---
title: "സിദ്ധാര്‍ഥന്‍ കേസിൽ രേഖകൾ സിബിഐക്ക് കൈമാറാത്ത സംഭവം; മൂന്ന് പേരെ സസ്പെൻഡ് ചെയ്തു"
english_title: "Suspended "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/194635/suspended"
published_at: "2024-03-26T20:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6602de6b95fd0_n594929486171146386933234077e6676d92f003fb87e993282be48ee0aa10ad5e32d72eff8d429a5ba4701.jpg"
keywords: []
---

# സിദ്ധാര്‍ഥന്‍ കേസിൽ രേഖകൾ സിബിഐക്ക് കൈമാറാത്ത സംഭവം; മൂന്ന് പേരെ സസ്പെൻഡ് ചെയ്തു

> **Lead Summary:** **തിരുവനന്തപുരം: **പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ഥന്‍ മരിച്ച കേസില്‍ സിബിഐ അന്വേഷണം വൈകിപ്പിച്ചതില്‍ നടപടിയുമായി സർക്കാർ. പെര്‍ഫോമ റിപ്പോര്‍ട്ട് അടക്കമുള്ളവ സിബിഐക്ക് കൈമാറുന്നതില്‍ വീഴ്ചവരുത്തിയ ആഭ്യന്തര വകുപ്പിലെ എം സെക്ഷനിലെ ഡെപ്യൂട്ടി സെക്രട്ടറി ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു.

## Article Content

**തിരുവനന്തപുരം: **പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ഥന്‍ മരിച്ച കേസില്‍ സിബിഐ അന്വേഷണം വൈകിപ്പിച്ചതില്‍ നടപടിയുമായി സർക്കാർ. പെര്‍ഫോമ റിപ്പോര്‍ട്ട് അടക്കമുള്ളവ സിബിഐക്ക് കൈമാറുന്നതില്‍ വീഴ്ചവരുത്തിയ ആഭ്യന്തര വകുപ്പിലെ എം സെക്ഷനിലെ ഡെപ്യൂട്ടി സെക്രട്ടറി ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു.

ആഭ്യന്തര വകുപ്പിലെ എം സെക്ഷനിലെ ഡെപ്യൂട്ടി സെക്രട്ടറി പ്രശാന്ത, സെക്ഷൻ ഓഫീസര്‍ ബിന്ദു, ഓഫീസ് അസിസ്റ്റന്‍റ് അഞ്ജു എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

കേസില്‍ സിബിഐ അന്വേഷണത്തിനുള്ള വിജ്ഞാപനം കഴിഞ്ഞ ഒന്പതിന് ഇറക്കിയിരുന്നെങ്കിലും കേസിന്‍റെ പെര്‍ഫോമ റിപ്പോര്‍ട്ട് കൈമാറാത്തതിനാല്‍ സിബിഐ അന്വേഷണം ഏറ്റെടുത്തിരുന്നില്ല. രേഖകള്‍ വൈകിപ്പിച്ചതിന്‍റെ കാരണം കണ്ടെത്തണമെന്ന് ആഭ്യന്തര സെക്രട്ടറിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.

തുടർന്ന് ആഭ്യന്തര സെക്രട്ടറി ഇവരോട് വിശദീകരണം ചോദിച്ചിരുന്നു. വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് നടപടി. സിദ്ധാർഥന്‍റെ പിതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനെ തുടർന്ന് ഈ മാസം ഒന്പതിനാണ് കേസ് സിബിഐയ്ക്ക് വിട്ട് സർക്കാര്‍ വിജ്ഞാപനം ഇറക്കിയത്.

16നാണ് വിജ്ഞാപനത്തിന്‍റെ പകർപ്പ് കൊച്ചിയിലെ സിബിഐ ഓഫീസിലേക്ക് അയച്ചത്. സിബിഐ അന്വേഷണം സർക്കാർ വൈകിപ്പിക്കുന്നു എന്ന് സിദ്ധാർഥന്‍റെ കുടുംബം ആരോപിച്ചതിനു പിന്നാലെ അന്വേഷണത്തിന്‍റെ വിശദാംശങ്ങള്‍ അടങ്ങിയ രേഖകള്‍ സിബിഐക്ക് കൈമാറിയിട്ടില്ലെന്ന വിവരം പുറത്തുവന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/194635/suspended)