---
title: "തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കള്ളപ്പണം; കർശന നടപടികളുമായി ആദായനികുതി ഓഫീസ്"
english_title: "Income tax dipartmemt "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/193217/income-tax-dipartmemt"
published_at: "2024-03-20T21:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fb061cce726_n5933527561710949739149b8f69a7fce376bc594003fea59186efb3846b1d13ed596863a00281a1e1ec667.jpg"
keywords: []
---

# തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കള്ളപ്പണം; കർശന നടപടികളുമായി ആദായനികുതി ഓഫീസ്

> **Lead Summary:** **കൊച്ചി: **ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ പ്രചാരണത്തിനും മറ്റുമായുള്ള പണമൊഴുക്ക് തടയാന്‍ കര്‍ശന നടപടികളുമായി ആദായനികുതി വകുപ്പ്. കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലും ലക്ഷദ്വീപിലെ ഒരു മണ്ഡലത്തിലും കര്‍ശന നിരീക്ഷണം ആരംഭിച്ചതായി ഇന്‍കം ടാക്‌സ് ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടര്‍ ജനറല്‍ ദിബ്‌ജ്യോതി ദാസ് പറഞ്ഞു.

## Article Content

**കൊച്ചി: **ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ പ്രചാരണത്തിനും മറ്റുമായുള്ള പണമൊഴുക്ക് തടയാന്‍ കര്‍ശന നടപടികളുമായി ആദായനികുതി വകുപ്പ്. കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലും ലക്ഷദ്വീപിലെ ഒരു മണ്ഡലത്തിലും കര്‍ശന നിരീക്ഷണം ആരംഭിച്ചതായി ഇന്‍കം ടാക്‌സ് ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടര്‍ ജനറല്‍ ദിബ്‌ജ്യോതി ദാസ് പറഞ്ഞു.

പരിശോധനകള്‍ക്കായി 150 പേരടങ്ങുന്ന സംഘത്തെ നിയോഗിച്ചു. ഇവര്‍ വിവിധ സംഘങ്ങളായി തിരിഞ്ഞ് പോലീസ്, ജില്ലാ ഭരണകൂടം എന്നിവയുടെ സഹകരണത്തോടെ മണ്ഡലങ്ങളില്‍ കര്‍ശന നിരീക്ഷണം നടത്തും.

സംസ്ഥാനത്തെ വിമാനത്താവളങ്ങളുള്‍പ്പെടെ പ്രധാന കേന്ദ്രങ്ങളില്‍ നിരീക്ഷണം ശക്തമാക്കും. കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളിലും കൊച്ചി തുറമുഖത്തും പ്രത്യേക സ്ക്വാഡിനെ നിയോഗിച്ചിട്ടുണ്ട്.

കള്ളപ്പണം സംബന്ധിച്ചും അനിയന്ത്രിതമായി പണം ചെലവാക്കുന്നതു സംബന്ധിച്ചും വിവരം ലഭിക്കുന്നവര്‍ ആദായനികുതി വകുപ്പിനെ അറിയിക്കണം. ഇതിനായി കൊച്ചിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.

പൊതുജനങ്ങള്‍ക്ക് 180042-53173 എന്ന ടോള്‍ ഫ്രീ നമ്ബറിലോ kerala.election2024@incom etax.gov.in എന്ന ഇ-മെയില്‍ വിലാസത്തിലോ 8714936111 എന്ന വാട്‌സ് ആപ്പ് നമ്ബറിലോ വിവരങ്ങള്‍ കൈമാറാം. ഇത്തരത്തില്‍ വിവരങ്ങള്‍ കൈമാറുന്നവരുടെ വ്യക്തി വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും ആദായനികുതി വകുപ്പ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/193217/income-tax-dipartmemt)