---
title: "ഡൽഹിക്കെതിരെ പഞ്ചാബ് കിംഗ്സിന് വിജയം "
english_title: "Punjab kings "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/193888/punjab-kings"
published_at: "2024-03-23T19:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fee280b19ac_n59421970817112024914648dbd6f79fb6807d64538ca8f7da564a249d14eae5c92e8c5f400266398ad4b8a.jpg"
keywords: []
---

# ഡൽഹിക്കെതിരെ പഞ്ചാബ് കിംഗ്സിന് വിജയം 

> **Lead Summary:** സാം കറന്‍ ഈ സീസണ്‍ ഐപിഎലിലെ ആദ്യ അര്‍ദ്ധ ശതകം നേടിയപ്പോള്‍ താരത്തിന് കൂട്ടായി ലിയാം ലിവിംഗ്സ്റ്റണും ഒത്തുചേര്‍ന്നപ്പോള്‍ ഡല്‍ഹിയെ മുട്ടുകുത്തിച്ച്‌ വിജയം കരസ്ഥമാക്കി പഞ്ചാബ് കിംഗ്സ്. 175 റണ്‍സ് വിജയ ലക്ഷ്യം ടീം 19.2 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തിലാണ് നേടിയത്.

## Article Content

സാം കറന്‍ ഈ സീസണ്‍ ഐപിഎലിലെ ആദ്യ അര്‍ദ്ധ ശതകം നേടിയപ്പോള്‍ താരത്തിന് കൂട്ടായി ലിയാം ലിവിംഗ്സ്റ്റണും ഒത്തുചേര്‍ന്നപ്പോള്‍ ഡല്‍ഹിയെ മുട്ടുകുത്തിച്ച്‌ വിജയം കരസ്ഥമാക്കി പഞ്ചാബ് കിംഗ്സ്. 175 റണ്‍സ് വിജയ ലക്ഷ്യം ടീം 19.2 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തിലാണ് നേടിയത്.

ശിഖര്‍ ധവാന്‍ ടീമിന് മികച്ച തുടക്കം നല്‍കി 16 പന്തില്‍ 22 റണ്‍സും ജോണി ബൈര്‍സ്റ്റോ 3 പന്തില്‍ 9 റണ്‍സും നേടി നിന്നപ്പോള്‍ പവര്‍പ്ലേയില്‍ അതിശക്തമായ തുടക്കമാണ് പഞ്ചാബ് നേടിയത്. എന്നാല്‍ ഒരേ ഓവറില്‍ ഇരുവരും പുറത്തായപ്പോള്‍ പഞ്ചാബ് 42/2 എന്ന നിലയിലായി.

പ്രഭ്സിമ്രാന്‍ സിംഗും സാം കറനും ചേര്‍ന്ന് 42 റണ്‍സ് മൂന്നാം വിക്കറ്റില്‍ നേടി അതിശക്തമായി പഞ്ചാബിനെ മുന്നോട്ട് നയിക്കുന്നതിനിടെയാണ് 26 റണ്‍സ് നേടി സിംഗിനെ കുല്‍ദീപ് യാദവ് പുറത്താക്കിയത്. പത്തോവര്‍ പിന്നിടുമ്ബോള്‍ 87 റണ്‍സായിരുന്നു മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് നേടിയത്.

ജിതേഷ് ശര്‍മ്മയെ കുല്‍ദീപിന്റെ ഓവറില്‍ പന്ത് സ്റ്റംപ് ചെയ്ത് പുറത്താക്കുമ്ബോള്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സായിരുന്നു പഞ്ചാബിന്റെ അക്കൗണ്ടില്‍. 39 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയ സാം കറനും ലിയാം ലിവിംഗ്സ്റ്റണും കരുതലോടെ പഞ്ചാബിനെ മുന്നോട്ട് നയിച്ചപ്പോള്‍ വിജയ ലക്ഷ്യം 4 ഓവറില്‍ 39 റണ്‍സായിരുന്നു.

ഖലീല്‍ അഹമ്മദിനെ ലിയാം ലിവിംഗ്സ്റ്റണ്‍ രണ്ട് ബൗണ്ടറി പായിച്ചപ്പോള്‍ ഓവറില്‍ നിന്ന് 11 റണ്‍സാണ് പിറന്നത്. തൊട്ടടുത്ത ഓവറില്‍ സാം കറന്‍ മിച്ചല്‍ മാര്‍ഷിനെ തുടരെയുള്ള പന്തുകളില്‍ സിക്സും ബൗണ്ടറിയും പായിച്ചപ്പോള്‍ ഓവറിലെ അവസാന പന്തില്‍ ലിയാം ലിവിംഗ്സ്റ്റണ്‍ ഒരു സിക്സ് കൂടി നേടി. ഓവറില്‍ നിന്ന് 18 റണ്‍സ് വന്നപ്പോള്‍ അവസാന രണ്ടോവറില്‍ 10 റണ്‍സ് മാത്രം പഞ്ചാബിന് നേടേണ്ടതുണ്ടായിരുന്നുള്ളു.

ഖലീല്‍ അഹമ്മദ് എറിഞ്ഞ 19ാം ഓവറില്‍ സാം കറനെയും ശശാങ്ക് സിംഗിനെയും അടുത്തടുത്ത പന്തുകളില്‍ പഞ്ചാബിന് നഷ്ടമായത് മത്സരം കൂടുതല്‍ ആവേശകരമാക്കി. കറന്‍ 47 പന്തില്‍ നിന്ന് 63 റണ്‍സ് നേടിയാണ് പുറത്തായത്. 67 റണ്‍സാണ് സാം കറന്‍ - ലിയാം ലിവിംഗ്സ്റ്റണ്‍ കൂട്ടുകെട്ട് അഞ്ചാം വിക്കറ്റില്‍ നേടിയത്. അതേ ഓവറിലെ അവസാന പന്തില്‍ ഡേവിഡ് വാര്‍ണര്‍ ഹര്‍പ്രീത് ബ്രാറിന്റെ ക്യാച്ച്‌ കൈവിട്ടതോടെ ലക്ഷ്യം അവസാന ഓവറില്‍ 6 റണ്‍സായി മാറി.

സുമിത് കുമാര്‍ അവസാന ഓവറില്‍ വൈഡുകളോടെ തുടങ്ങിയപ്പോള്‍ സിക്സര്‍ പറത്തി ലിയാം ലിവിംഗ്റ്റണ്‍ ടീമന്റെ 4 വിക്കറ്റ് വിജയം ഉറപ്പാക്കി. 21 പന്തില്‍ പുറത്താകാതെ 38 റണ്‍സാണ് ലിയാം ലിവിംഗ്സ്റ്റണ്‍ നേടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/193888/punjab-kings)