---
title: "പഞ്ചാബിനെതിരെ ആര്‍സിബിക്ക് വിജയം"
english_title: "Punjab rcb "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/194403/punjab-rcb"
published_at: "2024-03-25T23:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6601bd5475d2f_n59470416817113896919514dec77f0e32b4fc85b2e0a6069eaddb0348e0aeef40944939e95d5ebca9dd9a1.jpg"
keywords: []
---

# പഞ്ചാബിനെതിരെ ആര്‍സിബിക്ക് വിജയം

> **Lead Summary:** വിരാട് കോഹ്‍ലിയുടെ തകര്‍പ്പന്‍ ഇന്നിംഗ്സിന് ശേഷം ആര്‍സിബിയെ വിജയത്തിലേക്ക് ആര് നയിക്കുമെന്ന ചോദ്യത്തിന് ഉത്തരമായി ദിനേശ് കാര്‍ത്തിക്കും മഹിപാല്‍ ലോംറോറും. ഇരുവരും ചേര്‍ന്ന് 18 പന്തില്‍ 48 റണ്‍സ് നേടിയപ്പോള്‍ 177 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ആര്‍സിബി 19.2 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.

## Article Content

വിരാട് കോഹ്‍ലിയുടെ തകര്‍പ്പന്‍ ഇന്നിംഗ്സിന് ശേഷം ആര്‍സിബിയെ വിജയത്തിലേക്ക് ആര് നയിക്കുമെന്ന ചോദ്യത്തിന് ഉത്തരമായി ദിനേശ് കാര്‍ത്തിക്കും മഹിപാല്‍ ലോംറോറും. ഇരുവരും ചേര്‍ന്ന് 18 പന്തില്‍ 48 റണ്‍സ് നേടിയപ്പോള്‍ 177 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ആര്‍സിബി 19.2 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.

വിരാട് കോഹ്‍ലി ബൗണ്ടറികളുമായി മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും അടുത്തടുത്ത ഓവറുകളില്‍ ഫാഫ് ഡു പ്ലെസിയെയും കാമറണ്‍ ഗ്രീനിനെയും പുറത്താക്കി കാഗിസോ റബാഡ ആദ്യ പ്രഹരങ്ങള്‍ ആര്‍സിബിയെ ഏല്പിച്ചു.

പിന്നീട് കോഹ്‍ലി - രജത് പടിദാര്‍ കൂട്ടുകെട്ടാണ് ആര്‍സിബിയെ മുന്നോട്ട് നയിച്ചത്. പത്തോവര്‍ പിന്നിടുമ്ബോള്‍ ആര്‍സിബി 85/2 എന്ന നിലയിലായിരുന്നു. വിരാട് കോഹ്‍ലി 31 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം തികച്ച്‌ നിന്നു.

എന്നാല്‍ ഹര്‍പ്രീത് ബ്രാര്‍ 18 റണ്‍സ് നേടിയ രജത് പടിദാറിനെ പുറത്താക്കി 43 റണ്‍സ് കൂട്ടുകെട്ട് തകര്‍ത്തു. തന്റെ തൊട്ടടുത്ത ഓവറില്‍ ഗ്ലെന്‍ മാക്സ്വെല്ലിനെയും പുറത്താക്കി ബ്രാര്‍ ആര്‍സിബിയുടെ നില പരുങ്ങലിലാക്കി. അവസാന അഞ്ചോവറില്‍ 67 റണ്‍സായിരുന്നു ആര്‍സിബി നേടേണ്ടിയിരുന്നത്.

16ാം ഓവറില്‍ ഹര്‍ഷല്‍ പട്ടേലിനെ തുടരെ ബൗണ്ടറികള്‍ പായിച്ച്‌ വിരാട് കോഹ്‍ലി റണ്‍ റേറ്റ് ഉയര്‍ത്തിയപ്പോള്‍ ഓവറിലെ അവസാന പന്തില്‍ താരത്തെ പുറത്താക്കി ഹര്‍ഷല്‍ തിരിച്ചടിച്ചു. ഇതോടെ ആര്‍സിബിയുടെ സ്കോര്‍ 130/5 എന്നായി.

തൊട്ടടുത്ത ഓവറില്‍ അനുജ് റാവത്തിനെ സാം കറന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. ഇതോടെ ഇംപാക്‌ട് പ്ലേയറായി മഹിപാല്‍ ലോംറോറിനെ ആര്‍സിബി ഇറക്കി. നേരിട്ട ആദ്യ പന്തില്‍ ലോംറോര്‍ ബൗണ്ടറി നേടിയപ്പോള്‍ ദിനേശ് കാര്‍ത്തിക് ഒരു ബൗണ്ടറിയും നേടി ലക്ഷ്യം 18 പന്തില്‍ 36 റണ്‍സാക്കി മാറ്റി.

അര്‍ഷ്ദീപിനെ 18ാം ഓവറില്‍ ലോംറോര്‍ ഒരു സിക്സും ഒരു ഫോറും നേടിയപ്പോള്‍ 13 റണ്‍സാണ് ഓവറില്‍ പിറന്നത്. അവസാന രണ്ടോവറില്‍ 23 റണ്‍സായിരുന്നു ആര്‍സിബി നേടേണ്ടിയിരുന്നത്. ഹര്‍ഷല്‍ പട്ടേല്‍ എറിഞ്ഞ 19ാം ഓവറില്‍ ദിനേശ് കാര്‍ത്തിക് ഒരു സിക്സും ഒരു ഫോറും നേടിയപ്പോള്‍ ഓവറില്‍ നിന്ന് വന്ന 13 റണ്‍സ് ലക്ഷ്യം അവസാന ഓവറില്‍ പത്താക്കി മാറ്റി.

അര്‍ഷ്ദീപ് എറിഞ്ഞ അവസാന ഓവറില്‍ ഒരു സിക്സും ഒരു ഫോറും നേടി ദിനേശ് കാര്‍ത്തിക് ടീമിന്റെ വിജയം ഉറപ്പാക്കിയപ്പോള്‍ താരം 10 പന്തില്‍ 28 റണ്‍സും മഹിപാല്‍ ലോംറോര്‍ 8 പന്തില്‍ 17 റണ്‍സും നേടി പുറത്താകാതെ നിന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/194403/punjab-rcb)