---
title: "ശ്രീരാമൻ്റെ പേരിൽ വോട്ട് തേടി; എ പി അബ്ദുള്ള കുട്ടിക്കെതിരെ പരാതി"
english_title: "Seeking votes in the name of Lord Ram; Complaint Against A P AbdullaKutty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/196052/seeking-votes-in-the-name-of-lord-ram-complaint-against-a-p-abdullakutty"
published_at: "2024-04-01T16:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660a960211ee7_suresh_gopi.jpg"
keywords: []
---

# ശ്രീരാമൻ്റെ പേരിൽ വോട്ട് തേടി; എ പി അബ്ദുള്ള കുട്ടിക്കെതിരെ പരാതി

> **Lead Summary:** തൃശ്ശൂർ : മതവിശ്വാസത്തിന്റെ പേരില്‍ എൻ ഡി എ സ്ഥാനാര്‍ത്ഥിക്കുവേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ചത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി എൽഡിഎഫ് . മാർച്ച് 30 ന് വൈകിട്ട് ഇരിങ്ങാലക്കുട ഠാണാ പൂതംകുളം മൈതാനിയില്‍ വെച്ച് എൻ ഡി എ സ്ഥാനാര്‍ത്ഥി സുരേഷ്‌ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ വെച്ച് ബി ജെ പി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടിയാണ് ഹിന്ദുമത വിശ്വാസികളുടെ ആരാധനാദൈവമായ ശ്രീരാമന്റെ പേരു പറഞ്ഞുകൊണ്ട് സുരേഷ്‌ഗോപിയ്ക്ക് വോട്ട് അഭ്യര്‍ത്ഥിച്ചതെന്ന് എൽ ഡി എഫ് പരാതിയിൽ പറയുന്നു.

## Article Content

തൃശ്ശൂർ : മതവിശ്വാസത്തിന്റെ പേരില്‍ എൻ ഡി എ സ്ഥാനാര്‍ത്ഥിക്കുവേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ചത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി എൽഡിഎഫ് . മാർച്ച് 30 ന് വൈകിട്ട് ഇരിങ്ങാലക്കുട ഠാണാ പൂതംകുളം മൈതാനിയില്‍ വെച്ച് എൻ ഡി എ സ്ഥാനാര്‍ത്ഥി സുരേഷ്‌ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ വെച്ച് ബി ജെ പി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടിയാണ് ഹിന്ദുമത വിശ്വാസികളുടെ ആരാധനാദൈവമായ ശ്രീരാമന്റെ പേരു പറഞ്ഞുകൊണ്ട് സുരേഷ്‌ഗോപിയ്ക്ക് വോട്ട് അഭ്യര്‍ത്ഥിച്ചതെന്ന് എൽ ഡി എഫ് പരാതിയിൽ പറയുന്നു.

അബ്ദുള്ളക്കുട്ടിയുടെ പ്രവൃത്തി നിയമപരമായി തെറ്റാണെന്ന് മാത്രമല്ല ഇന്ത്യന്‍ ശിക്ഷാനിയമം 171 C പ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്. സമ്മേളനത്തില്‍ നിര്‍ദ്ദിഷ്ട സ്ഥാനാര്‍ത്ഥി സുരേഷ്‌ഗോപി സന്നിഹിതനായിരുന്നു. 'ശ്രീരാമ ഭഗവാനെ മനസ്സില്‍ ധ്യാനിച്ചുകൊണ്ട് സുരേഷ്‌ഗോപിയ്ക്ക് വോട്ട് ചെയ്യണം' എന്ന അഭ്യര്‍ത്ഥനയാണ് എ പി അബ്ദുള്ളക്കുട്ടി നടത്തിയത്.

സ്ഥാനാര്‍ത്ഥി സുരേഷ്ഗോപിയുടെ സാന്നിദ്ധ്യത്തില്‍ അദ്ദേഹത്തിന്റെ അറിവോടും സമ്മതത്തോടുംകൂടിയും ഹിന്ദുമത വിശ്വാസികള്‍ സുരേഷ്‌ഗോപിയ്ക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടും കരുതലോടും കൂടിയാണ് എ പി അബ്ദുള്ളക്കുട്ടി ഇത്തരത്തിൽ വോട്ടര്‍മാരോട് വോട്ട് അഭ്യര്‍ത്ഥിച്ചതെന്നും ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തി സുരേഷ്ഗോപിക്കെതിരെയും ബി ജെ പി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടിക്കെതിരെയും തക്ക നിയമനടപടികള്‍ സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. എൽ ഡി എഫ് തൃശൂർ പാർലമെൻ്റ് മണ്ഡലം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജന.സെക്രട്ടറി കെ പി രാജേന്ദ്രനാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/196052/seeking-votes-in-the-name-of-lord-ram-complaint-against-a-p-abdullakutty)