---
title: "വയോധികയുടെ കൊലപാതകം അന്വേഷണം ഊർജിതം"
english_title: "Investigation "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/194644/investigation"
published_at: "2024-03-26T20:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6602e625a3351_n594665842171137477647161e15867cc1de66902a0ff4c624aea6a8785cc83c45888dd4fe54c66b15e7a77.jpg"
keywords: []
---

# വയോധികയുടെ കൊലപാതകം അന്വേഷണം ഊർജിതം

> **Lead Summary:** **കൊച്ചി: **കോതമംഗലത്ത് ചേലാടിന് സമീപം കള്ളാട് വയോധികയെ കൊലപ്പെടുത്തി സ്വര്‍ണാഭരണം കവര്‍ന്ന സംഭവത്തില്‍ പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊർജിതം. കള്ളാട് ചെങ്ങമനാട്ട് പരേതനായ ഏലിയാസിന്‍റെ ഭാര്യ സാറാമ്മ ആണ് കൊല്ലപ്പെട്ടത്.

## Article Content

**കൊച്ചി: **കോതമംഗലത്ത് ചേലാടിന് സമീപം കള്ളാട് വയോധികയെ കൊലപ്പെടുത്തി സ്വര്‍ണാഭരണം കവര്‍ന്ന സംഭവത്തില്‍ പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊർജിതം. കള്ളാട് ചെങ്ങമനാട്ട് പരേതനായ ഏലിയാസിന്‍റെ ഭാര്യ സാറാമ്മ ആണ് കൊല്ലപ്പെട്ടത്.

**കഴുത്തില്‍ ആഴത്തിലുള്ള മുറിവ്**

കഴുത്തിന് ഇടതു വശത്ത് 12 സെന്‍റീമീറ്റർ ആഴത്തിലുള്ള മുറിവാണ് സാറാമ്മയുടെ മരണത്തിനിടയാക്കിയത്. കഴുത്തറുത്ത് കൊലപ്പെടുത്തിയതായാണ് പോലീസ് പരിശോധനയില്‍ വ്യക്തമായിട്ടുള്ളത്. പോസ്റ്റ്മോർട്ടത്തിന് ശേഷമേ കൂടുതല്‍ വ്യക്തയുണ്ടാകൂ.

പുലർച്ചെ രണ്ടോടെയാണ് പോലീസ് മഹസർ നടപടികള്‍ പൂർത്തീകരിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഏതാനും അതിഥി തൊഴിലാളികളെ തിങ്കളാഴ്ച വൈകിട്ട് തന്നെ ചോദ്യം ചെയ്തിരുന്നു. ഇവരില്‍ മൂന്ന് പേർ ഇപ്പോഴും പോലീസ് കസ്റ്റഡിയിലാണ്.

ഉന്നത പോലീസ് സംഘവും വിരലടയാള വിദഗ്ധരും തിങ്കളാഴ്ച സംഭവ സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചിരുന്നു. രാത്രിയോടെ ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ പോലീസ് അന്വേഷണം ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്.

തിങ്കളാഴ്ച ഉച്ചക്ക് 1.30നും 3.30നും ഇടയ്ക്കാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക നിഗമനം. കൃത്യം നടത്താന്‍ ഉപയോഗിച്ച ആയുധം എന്താണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. നാടിനെ നടുക്കിയ കൊലപാതകം അറിഞ്ഞതോടെ നൂറുകണക്കിനാളുകളാണ് തിങ്കളാഴ്ച സംഭവം നടന്ന വീടിനു മുൻപില്‍ തടിച്ചുകൂടിയത്.

**തെളിവ് നശിപ്പിക്കാന്‍ മഞ്ഞള്‍പ്പൊടി വിതറി**

വീടിന് അകത്തെ ഹാളിലാണ് മൃതദേഹം കിടന്നിരുന്നത്. ചുറ്റും രക്തം തളംകെട്ടികിടന്നിരുന്നു. കൃത്യം നിര്‍വഹിച്ച ശേഷം തെളിവ് നശിപ്പിക്കാന്‍ മഞ്ഞള്‍പൊടി വിതറിയശേഷമാണ് കൊലപാതകികള്‍ രക്ഷപ്പെട്ടത്.

ഉച്ചക്ക് ഒന്നുവരെ വീടിന് മുന്‍വശത്ത് സാറാമ്മയെ പരിസരവാസികള്‍ കണ്ടിരുന്നു. റബര്‍ തോട്ടത്തിന് നടുവിലെ വീട്ടില്‍ സാറാമ്മയും മകനും ഭാര്യയും മാത്രമാണ് താമസിച്ചിരുന്നത്. മകന്‍ എല്‍ദോസും ഭാര്യ സില്‍ജുവും രാവിലെ വീട്ടില്‍നിന്നും പോയശേഷം സാറാമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. എല്‍ദോസ് ചേലാട് പള്ളിക്ക് കീഴിലെ സ്‌കൂള്‍ ചെയര്‍മാനും സില്‍ജു അതേ സ്‌കൂളിലെ അധ്യാപികയുമാണ്.

**ആറ് പവന്‍റെ സ്വർണാഭരണങ്ങള്‍ നഷ്ടമായി**

സില്‍ജു വൈകിട്ട് മൂന്നരയോടെ വീട്ടിലെത്തിയപ്പോഴാണ് സാറാമ്മ കൊല ചെയ്യപ്പെട്ട വിവരം പുറംലോകമറിയുന്നത്. കോതമംഗലം പോലീസ് ഉടൻ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മോഷണശ്രമത്തിനിടെയാകാം കൊലപാതകമെന്നാണ് കരുതുന്നത്.

സാറാമ്മയുടെ മാലയും നാല് വളയും ഉള്‍പ്പടെയുള്ള ആറ് പവന്‍റെ സ്വർണാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. സാറാമ്മയുടെ വലതു കൈയില്‍ ചോറിന്‍റെ അംശം കണ്ടെത്തിയിട്ടുണ്ട്. ഉച്ച ഭക്ഷണം കഴിച്ച്‌ കൊണ്ടിരിക്കുമ്ബോഴാണ് അക്രമികള്‍ എത്തിയതെന്ന് കരുതുന്നു. വീടിനുള്ളില്‍ മല്‍പ്പിടുത്തം നടന്നതിന്‍റെ ലക്ഷണവുമുണ്ട്. ഡൈനിംഗ് ടേബിളിന്‍റെ കസേര മറിഞ്ഞുകിടക്കുന്ന നിലയിലാണ്.

കൊലപാതകശേഷം പിന്‍വാതിലിലൂടെയാണ് അക്രമികള്‍ രക്ഷപ്പെട്ടതെന്നാണ് നിഗമനം. ഈ ഭാഗത്തും മഞ്ഞള്‍പൊടി വിതറിയിട്ടുണ്ട്. ഇവരുടെ വീടിന്‍റെ തൊട്ടുചേര്‍ന്ന് മറ്റ് വീടുകളില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/194644/investigation)