്തതിനാലും പാർവോ രോഗബാധനിയന്ത്രണം വളരെ സങ്കീർണമാണ്. മെച്ചപ്പെട്ട വാക്‌സിന് 700 മുതൽ 800 രൂപവരെയാണ് വില. ഇതിനാൽ പലരും വാക്സിനെടുക്കാറില്ല. വൈറസ് രോഗമായതിനാലും തെരുവുനായകളിലും ഒപ്പം വളർത്തുനായകളിലും രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതിനാലും പ്രതിരോധകുത്തിവെപ്പെടുക്കുക മാത്രമാണ് പ്രതിവിധിയെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസറും അനിമൽ ഡിസീസ് കൺട്രോൾ പ്രോജക്‌ട് ജില്ലാ കോ-ഓർഡിനേറ്ററുമായ ഡോ. കെ. ജയരാജ് അറിയിച്ചു.

അന്തരീക്ഷവായുവിലൂടെപ്പോലും രണ്ട് കിലോമീറ്റർ ചുറ്റളവിൽ വൈറസ് പകരുമെന്നതിനാൽ മൃഗാശുപത്രിയിൽ എത്തിക്കുന്ന നായകളിൽനിന്ന് മറ്റുള്ളവയിലേക്ക് രോഗം പകരാൻ സാധ്യതയുണ്ട്. ഇതിനാൽ അടിയന്തര സാഹചര്യങ്ങളിലല്ലാതെ നിസ്സാരരോഗങ്ങളുടെ ചികിത്സയ്ക്കുവേണ്ടിയോ വാക്‌സിനേഷനുവേണ്ടിയോ വളർത്തുനായകളെ ആശുപത്രിയിലേക്ക് കൊണ്ടുവരാതെ ശ്രദ്ധിക്കണമെന്ന് മൃഗസംരക്ഷണവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/192802/parvo-virus-is-spread-in-dogs)