---
title: "ഓണ്‍ലൈൻ ട്രേഡിങ്: ഇടപാടുകൾ ബന്ദിയാക്കിയ യുവാവിനെ മോചിപ്പിച്ചു; അഞ്ചുപേർ അറസ്റ്റിൽ"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/195417/arrested"
published_at: "2024-03-29T18:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6606c1fc6aaca_n5957685961711718778519762b45d26699b7cdf53553ba8a4720dd289ac2fb7d4d1895afde22a180778182.jpg"
keywords: []
---

# ഓണ്‍ലൈൻ ട്രേഡിങ്: ഇടപാടുകൾ ബന്ദിയാക്കിയ യുവാവിനെ മോചിപ്പിച്ചു; അഞ്ചുപേർ അറസ്റ്റിൽ

> **Lead Summary:** **മലപ്പുറം: **ഓണ്‍ലൈൻ ട്രേഡിങ് വഴി നഷ്ടമായ പണം തിരികെ കിട്ടാൻ ഇടപാടുകാർ ബന്ദിയാക്കിയ യുവാവിനെ മോചിപ്പിച്ചു. വണ്ടൂരിലെ ആള്‍പ്പാർപ്പില്ലാത്ത വീട്ടില്‍ തടവില്‍ കഴിഞ്ഞ യുവാവിനെ പൊലീസ് എത്തി രക്ഷപ്പെടുത്തുകയായിരുന്നു. 

## Article Content

**മലപ്പുറം: **ഓണ്‍ലൈൻ ട്രേഡിങ് വഴി നഷ്ടമായ പണം തിരികെ കിട്ടാൻ ഇടപാടുകാർ ബന്ദിയാക്കിയ യുവാവിനെ മോചിപ്പിച്ചു. വണ്ടൂരിലെ ആള്‍പ്പാർപ്പില്ലാത്ത വീട്ടില്‍ തടവില്‍ കഴിഞ്ഞ യുവാവിനെ പൊലീസ് എത്തി രക്ഷപ്പെടുത്തുകയായിരുന്നു. 

മലപ്പുറം എടവണ്ണയില്‍ നിന്നാണ് യുവാവിനെ തട്ടിക്കൊണ്ടു പോയത്. സംഭവത്തില്‍ അഞ്ചു പേർ അറസ്റ്റിലായി. എടവണ്ണ ഐന്തൂർ സ്വദേശികളായ അജ്മല്‍, ഷറഫുദ്ദീൻ, പത്തിപ്പിരിയം സ്വദേശി അബൂബക്കർ, വി.പി. ഷറഫുദ്ദീൻ, വിപിൻ ദാസ് എന്നിവരാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

കാളികാവ് സ്വദേശിയായ യുവാവ് ഓണ്‍ലൈൻ ട്രേഡിങ്ങില്‍ പണം നിക്ഷേപിച്ചാല്‍ വലിയ ലാഭം ലഭിക്കുമെന്ന് പറഞ്ഞാണ് അഞ്ചു പേരെ സമീപിച്ചത്. അഞ്ചു പേർ ചേർന്ന് 50 ലക്ഷത്തിലധികം രൂപ യുവാവിന് നല്‍കുകയും ചെയ്തു. ആദ്യ ഘട്ടത്തില്‍ കുറച്ച്‌ പണം ലാഭവിഹിതമായി ലഭിച്ചെങ്കിലും പിന്നീട് യാതൊരു വിവരവുമില്ലായിരുന്നു. 

ഇടപാടുമായി ബന്ധപ്പെട്ട വിഷയം സംസാരിക്കാനായി യുവാവിനെ വിളിച്ചു വരുത്തിയ അഞ്ചംഗ സംഘം വണ്ടൂരിലെ ആള്‍പ്പാർപ്പില്ലാത്ത വീട്ടില്‍ പൂട്ടിയിടുകയായിരുന്നു. ശേഷം യുവാവിന്‍റെ വീട്ടുകാരെ വിവരം അറിയിച്ചു. 

യുവാവില്‍ നിന്ന് പണം ലഭിക്കില്ലെന്ന് ബോധ്യപ്പെട്ടതോടെ കുടുംബത്തെ ഭീഷണിപ്പെടുത്തി. പിന്നീട് എടവണ്ണയിലെ ഒരു വീട്ടിലേക്ക് യുവാവിനെ മാറ്റി. എടവണ്ണ പൊലീസ്, വണ്ടൂർ പൊലീസ്, എസ്.പിയുടെ സ്പെഷ്യല്‍ സ്ക്വാഡ് എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് യുവാവിനെ കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/195417/arrested)