---
title: "നടിയെ ആക്രമിച്ച കേസിലെ  പുതിയ വെളിപ്പെടുത്തലുകളെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘം"
english_title: "Special investigation for actress assault case"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/19558/special-investigation-for-actress-assault-case"
published_at: "2022-01-07T08:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d7a6c53df10_images - 2022-01-07T080434.655.jpeg"
keywords: []
---

# നടിയെ ആക്രമിച്ച കേസിലെ  പുതിയ വെളിപ്പെടുത്തലുകളെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘം

> **Lead Summary:** കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പുതിയ വെളിപ്പെടുത്തലുകളെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘം. ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലായിരിക്കും തുടരന്വേഷണം. ഡിവൈഎസ്പി ബൈജു പൗലോസ് ആണ് അന്വേഷണ ഉദ്യോഗസ്ഥൻ. ക്രൈംബ്രാഞ്ച് ഐ ജി കെ പി ഫിലിപ്പ്, എസ് പിമാരായ കെ എസ് സുദർശൻ, എം ജെ സോജൻ, നെടുമ്പാശ്ശേരി സിഐ പി എം ബൈജു എന്നിവരാണ് സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥർ.

## Article Content

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പുതിയ വെളിപ്പെടുത്തലുകളെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘം. ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലായിരിക്കും തുടരന്വേഷണം. ഡിവൈഎസ്പി ബൈജു പൗലോസ് ആണ് അന്വേഷണ ഉദ്യോഗസ്ഥൻ. ക്രൈംബ്രാഞ്ച് ഐ ജി കെ പി ഫിലിപ്പ്, എസ് പിമാരായ കെ എസ് സുദർശൻ, എം ജെ സോജൻ, നെടുമ്പാശ്ശേരി സിഐ പി എം ബൈജു എന്നിവരാണ് സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥർ.

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി എടുക്കാന്‍ എറണാകുളം സിജെഎം കോടതി അനുമതി നൽകിയിരുന്നു. ഇതിനായി ഒരു മജിസ്‌ട്രേറ്റിനെ കോടതി ചുമതലപ്പെടുത്തും. സംവിധായകന് സമന്‍സ് അയച്ച ശേഷം തീയതി തീരുമാനിച്ചാകും രഹസ്യമൊഴി രേഖപ്പെടുത്തുക. കേസ് അട്ടിമറിക്കാനും വിചാരണ തടസ്സപ്പെടുത്താനും നടന്‍ ദിലീപും ബന്ധുക്കളും ശ്രമിക്കുന്നതിന്റെ ശബ്ദരേഖകളടക്കമുള്ള തെളിവുകള്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പുറത്തുവിട്ടിരുന്നു.

നടിയെ ആക്രമിച്ച ശേഷം പള്‍സര്‍ സുനി പകര്‍ത്തിയ ആക്രമണദൃശ്യങ്ങള്‍ ദിലീപ് കണ്ടതായി ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തി. ദിലീപ് ബാലചന്ദ്രകുമാറിനെ തിരുവനന്തപുരത്ത് കാണാന്‍ വന്നുവെന്നും ഇതിന് തെളിവെന്ന പേരില്‍ വാട്‌സാപ്പില്‍ അയച്ച ഓഡിയോ മെസ്സേജും സംവിധായകന്‍ പുറത്തുവിട്ടിരുന്നു. പ്രാഥമിക പരിശോധനയില്‍ ബാലചന്ദ്രകുമാര്‍ പുറത്തുവിട്ട തെളിവുകളില്‍ കഴമ്പുണ്ടെന്ന് വിലയിരുത്തിയാണ് രഹസ്യമൊഴിയെടുക്കാന്‍ അന്വേഷണസംഘം എറണാകുളം സിജെഎം കോടതിയില്‍ അപേക്ഷ നല്‍കിയത്. നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപും പള്‍സര്‍ സുനിയും അടക്കമുള്ള  പ്രതികളെ വീണ്ടും ചോദ്യം ചെയ്യും.

ബാലചന്ദ്രകുമാറിന്റെ മൊഴി രേഖപ്പെടുത്തി മുദ്രവെച്ച കവറില്‍ വിചാരണ കോടതിയിൽ  സമര്‍പ്പിച്ചിരുന്നു. ഇതിന് പുറമേയാണ് മൊഴി മാറ്റം ഒഴിവാക്കുന്നതിനായി രഹസ്യമൊഴിയെടുക്കാന്‍ അന്വേഷണം സംഘം തീരുമാനിച്ചത്. ദിലീപ് നല്‍കിയ ക്വട്ടേഷന്‍ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസില്‍ പള്‍സര്‍ സുനിയെയും ദിലീപിനെയും വീണ്ടും ചോദ്യം ചെയ്യാനാണ് നീക്കം. ഫെബ്രുവരി 16 ന് വിചാരണ അവസാനിപ്പിച്ച് വിധി പറയണമെന്ന് സുപ്രീം കോടതി നിര്‍ദേശമുള്ളതിനാല്‍ ഈ മാസം 20 ന് തുടരന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ വിചാരണക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് അന്വേഷണ സംഘത്തിന്റെ തിരക്കിട്ട നീക്കം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/19558/special-investigation-for-actress-assault-case)