---
title: "#iritty | മലയോരത്ത് ഇറച്ചിവിലക്ക് കടിഞ്ഞാണില്ല വിൽപ്പന തോന്നുംപോലെ "
english_title: "iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/194593/iritty"
published_at: "2024-03-26T16:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6602ae7b41e5f_WhatsApp_Image_2024-03-26_at_4.35.25_PM.jpeg"
keywords: []
---

# #iritty | മലയോരത്ത് ഇറച്ചിവിലക്ക് കടിഞ്ഞാണില്ല വിൽപ്പന തോന്നുംപോലെ 

> **Lead Summary:** **ഇരിട്ടി: ** ഈസ്റ്റർ അടുത്തതോടെ മലയോര മേഖലയിലെ ഇറച്ചി വില യാതൊരു നിയന്ത്രണവും ഇല്ലാതെ വർദ്ധിപ്പിച്ച് മൊത്ത വിൽപനക്കാർ. 300 മുതൽ 320 രൂപക്ക് വിറ്റിരുന്ന പന്നി ഇറച്ചി കഴിഞ്ഞ ഒരാഴ്ചയായി വില്പന നടത്തുന്നത് 380 രൂപയ്ക്കാണ്. 350 രൂപക്ക് വിറ്റിരുന്ന പോത്തിറച്ചി ഇപ്പോൾ വില്പന നടത്തുന്നത് 380 നും. ആഘോഷങ്ങൾ അടുത്തതോടെ മാർക്കറ്റിൽ കൃത്രിമ ക്ഷാമം സൃഷിടിച്ച് യാതൊരു നിയന്ത്രണവും ഇല്ലാതെയാണ് വില വർദ്ധിപ്പിക്കുന്നത്. ഇറച്ചിയുടെ വില നിശ്ചയിക്കാൻ മാർക്കറ്റിൽ മറ്റ് സംവിധാനം ഒന്നും ഇല്ലാത്തതാണ് ഇത്തരത്തിൽ തോന്നുംപോലെ വില വർദ്ധിപ്പിക്കാനുള്ള കാരണം.

## Article Content

**ഇരിട്ടി: ** ഈസ്റ്റർ അടുത്തതോടെ മലയോര മേഖലയിലെ ഇറച്ചി വില യാതൊരു നിയന്ത്രണവും ഇല്ലാതെ വർദ്ധിപ്പിച്ച് മൊത്ത വിൽപനക്കാർ. 300 മുതൽ 320 രൂപക്ക് വിറ്റിരുന്ന പന്നി ഇറച്ചി കഴിഞ്ഞ ഒരാഴ്ചയായി വില്പന നടത്തുന്നത് 380 രൂപയ്ക്കാണ്. 350 രൂപക്ക് വിറ്റിരുന്ന പോത്തിറച്ചി ഇപ്പോൾ വില്പന നടത്തുന്നത് 380 നും. ആഘോഷങ്ങൾ അടുത്തതോടെ മാർക്കറ്റിൽ കൃത്രിമ ക്ഷാമം സൃഷിടിച്ച് യാതൊരു നിയന്ത്രണവും ഇല്ലാതെയാണ് വില വർദ്ധിപ്പിക്കുന്നത്. ഇറച്ചിയുടെ വില നിശ്ചയിക്കാൻ മാർക്കറ്റിൽ മറ്റ് സംവിധാനം ഒന്നും ഇല്ലാത്തതാണ് ഇത്തരത്തിൽ തോന്നുംപോലെ വില വർദ്ധിപ്പിക്കാനുള്ള കാരണം.

എന്ത് വിലനൽകിയും ജനങ്ങൾ ഇറച്ചി വാങ്ങും എന്നുള്ള കണക്കുകൂട്ടലാണ് ഇത്തരത്തിൽ അമിതമായി വില വർദ്ധിപ്പിച്ച് അമിത ലാഭം കൊയ്യാനുള്ള ഇറച്ചി ലോബിയുടെ തന്ത്രത്തിന് പിന്നിൽ.സമീപത്തെ പല ടൗണുകളിലും ഒരുകിലോ ഇറച്ചിയിൽ 20 രൂപ വരെ വിത്യാസം ഉള്ളതായി ആണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഈസ്റ്റർ അടുത്തതോടെ കോഴിവിലയും കിലോ 10 രൂപ വരെ കൂടിയിട്ടുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കർഷകർക്ക് മറ്റൊരു ഇരുട്ടടിയാണ് വിലവർധന എന്നതിൽ യാതൊരു സംശയവും ഇല്ല .

 കഴിഞ്ഞ ഡിസംബറിലാണ് പോത്തിറച്ചിക്ക് 350 രൂപയും പന്നിക്ക് 320 രൂപയുമായി പുനർ നിർണയിച്ച് കച്ചവടം നടത്തിവന്നിരുന്നത്. ചുരുങ്ങിയ മാസങ്ങൾകൊണ്ട് പോത്തിറച്ചിക്ക് കിലോ 30 രൂപയും പന്നിക്ക് കിലോ 60 രൂപയുമാണ് ഉയർത്തിയിരിക്കുന്നത്. പന്നി ഇറച്ചി കിട്ടാനില്ല എന്ന കാരണം കാണിച്ച് വില വർദ്ധിപ്പിച്ചപ്പോൾ പോത്തിറച്ചിക്കും കൂടെ മൊത്ത വിൽപ്പനക്കാർ വില ഉയർത്തിയതായി ആണ് അറിയുവാൻ കഴിയുന്നത്. പന്നി ഫാമുകൾ വില വർധിപ്പിച്ചതാണ് ഇറച്ചിക്ക് വില ഉയരാൻ കാരണം എന്ന് മൊത്ത വിതരണക്കാർ പറയുന്നത് എങ്കിലും ഒരിക്കലും ന്യായീകരിക്കാൻ കഴിയാത്ത രീതിയിൽ കിലോക്ക് 60 രൂപയാണ് ഉയർത്തിയിരിക്കുന്നത്‌. ആനുപാതിക ഉയർച്ച എല്ലാവരും അംഗീകരിക്കുന്നുണ്ടെങ്കിലും നിയന്ത്രണങ്ങളില്ലാതെ വില ഉയർത്തുന്നതിന് എതിരെ നടപടി സ്വീകരിക്കേണ്ടത് അത്യാവശ്യമായിരിക്കുമാകയാണ്. 

കർണ്ണാടകയിൽ നിന്നും കേരളത്തെ അപേക്ഷിച്ച് കുറഞ്ഞ വിലയിൽ എത്തിയിരുന്ന പന്നികളെ കേരളത്തിലെ ഒരു സംഘത്തിന്റെ എതിർപ്പിനെ തുടർന്ന് നിർത്തിച്ചിരുന്നു. കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായ പന്നിപ്പനി കാരണം ചെറുകിട ഫാമുകൾ പലതും അടച്ചുപൂട്ടിയിരുന്നു. ഇതും പന്നി ഇറച്ചി വില വർധിക്കാൻ കാരണം എന്നാണ് മൊത്ത വ്യാപാരികൾ പറയുന്നത്. മലയോരത്തെ കോഴി കടകളിൽ നിന്നും കോഴി വേസ്റ്റുകൾ മട്ടന്നൂർ നഗര സഭയിൽ നിന്നുള്ള വാഹനം എത്തി ശേഖരിക്കുന്നതുകൊണ്ട് ചെറുകിട ഫാമുകൾക്ക് പന്നിക്ക് ഭക്ഷണമായി നൽകാറുള്ള കോഴിവേസ്റ്റുകൾ ലഭിക്കാത്തത് ചെറുകിട ഫാമുകളെ ബാധിക്കുന്നു. ഇതോടെ പല ചെറുകിട ഫാമുകളും നിർത്തിപോകുകയും മാർക്കറ്റിൽ പന്നിയെ കിട്ടാനില്ലാതെ വന്നതോടെ ആണ് വില വർധിപ്പിക്കേണ്ടി വന്നത് എന്നാണ് വ്യാപാരികൾ പറയുന്നത്. കർണ്ണാടകയിൽ നിന്നും പോത്തുകളെ എത്തിക്കാൻപറ്റാതെ വന്നതാണ് പോത്തിറച്ചിക്കും വില കൂട്ടേണ്ടി വന്നത് എന്നാണ് മൊത്ത കച്ചവടക്കാരുടെ നിലപാട്. എങ്കിലും ആരാണ് വില ഉയർത്തിയെതെന്നോ ഉയർത്താനുള്ള കാരണമോ ചെറുകിട കച്ചവടക്കരക്ക് അറിയില്ല.

എല്ലാ ടൗണുകളും കേന്ദ്രീകരിച്ച് നടന്നുവരുന്ന ചെറുകിട കച്ചവടക്കാർ ഇതോടെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. നിയന്ത്രണം ഇല്ലാതെ വില വർധിപ്പിച്ചതിന്റെ ആശങ്ക പങ്കുവെയ്ക്കുന്ന അവർ തങ്ങൾക്ക് ലഭിക്കുന്ന വിലയിൽ നിന്നും ലാഭം കണക്കാക്കി ഉയർന്ന വിലക്ക് വിൽക്കേണ്ടി വരുന്നു. ജനങ്ങളുടെ നേരിട്ടുള്ള പ്രതികരണങ്ങൾ അധികവും ഇവർതന്നെയാണ് കേൾക്കേണ്ടിവരുന്നതും. കോഴിത്തീറ്റയുടെ വില വർദ്ധനവും മറ്റും ജനങ്ങൾക്ക് അറിവുള്ളതാണെങ്കിലും പന്നിക്ക് സാധാരണയായി നൽകുന്നത് പണം മുടക്കില്ലാത്ത കോഴി വേസ്റ്റാണ്. പന്നി ഫാമുകൾ പ്രവർത്തിക്കുന്ന മേഖലയിൽ നഗര സഭ വാഹനത്തിൽ വേസ്റ്റ് കൊടുത്തുവിടണം എന്ന് പഞ്ചായത്തുകൾ ശഠിക്കാതെ പ്രാദേശികമായ കൃഷിക്കാരെ സഹായിക്കേണ്ടത് ഇത്തരം വിലക്കയറ്റത്തെ പിടിച്ചുനിർത്താൻ കഴിയും. ഇറച്ചിയുടെ വില നിയന്ത്രിക്കാൻ സംവിധാനങ്ങൾ ഒന്നുമില്ലാത്തതാണ്  ഇത്തരം കുത്തക ലോബികളുടെ കൊള്ളക്ക് കാരണം. പ്രാദേശിക ഭരണ സംവിധാനങ്ങൾ പ്രശ്നത്തിൽ അടിയന്തിരമായി ഇടപെട്ട് വില നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയില്ലെങ്കിൽ ഇത്തരം പകൽ കൊള്ളകൾ നാട്ടിൽ അരങ്ങേറും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/194593/iritty)